പരമശിവനാണേ, പരമാർത്ഥമാണ് ഈയുള്ളവൻ പറയുന്നത്. ടൂൾകിറ്റിന്റെ ഈ തലക്കെട്ട് നിങ്ങൾ ഇതിനുമുമ്പ് കേട്ടുകാണാനിടയില്ല. ഇതെന്തു കുന്തമാണെന്നു തോന്നിയോ..? വായിൽ തോന്നുന്നതൊക്കെ എഴുതി വയ്ക്കാനുള്ള ഇടമല്ല ടൂൾ കിറ്റെന്നുമറിയാം. സത്യത്തിൽ എന്റെ മനസിലുള്ളവൾക്കു പറ്റിയ മറ്റൊരു പേര് ശ്രീകണ്ഠേശ്വരം ജി. പത്മനാഭപ്പിള്ളയുടെ ശബ്ദതാരാവലി അരിച്ചുപെറുക്കിയിട്ടും കിട്ടിയില്ല. ഇനി വല്ല വാമൊഴിയിലോ, വരമൊഴിയിലോ ഉണ്ടോയെന്നും നോക്കി. കണ്ണുകഴച്ച് തളർന്നവശനായി കോട്ടുവായിട്ട്, ഇനി വരുന്നതു എന്തുംവരട്ടെ..!, എന്നു നിരൂപിച്ച് മുക്കോടി ദൈവങ്ങളെ മനസിലോർത്തുകൊണ്ട് ഇട്ടതാണ് 'അപ്പിളിദുർഗ്ളി'.
പലതും പരതിയിട്ടും പച്ചമലയാളത്തിൽ നമ്മുടെ വിചാരവിഷയാത്മക കഥാനായികയ്ക്ക് പറ്റിയ പേരുകണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ എനിക്കു വിളിക്കേണ്ടി വന്നു ഇങ്ങിനെ. ചരിത്രത്തിൽ ഇതിനു സാമ്യമുള്ളൊരു നാമം ഇതിനു മുമ്പു പരേതനായ എം.ആർ. നായർ എന്ന സാക്ഷാൽ സഞ്ജയൻ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്.
ഇങ്ങനെയൊരു പുതിയ പേരുകൊണ്ട് അലങ്കരിക്കപ്പെടാൻ മാത്രം അപ്പിളിദുർഗ്ളിക്ക് എന്തു മഹാത്മ്യമാണുള്ളതെന്ന് നിങ്ങൾ ചോദിച്ചേക്കാം. അതുപറയാം: അവൾ ഒരു വ്യക്തിയല്ല, അവൾ ഇന്നലെ ഇല്ലാതിരുന്നവളോ, നാളെ ഉണ്ടാകാതിരിക്കുന്നവളോ അല്ല, നിത്യനിതാന്തമാണ്. ഏതുസമുദായവിഭാഗത്തിലും നാട്ടുമുക്കിലും കാട്ടുമുക്കിലും നഗരമധ്യത്തിലും കാണാം.
ഇപ്പോഴിത് ഛത്തീസ്ഗഢിലെ ഒരു റെയിൽവേ സ്റ്റേഷനിലാണ് കണ്ടത്. അരങ്ങേറ്റം മോശമല്ല.
'ഛത്തീസ്ഗഢിലെത്തിയ വിവരവും വിദ്യാഭ്യസവുമുള്ള കന്യാസ്ത്രീകളുടെ താടിയെല്ല് തകർക്കുമെന്ന് ആക്രോശിച്ച ബജ്രംഗ്ദൾ നേതൃമൂശാട്ടയ്ക്ക് വീട്ടുകാരിട്ട പേരിനോട് യോചിക്കാൻ കഴിയുന്നില്ല. അവൾക്ക് ചേരുന്ന നാമം 'അപ്പിളിദുർഗ്ളി' എന്നുതന്നെ..! അതു കുറഞ്ഞുപോയെന്നാക്ഷേപമുള്ളവർക്ക് മറ്റു പേരുകൾ കണ്ടുപിടിക്കാവുന്നതാണ്.
ഹിന്ദു എന്ന പരിപാവനവും വിശാലവുമായ മതത്തിന്റെ വീക്ഷണത്തിനു കടകവിരുദ്ധമായി പെരുമാറുന്ന ഇവൾ ഏതുലോകത്താണ് ജീവിക്കുന്നത്.
ഛത്തീസ്ഗഢിലെ ആദിവാസി സമൂഹം എലിയെ ചുട്ടുതിന്നു കാലം കഴിച്ചാൽ മതിയെന്ന മേൽജാതിക്കാരുടെ ഹുങ്കാരത്തിന്റെ കുത്തക ഏറ്റെടുത്താണി അപ്പിളിദുർഗ്ളി അഹങ്കരിക്കുന്നത്. രണ്ടു പാവം പിടിച്ച മലയാളി കന്യാസ്ത്രീകൾ മിണ്ടാപ്രാണികളെപ്പോലെ ആദ്യം റെയിൽവേ സ്റ്റേഷനിലും പിന്നീട് ജയിലിലും ഇരിക്കുന്നത് മനഃസാക്ഷിയുള്ളവരെ ഞെട്ടിപ്പിക്കുന്നതാണ്. ക്രിസംഘികളായ അഭിനവ ജൂതാസുമാർ ഞെട്ടില്ലായിരിക്കാം. എന്നാൽ അവരെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധം ഇരമ്പവേ ആ അപ്പിളിദുർഗ്ളി തന്റെ നിലപാടിൽ പാറയേക്കാൾ കടുകടുപ്പത്തിൽ ഉറച്ച് നിൽക്കുന്നതും കാണാം.
വിഷലിപ്തമായ പ്രത്യയശാസ്ത്രവുമായി അവർ ആ കന്യാസ്ത്രീകളേയും കൂടെയുള്ളവരേയും അക്ഷരാർത്ഥത്തിൽ പീഡിപ്പിക്കുകയാണ്. സഞ്ചാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുകയാണ്.
എന്തായാലും 'സബ്കാ സാത്ത്, സബ്കാ വികാസ് എല്ലാവരുടെയും വിശ്വാസത്തോടെ, എല്ലാവർക്കും വികസനം..! എന്ന ബി.ജെ.പിയുടെ ജീവമന്ത്രം ഇങ്ങനെയാണോ പ്രാവർത്തികമാക്കുന്നത്..?
അത്തരമൊരു സംശയം ഉത്തരമില്ലാതെ തെക്കുവടക്കലഞ്ഞുതിരിയുന്നു. അതിനിടയിലും ശുഭാപ്തിവിശ്വാസം അതല്ലെ എല്ലാം എന്നാശ്വസിക്കുകയല്ലാതെന്തുചെയ്യാൻ..!
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്