ട്രംപ് ഭരണകൂടത്തിലെ നീതിന്യായ വകുപ്പ് (DOJ), വാഷിങ്ടൺ ഡിസിയുടെ മെട്രോപൊളിറ്റൻ പൊലീസിന്റെ കുറ്റകൃത്യ കണക്കുകൾ (crime stats) കൃത്രിമമായി ഉണ്ടാക്കിയതാണോ എന്ന് അന്വേഷിക്കുന്നതായി റിപ്പോർട്ട്. ഈ അന്വേഷണം ഡിസി യു.എസ്. അറ്റോർണി ഓഫീസ് നേതൃത്വത്തിലാണ് നടക്കുന്നത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
അതേസമയം ഈ അന്വേഷണം സ്ഥിരീകരിച്ചു പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് തന്നെ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. “ഡിസി സുരക്ഷിതമാണെന്ന് തെറ്റായ തോന്നൽ ഉണ്ടാക്കാൻ ഇല്ലാത്ത കുറ്റ കൃത്യങ്ങളുടെ (കേസുകളുടെ) എണ്ണം നൽകി. ഇത് വളരെ അപകടകരമായ കാര്യമാണ്. അതിനാൽ ഗൗരവമായ അന്വേഷണം നടക്കുന്നു” എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കിയത്.
അതേസമയം വിഷയത്തിൽ നീതിന്യായ വകുപ്പ് ഔദ്യോഗികമായി പ്രതികരിക്കാൻ വിസമ്മതിച്ചു. അന്വേഷണത്തിൽ പൂർണ്ണമായി സഹകരിക്കുമെന്നും സമൻസ് (subpoena) ലഭിക്കാനിടയുണ്ടെന്നും ഡിസി മേയർ മ്യൂറിയൽ ബൗസറും പൊലീസ് ചീഫ് പാമേള സ്മിത്തും ബുധനാഴ്ച പ്രതികരിച്ചു.
ഒരു എം.പി.ഡി. കമാൻഡറെ ജില്ലാ തലത്തിൽ കുറ്റകൃത്യ കണക്കുകൾ തെറ്റായി രേഖപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്ന് അഡ്മിനിസ്ട്രേറ്റീവ് ലീവിൽ അയച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഇയാൾ ചില ഗുരുതര കുറ്റകൃത്യങ്ങൾ ചെറിയതായിട്ടാണ് രേഖപ്പെടുത്തിയതെന്നാണ് ആരോപണം. “ഈ അന്വേഷണം ഞാൻ തന്നെയാണ് ആരംഭിച്ചത്. എന്നാൽ ഇപ്പോഴും അത് പൂർത്തിയായിട്ടില്ല” എന്നാണ് സ്മിത്ത് വ്യക്തമാക്കുന്നത്.
അതേസമയം ട്രംപ് ഭരണകൂടം മാസങ്ങളായി ഡിസിയിലെ ഡെമോക്രാറ്റിക് നേത്യത്വത്തെ വിമർശിച്ചു വരികയാണ്. ഡിസിയിൽ വർഷങ്ങളായി കുറ്റകൃത്യങ്ങൾ നിയന്ത്രണം വിട്ടതായും അതിനാലാണ് ഫെഡറൽ പോലീസ് കൊണ്ടുവന്നത് എന്നുമാണ് അവർ ആരോപിക്കുന്നത്.
എന്നാൽ നഗരത്തിലെ ഉദ്യോഗസ്ഥർ ഈ ആരോപണം തള്ളിക്കളയുന്നു. പ്രസിദ്ധീകരിച്ച MPD കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തേക്കാൾ 30% വരെ കുറ്റകൃത്യങ്ങൾ കുറഞ്ഞു എന്നും 2024-ൽ കുറ്റകൃത്യങ്ങൾ 2023-നേക്കാൾ 35% കുറഞ്ഞു എന്നുമാണ് അവർ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്