ഫോമ മെട്രോ റീജിയൻ ആതിഥേയത്വം നൽകുന്നു : എം.എൽ.എ മാരായ മാണി സി. കാപ്പൻ, മോൻസ് ജോസഫ്, സംവിധായകനും നടനുമായ ജോണി ആന്റണി എന്നിവർ മുഖ്യാതിഥികൾ.
ന്യൂയോർക്ക് : പതിനെട്ടാമത് എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് ആഗസ്ത് 24, ശനിയാഴ്ച ന്യൂയോർക്കിലെ ബെത്‌പേജ് മൾട്ടി സ്‌പോർട് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്നതാണെന്നു ആതിഥേയരായ ഫോമ മെട്രോ റീജിയൺ ഭാരവാഹികൾ ഇൻഡ്യ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്ക ന്യൂയോർക്ക് ചാപ്ടറുമായി നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വോളിബോൾ മുൻ ഇൻഡ്യൻ ദേശീയ താരം മാണി സി. കാപ്പൻ, മോൻസ് ജോസഫ് എം.എൽ.എ, സംവിധായകനും നടനുമായ ജോണി ആന്റണി എന്നിവർ മുഖ്യാഥിതികളായി സംബന്ധിക്കും.
അമേരിക്കയിൽ നിന്നും കാനഡയിൽനിന്നുമായി 24 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. ട്രോഫികൾ കൂടാതെ എൻ.കെ. ലൂക്കോസ് ഫൗണ്ടേഷൻ നൽകുന്ന 5000 ഡോളറിന്റെ ക്യാഷ് അവാർഡും വിജയികളാകുന്ന ടീമുകൾക്ക് ലഭിക്കുമെന്നും മെട്രോ റീജിയൺ ആർ.വി.പി. മാത്യു ജോഷ്വ പറഞ്ഞു. യുവാക്കളെ ഫോമയിലേക്കും, അതുപോലെ അവരുടെ സർഗാത്മകമായ കഴിവുകളെ ക്രിയാത്മകമായി സമൂഹ നന്മയ്ക്കായി വിനിയോഗിക്കുന്നതിന്റേയും ഭാഗമായാണ് ഫോമ ഈ വോളിബോൾ ടൂർണമെന്റിനു ആതിഥേയത്വം വഹിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
മൾട്ടി സ്‌പോർട് ഇൻഡോർ സ്റ്റേഡിയത്തിലെ അഞ്ചു കോർട്ടുകളിലായി കളികൾ നടക്കുമെന്നും, ഓപ്പൺ പൂളിൽ പന്ത്രണ്ടു ടീമുകലും, 18 വയസിൽ താഴെ ഉള്ളവരുടെ ആറു ടീമുകളും, അതുപോലെ നാൽപ്പതിനു മുകളിൽ ഉള്ളവരുടെ ആറു ടീമുകളും മത്സരത്തിൽ മാറ്റുരക്കുമെന്നു ടൂർണമെന്റ് കോർഡിനേറ്റർ ബിഞ്ചു ജോൺ പറഞ്ഞു. കളികൾ രാവിലെ എട്ടുമണിക്ക് ആരംഭിക്കും. പ്രൊഫഷണൽ റഫറികൾ ആയിരിക്കും കളികൾ നിയന്ത്രിക്കുക. ട്രോഫികളും, ക്യാഷ് അവാർഡും അന്നേദിവസം വൈകുന്നേരം ആറു മണിക്ക് എൽമോണ്ടിലുള്ള സെയിന്റ് വിൻസെന്റ് ഡി പോൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ബാങ്ക്വറ്റിൽ വച്ച് ബഹുമാനപ്പെട്ട എം.എൽ.മാർ വിതരണം ചെയ്യുന്നതാണെന്ന് റീജിയണൽ സെക്രട്ടറി മാത്യു ജോഷ്വ (ബോബി) അറിയിച്ചു.
തദവസരത്തിൽ 2026 ആഗസ്റ്റിൽ ഹൂസ്റ്റനിൽ വച്ചു നടക്കുന്ന 9 -ാമത് ഫോമ ഇന്റർനാഷണൽ കൺവൻഷന്റെ കിക്കോഫും നടത്തുന്നതാണെന്നു ഫോമ നാഷണൽ ജോയിന്റ് സെക്രട്ടറി പോൾ ജോസ് പറഞ്ഞു. എം.എൽ.എ മാരായ മാണി സി. കാപ്പൻ, മോൻസ് ജോസഫ്, കൂടാതെ സംവിധായകനും നടനുമായ ജോണി ആന്റണി എന്നിവരും, ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ, സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമാ കൃഷ്ണൻ തുടങ്ങിയവരും സംബന്ധിക്കും.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് വോളിബോൾ ടീം അംഗമായിരുന്ന, തൊടുപുഴ കരിങ്കുന്നം സ്വദേശി നടുമ്പറമ്പിൽ എൻ.കെ. ലൂക്കോസ് 1980ൽ ആണ് അമേരിക്കയിൽ എത്തുന്നത്. അമേരിക്കയിൽ എത്തിയിട്ടും ചെറുപ്പം മുതലുള്ള വോളിബോൾ പ്രേമം കൈവിട്ടുപോയില്ല. അദ്ദേഹവും സുഹൃത്തുക്കളും ചേർന്ന് 1987ൽ 'കേരള സ്‌പൈക്കേഴ്‌സ്' എന്ന പേരിൽ ഒരു വോളിബോൾ ടീം ന്യൂയോക്കിൽ രൂപീകരിച്ചു. സ്‌പോർട്‌സ് കൂടാതെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും എൻ.കെ. ലൂക്കോസ് സജീവമായിരുന്നു.
