ഹൂസ്റ്റൺ: അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ ഏറെ പുതുമകൾ നിറഞ്ഞ കേരള കൺവൻഷന്റെ കിക്ക് ഓഫ് ഓഗസ്റ്റ് 8 -ാം തിയതി വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് മിസോറി സിറ്റിയിലുള്ള അപ്ന ബസാർ റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വിശിഷ്ട വ്യക്തികൾ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ നടന്നു. ഫോമായുടെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു കേരള കൺവൻഷനായിരിക്കും അക്ഷര നഗരിയായ കോട്ടയം ആതിഥ്യമരുളുകയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രസിഡന്റ് ബേബി മണക്കുന്നേൽ പറഞ്ഞു.
ഫോമാ സ്ഥാപക പ്രസിഡന്റും കേരള കൺവൻഷൻ ഗോൾഡ് സ്‌പോൺസറുമായ ശശിധരൻ നായർ, ബേബി മണക്കുന്നേലിന് അദ്യ ചെക്ക് നല്കി കിക്ക് ഓഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫോമാ റീജിയണൽ വൈസ് പ്രസിഡന്റ് ബിജു ലോസൺ ആണ് ഗ്രാന്റ് സ്‌പോൺസർ. കൂടാതെ 25 ഗോൾഡ് സ്‌പോൺസർമാരും 10 സിൽവർ സ്‌പോൺസർമാരും ചെക്ക് നൽകി കൺവൻഷനിലേയ്ക്ക് രജിസ്റ്റർ ചെയ്തു. അമേരിക്കയിലെമ്പാടും നിന്നുള്ള ഫോമാ കുടുംബാംഗങ്ങളുടെ കൂടുതൽ രജിസ്‌ട്രേഷനുകൾ ഓൺലൈൻ വഴി സ്വീകരിക്കുന്നതാണെന്ന് കേരള കൺവൻഷൻ ചെർമാൻ പീറ്റർ കുളങ്ങര അറിയിച്ചു. കൺവൻഷൻ കോട്ടയം നഗരത്തിനോടടുത്തുതന്നെയുള്ള വിൻഡ്‌സർ കാസിലിൽ നടത്താൻ നിശ്ചയിച്ചത് ഏവരുടെയും യാത്രാ സൗകര്യം പരിഗണിച്ചാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പീറ്റർ കുളങ്ങരയുടെ ബഹുവിധ ചാരിറ്റി പ്രവർത്തനങ്ങളെ മാനിച്ച് അദ്ദേഹത്തെ പൊന്നാടയണിയിച്ചാണ് സ്വീകരിച്ചത്. ഫോമായുമായി കൈകോർത്ത് ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന്റെ അംഗീകാരത്തിന് പാത്രമായ വ്യക്തിയെന്ന നിലയിൽ അദ്ദേഹം കേരള കൺവൻഷൻ ചെയർമാനായി പ്രവർത്തിക്കുന്നത് സംഘടനയ്‌ക്കൊരു മുതൽക്കുട്ടാണെന്ന് ബേബി മണക്കുന്നേൽ പറഞ്ഞു. ഫോമായുടെ എല്ലാ റിജിയണുകളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തിക്കൊണ്ട് കേരള കൺവൻഷൻ കോ -ഓർഡിനേറ്റർമാരുടെ കമ്മിറ്റി ഉടൻ നിലവിൽ വരുമെന്ന് അദ്ദേഹം പറഞ്ഞു.
