കാലം പോയതറിഞ്ഞില്ല. വയസ്സ് 85 ആയി. ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ എന്തുകൊണ്ടും പ്രാപ്തനായ വ്യക്തി. പ്രധാനമന്ത്രീപദം കപ്പിനും ചുണ്ടിനും ഇടയ്ക്ക് നഷ്ടപ്പെട്ടെങ്കിലും ഇക്കണ്ട കാലമത്രയും പൊരുതിനിന്ന ചാണക്യൻ.
അതേ, ശരദ്ചന്ദ്ര ഗോവിന്ദറാവു പവാറിന്റെ കാര്യം തന്നെയാണ് പറഞ്ഞുവരുന്നത്.
മഹാരാഷ്ട്രയിലെ ബോംബെയിലുള്ള ബാരാമതിയിൽ ഗോവിന്ദറാവു പവാറിന്റെയും ശാരദാഭായിയടേയും മകനായി 1940 ഡിസംബർ 12ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ബി.എം.സി.സി കോളേജിൽ ചേർന്ന് ബിരുദം നേടി.
ബി.കോമാണ് വിദ്യാഭ്യാസ യോഗ്യത. അങ്ങ് ലാറ്റിൻ അമേരിക്കയിലെ മഹാസാഹിത്യകാരനായ ഗബ്രിയേൽ ഗാർസിയ മാർക്വെസിന്റെ സങ്കല്പത്തിലെ കുലപതിയല്ല. പവാർ എന്ന വ്യക്തി. മാർക്വെസിന്റെ കുലപതി ഏകാധിപതികളുടെ പ്രതീകമാണ്. പശ്ചാത്തപിക്കാനുള്ള വിമുഖതയും മറ്റുള്ളവരുടെ അവകാശങ്ങളോടുള്ള അനാദരവുമാണ് ഏകാധിപതികളുടെ മുഖമുദ്രയെങ്കിൽ പവാർ അതിൽപെടില്ല. സമവായത്തിന്റെ തേനരുവി ഒഴുക്കേണ്ടിടത്ത് മടികൂടാതെ ഒഴുക്കാനറിയാം പവാറിന്.
ബ്രിഹൻ മഹാരാഷ്ട്ര കോളേജിൽ പഠിക്കുമ്പോൾ യൂണിയൻ തിരഞ്ഞെടുപ്പിൽ പവാർ തോൽപിച്ച വിത്തൽ മണിയാർ പിന്നീട് പവാറിന്റെ ഏറ്റവും അടുത്ത സുഹൃത്തായി. 2001ൽ അജിത് വഡേക്കറെ തോൽപിച്ചാണ് പവാർ ആദ്യമായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായത്. വിജയാഘോഷത്തിന് മുമ്പ് പവാർ എന്തു മാന്ത്രികവിദ്യകൊണ്ടാണെന്നറിയില്ല, വഡേക്കറുമായി രമ്യതയിലായി..!
അതുപോലെ സോണിയ ഗാന്ധിയുമായി ഇടഞ്ഞശേഷം കോൺഗ്രസുമായി സഖ്യത്തിലേർപ്പെടാൻ പവാറിനേ കഴിയൂ. കോൺഗ്രസിനെ പിളർത്തി എൻ.സി.പി. എന്ന പുതിയ പാർട്ടിയുണ്ടാക്കി അഞ്ച് കൊല്ലം കഴിഞ്ഞപ്പോഴാണ് കോൺഗ്രസ് നേതൃത്വത്തിൽ യു.പി.എ. പത്തു കൊല്ലത്തോളം കേന്ദ്രം ഭരിച്ചത്. ഈ രണ്ട് യു.പി.എ. സർക്കാരുകളിലും പവാറായിരുന്നു കൃഷിമന്ത്രി.
ഏതാണ്ട് ആറു പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയ ജീവിതത്തിനിടെ പലപ്പോഴും പവാർ പതറിവീണെന്നു പലരും പറഞ്ഞുനടന്നെങ്കിലും പടക്കുതിരയെപ്പോലെ പാറിവരുന്നതാണ് മലോകർ ഇക്കണ്ട കാലമത്രയും കണ്ടുകൊണ്ടിരുന്നത്.
പവാറുണ്ടാക്കിയ പാർട്ടി പിടിക്കാൻ സ്വന്തം മരുമകൻ നടത്തിയ നീക്കങ്ങളിൽ അടിപതറിയെന്നു ഏവരും കരുതിയെങ്കിലും അവിടേയും നാലുകാൽകുത്തി പൂച്ചയുടെ മെയ്‌വഴക്കം കാണിച്ചുകൊടുത്തു കക്ഷി. എന്നാൽ മകൾ സുപ്രിയ സലേയ്ക്കിന് പവാറിന്റെ അതിജീവന തന്ത്രങ്ങൾ അത്ര വശമില്ല. എങ്കിലും പഠിച്ചുവരുന്നുണ്ട്.
ഇപ്പോൾ രാഷ്ടീയം അവസാനിപ്പിക്കാനൊരുങ്ങുകയാണെന്നു പറയുമ്പോഴും എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിന് അങ്ങിനെയങ്ങ് പോകാൻ കഴിയില്ലെന്നു പി.സി. ചാക്കോയ്ക്കു പോലും അറിയാം. അതെങ്ങനെയായാലും പാവാർജിയ്ക്ക് ജന്മദിനാശംസകൾ നിർലോഭംനേരുന്നു.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