എന്നാൽ 2003ൽ ന്യൂജേഴ്‌സിയിലുണ്ടായ ഒരു വാഹന അപകടത്തിൽ അദ്ദേഹം അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞു. അദ്ദേഹത്തിന്റെ ഓർമ്മ നിലനിർത്തുന്നതിനുവേണ്ടി കുടുംബവും, സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച എൻ.കെ. ലൂക്കോസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ, വോളിബോൾ കളിയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കഴിഞ്ഞ 18 വർഷമായി അമേരിക്കയിലും, കേരളത്തിലും വോളിബോൾ ടൂർണമെന്റുകൾ നടത്തിവരുന്നു. ഇക്കൊല്ലം 5000 ഡോളറാണ് എൻ.കെ. ലൂക്കോസ് ഫൗണ്ടേഷൻ വിജയികൾക്ക് സമ്മാനമായി നൽകുന്നതെന്നു എൻ.കെ. ലൂക്കോസിന്റെ മകളും, ഫൗണ്ടേഷൻ ട്രസ്റ്റിയുമായ സെറിൻ ലൂക്കോസ് പറഞ്ഞു.
ന്യൂയോർക്ക് കേരള സെന്ററിൽ നടന്ന വാർത്താ സമ്മേളത്തിൽ ഫോമ മെട്രോ റീജിയനെ പ്രതിനിധീകരിച്ചു ആർ.വി.പി. മാത്യു ജോഷ്വാ, ഫോമ നാഷണൽ ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ടുർണമെന്റ് കോർഡിനേറ്ററും, റീജിയണൽ ട്രഷററുമായ ബിഞ്ചു ജോൺ, റീജിയണൽ സെക്രട്ടറി മാത്യു ജോഷ്വാ (ബോബി), ഫോമ മുൻ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോസ് വർഗീസ്, എബ്രഹാം ഫിലിപ്പ്, സുവനീർ കമ്മിറ്റി ചെയർമാൻ മാത്തുക്കുട്ടി ഈശോ, എൻ.കെ. ലൂക്കോസിന്റെ ഭാര്യ ഉഷ ലൂക്കോസ്, മകളും, ഫൗണ്ടേഷൻ ട്രസ്റ്റിയുമായ സെറിൻ ലൂക്കോസ് എന്നിവർ പങ്കെടുത്തു.
ഇൻഡ്യ പ്രസ് ക്ലബ് ന്യൂയോർക്ക് ചാപ്ടർ പ്രസിഡന്റ് ഷോളി കുമ്പിളുവേലി സ്വാഗതം പറഞ്ഞു. പ്രസ് ക്ലബ്ബിനെ പ്രതിനിധീകകരിച്ചു ഐ.പി.സി.എൻ.എ നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, മുൻ പ്രസിഡന്റ് താജ് മാത്യു, ഐ.പി.സി.എൻ.എ കൺവൻഷൻ ചെയർമാൻ സജി എബ്രഹാം, ചാപ്ടർ ട്രഷറർ ബിനു തോമസ്, ട്രഷറർ ജേക്കബ് മാനുവേൽ തുടങ്ങിയവരും പങ്കെടുത്തു.
കൂടാതെ ഫോമ നേതാക്കളായ തോമസ് കോശി, ലാലി കളപ്പുരക്കൽ, തോമസ് ഉമ്മൻ, ബിജു ചാക്കോ, ജയിംസ് മാത്യു, ബേബികുട്ടി തോമസ്, അലക്‌സ് എസ്തപ്പാൻ, ഷാജി വർഗീസ്, ജോസി സ്‌കറിയ, ജെശ്വിൻ സാമുവേൽ, അലക്‌സ് സിബി എന്നിവരും സംബന്ധിച്ചു.
മെട്രോ റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ ടുർണമെന്റിനെ സാമ്പത്തികമായി സഹായിച്ച എല്ലാ സ്‌പോൺസേർസിനോടുമുള്ള ആത്മാർത്ഥമായ നന്ദി അറിയിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.
ഷോളി കുമ്പിളുവേലി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്