വാഷിംഗ്ടണ്‍: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലിലെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ട്രംപിന്റെ മുന്‍ ഉപദേശകന്‍ സ്റ്റീവ് ബാനന്‍, ബില്‍ ഗേറ്റ്‌സ്, റിച്ചാര്‍ഡ് ബ്രാന്‍സണ്‍, നടന്‍ വൂഡി അലന്‍ തുടങ്ങിയരുടെ ചിത്രങ്ങളാണ് ഓവര്‍സൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റുകള്‍ വെള്ളിയാഴ്ച പുറത്തുവിട്ടത്.
എപ്സ്റ്റീന്റെ എസ്റ്റേറ്റില്‍നിന്ന് 95000-ല്‍ അധികം ഫോട്ടോകളാണ് കമ്മിറ്റിക്ക് ലഭിച്ചത്. ഇത് തങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് മേല്‍നോട്ട സമിതി പറയുന്നു. വരുംദിവസങ്ങളില്‍ കൂടുതല്‍ ഫോട്ടോകളും ദൃശ്യങ്ങളും ജനങ്ങളുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് ഡെമോക്രാറ്റ് പ്രതിനിധി റോബര്‍ട്ട് ഗാര്‍സിയ പ്രസ്താവനയില്‍ അറിയിച്ചത്.
19 ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതില്‍ മൂന്നെണ്ണത്തില്‍ ട്രംപും ഉള്‍പ്പെട്ടിട്ടുണ്ട്. ഏതാനും സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്ന ട്രംപിന്റെ ചിത്രവും ഇതില്‍ ഉള്‍പ്പെടും. 'ട്രംപ് കോണ്ടം' എന്ന് രേഖപ്പെടുത്തിയ ട്രംപിന്റെ മുഖം അടങ്ങിയ ചിത്രവും പുറത്തുവന്നവയില്‍ ഉണ്ട്. 4.50 ഡോളര്‍ എന്നാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 'ഐ ആം ഹ്യൂജ്' എന്ന് പാക്കറ്റിന് പുറത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. എപ്സ്റ്റീനൊപ്പം ഒരു സ്ത്രീയോട് ട്രംപ് സംസാരിക്കുന്നതിന്റെ ചിത്രവും പുറത്തുവന്നവയില്‍ ഉള്‍പ്പെടും.
എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടാന്‍ നീതിന്യായ വകുപ്പിനോട് ആവശ്യപ്പെടുന്ന ബില്ലില്‍ ട്രംപ് ഒപ്പുവെച്ചിരുന്നു. എപ്സ്റ്റീനുമായി ബന്ധപ്പെട് എല്ലാ ഫയലുകളും പുറത്തുവിടുമെന്നും അറിയിച്ചിരുന്നു. ഈ ഫയലുകള്‍ പുറത്തുവിടാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ബില്ല് സെനറ്റ് ഏകകണ്ഠമായി അംഗീകരിച്ചതിന് പിന്നാലെയായിരുന്നു ഇത്.
ജെഫ്രി എപ്സ്റ്റീനുമായി ട്രംപിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, എപ്സ്റ്റീന്‍ അറസ്റ്റിലാകുന്നതിന് മുമ്പുതന്നെ, 2004-ല്‍ തങ്ങള്‍ പിരിഞ്ഞുവെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. എപ്സ്റ്റീനുമായി ചേര്‍ന്ന് ഒരു തെറ്റും താന്‍ ചെയ്തിട്ടില്ലെന്നും ട്രംപ് നിരന്തരം പറഞ്ഞിരുന്നു. എന്നാല്‍, പുറത്തുവന്ന ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷം രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്.
നിരവധി പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത എപ്സ്റ്റീന്‍ 2006-ലാണ് അറസ്റ്റിലായത്. 2008-ല്‍ ഒരു കേസില്‍ വിചാരണ പൂര്‍ത്തിയാക്കി എപ്സ്റ്റീനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടര്‍ന്ന് മറ്റ് ലൈംഗിക കുറ്റകൃത്യങ്ങളില്‍ വിചാരണ കാത്ത് കഴിയുന്നതിനിടെ 2019 ഓഗസ്റ്റ് പത്തിന് ഇയാളെ ജയിലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