സ്റ്റാഫോർഡ് മേയർ കെൻ മാത്യു, ഫോർട്‌ബെൻഡ് കൗണ്ടി ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, വിമൻസ് ഫോറം നാഷണൽ വൈസ് പ്രസിഡന്റ് ഗ്രേസി ഊരാളിൽ, ബിജു ലോസൺ, നാഷണൽ കമ്മിറ്റി അംഗം രാജൻ യോഹന്നാൻ, വിമൻസ് ഫോറം പ്രതിനിധി ആൻസി മാത്യു, സ്‌പോർട്‌സ് ആന്റ് മീഡിയ കോ -ഓർഡിനേറ്റർ മിഖായേൽ ജോയി, മാഗ് പ്രസിഡന്റ് ജോസ് കെ ജോൺ, ഡാളസ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജൂഡി ജോസ്, ഫോമാ സതേൺ റീജിയൻ യൂത്ത് ചെയർ ആരോൺ സാം തുടങ്ങിയവർ സംസാരിച്ചു. സതേൺ റീജിയൻ ചെയർമാൻ രാജേഷ് മാത്യു സ്വാഗതമാശംസിച്ചു. ഫോമാ നാഷണൽ മീഡിയ ചെയറും നേർകാഴ്ച ചീഫ് എഡിറ്ററുമായ സൈമൺ വളാച്ചേരിൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ഫോമാ സതേൺ റീജിയണിലെ വിവിധ അംഗ സംഘടനകളുടെ പ്രസിഡന്റുമാർ, മറ്റ് ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സംബന്ധിച്ചു.
കുമരകത്തേക്കുള്ള പ്രവേശന കവാടമൊരുക്കുന്ന ഡൗൺടൗൺ ഡീലക്‌സ് ഹോട്ടലായ വിൻഡ്‌സർ കാസിലിൽ 2026 ജനുവരി 9 -ാം തിയതിയാണ് ഫോമാ കേരള കൺവൻഷന് തിരിതെളിയുക. വേമ്പനാട് കായലിന്റെ ഏറ്റവും മനോഹരമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്രമുഖ ഹോട്ടലാണ് വിൻഡ്‌സർ കാസിൽ. സ്‌റ്റൈലിലും ക്ലാസിലും ആഡംബരത്തിലും മറ്റെല്ലാറ്റിനും മുകളിലാണ്. 20 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ലാൻഡ്‌സ്‌കേപ്പ് ചെയ്ത പുൽത്തകിടികളും കൊച്ചുകൊച്ച് തോടുകളും ഹരിതാഭമായ അന്തരീക്ഷവുമുള്ള ഈ ഹോട്ടൽ, സമ്പന്നമായ താമസാനുഭവം പ്രദാനം ചെയ്യുന്നു. കൊച്ചി വിമാനത്താവളത്തിൽ നിന്ന് 60 കിലോമീറ്ററും കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് 2 കിലോമീറ്ററും അകലെയാണ് വിൻഡ്‌സർ കാസിൽ.
കേരള കൺവൻഷനോടനുബന്ധിച്ച് വിവിധ സെമിനാറുകളും സെഷനുകളും ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും സമാപന സമ്മേളനവും നടക്കും. മന്ത്രിമാർ ഉൾപ്പെടെയുള്ള രാഷ്ട്രീയസാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ കൺവൻഷനിൽ മഹനീയ സാന്നിധ്യമറിയിക്കും. കൺവൻഷന്റെ രണ്ടാം ദിവസമായ ജനുവരി 10 -ാം തിയതി ശനിയാഴ്ച വേമ്പനാട്ട് കായലിലൂടെയുള്ള ആവേശകരമായ ബോട്ട് ക്രൂയിസാണ്. 11 -ാം തിയതി എറണാകുളം ഗോകുലം പാർക്കിൽ വച്ച് ബിസിനസ് മീറ്റും നടത്തും.
നിരവധി പരിപാടികൾ കോർത്തിണക്കിയ കൺവൻഷന്റെ വിശദ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ഫോമാ കേരള കൺവൻഷൻ 2025ന്റെ ചരിത്ര വിജയത്തിനായി ഏവരും ഒരേമനസോടെ പ്രവർത്തിക്കണമെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ പി ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അഭ്യർത്ഥിച്ചു.
എ.എസ്. ശ്രീകുമാർ ഫോമാ ന്യൂസ് ടീം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്