ന്യൂഡല്‍ഹി: അമേരിക്കയിലേക്കുള്ള മുഴുവന്‍ തപാല്‍ സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കാനൊരുങ്ങി ഇന്ത്യ. ഓഗസ്റ്റ് 25 മുതല്‍ പ്രാബല്യത്തില്‍വരുമെന്ന് തപാല്‍ വകുപ്പ് അറിയിച്ചു. ഈ മാസം 29 മുതല്‍ അമേരിക്കയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര തപാല്‍ ഉരുപ്പടികളും അവയുടെ മൂല്യം പരിഗണിക്കാതെ, കസ്റ്റംസ് തീരുവയ്ക്ക് വിധേയമായിരിക്കുമെന്ന് തപാല്‍ വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു.
യുഎസ് കസ്റ്റംസ് ചട്ടങ്ങളില്‍ ഓഗസ്റ്റ് അവസാനം നിലവില്‍വരുന്ന മാറ്റങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് തപാല്‍ വകുപ്പിന്റെ നടപടി. 800 ഡോളര്‍വരെ വിലമതിക്കുന്ന സാധനങ്ങള്‍ക്ക് നല്‍കിയിരുന്ന ഡ്യൂട്ടി ഫ്രീ ഡി മിനിമിസ് ഇളവ് പിന്‍വലിക്കുന്ന എക്സിക്യുട്ടീവ് ഉത്തരവ് ജൂലൈമാസം മുപ്പതാം തീയതിയാണ് യുഎസ് പുറപ്പെടുവിച്ചത്. ഓഗസ്റ്റ് 29-ാം തീയതി മുതലാണ് ഈ മാറ്റം പ്രാബല്യത്തില്‍വരിക.
ഈ പശ്ചാത്തലത്തിലാണ് സേവനങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുന്നത്. കത്തുകള്‍, രേഖകള്‍, 100 യുഎസ് ഡോളര്‍വരെ വിലമതിക്കുന്ന സമ്മാനങ്ങള്‍ എന്നിവയ്ക്ക് മാത്രമാകും തല്‍ക്കാലത്തേക്ക് ഇളവുണ്ടാകുകയെന്നും വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
വ്യാപാര തീരുവയെച്ചൊല്ലി യുഎസ്-ഇന്ത്യാബന്ധം വഷളായിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ പശ്ചാത്തലത്തിലാണ് തപാല്‍ സേവനങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാനുള്ള ഇന്ത്യയുടെ തീരുമാനം. യുഎസ്, ഇന്ത്യക്ക് മേല്‍ 25 ശതമാനം തീരുവയും റഷ്യന്‍ എണ്ണ വാങ്ങുന്നതിന് അധികമായി 25 ശതമാനം പിഴയും ചുമത്തിയതോടെ ആകെ തീരുവ 50 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്