വാഷിംഗ്ടണ്‍: ഗാസയിലെ ആശുപത്രിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ അതൃപ്തി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആക്രമണത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് ട്രംപ് മറുപടി നല്‍കി. അതില്‍ തനിക്ക് സന്തോഷമില്ല. അത് കാണാന്‍ താല്‍പര്യമില്ല. ആ പേടിസ്വപ്നം അവസാനിപ്പിക്കണമെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തെക്കന്‍ ഗാസയില്‍ ഖാന്‍ യൂനിസിലെ പ്രധാന ആശുപത്രിയായ അല്‍ നാസറില്‍ ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 5 മാധ്യമപ്രവര്‍ത്തകരടക്കം 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആശുപത്രിയുടെ നാലാം നിലയിലാണ് മിസൈല്‍ പതിച്ചത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ വീണ്ടും ആക്രമണമുണ്ടായി. അസോഷ്യേറ്റ് പ്രസിന്റെ റിപ്പോര്‍ട്ടര്‍ മറിയം അബു ദഗ്ഗ, അല്‍ ജസീറയുടെ മുഹമ്മദ് സലാമ, റോയിട്ടേഴ്‌സിന്റെ ക്യാമറമാന്‍ ഹുസം അല്‍ മസ്‌റി, മുവാസ് അബു താഹ, അഹ്മദ് അബു അസീസ് എന്നിവരാണു കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍. റോയിട്ടേഴ്‌സ് ഫൊട്ടോഗ്രഫര്‍ ഹത്തം ഖലീദിനു പരിക്കേറ്റു.
22 മാസം പിന്നിട്ട യുദ്ധത്തില്‍ പലവട്ടം ബോംബാക്രമണവും സൈനിക അതിക്രമവും നേരിട്ട ആശുപത്രിയാണിത്. റോയിട്ടേഴ്‌സിന്റെ ഹുസം മസ്‌റി ലൈവ് റിപ്പോര്‍ട്ടിങ് നടത്തുന്നതിനിടെയാണ് ആദ്യ ആക്രമണം ഉണ്ടായത്. ഇവിടേക്ക് രക്ഷാപ്രവര്‍ത്തകരും മറ്റു മാധ്യമപ്രവര്‍ത്തകരും ഓടിയെത്തിയപ്പോള്‍ വീണ്ടും ആക്രമിച്ചു. രണ്ടാഴ്ച മുന്‍പ് അല്‍ ജസീറയുടെ അനസ് അല്‍ ഷെരീഫും മറ്റ് നാല് മാധ്യമപ്രവര്‍ത്തകരും ഇസ്രയേല്‍ ബോംബിങ്ങില്‍ കൊല്ലപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്