വാഷിംഗ്ടണ്‍: ഉക്രെയ്‌നില്‍ സമാധാനം കൊണ്ടുവരാനുദ്ദേശിച്ചുള്ള ട്രംപ്-സെലന്‍സ്‌കി നിര്‍ണായക ചര്‍ച്ച വൈറ്റ് ഹൗസില്‍ ആരംഭിച്ചു. കൂടിക്കാഴ്ചക്ക് മുന്‍പ് യുഎസ് പ്രസിഡന്റും ഉക്രെയ്ന്‍ പ്രസിഡന്റും മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തി. എല്ലാം നന്നായി പോയാല്‍ ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പുടിനെയും കൂടി ചേര്‍ത്തുള്ള ത്രികക്ഷി കൂടിക്കാഴ്ച നടക്കുമെന്ന് ട്രംപ് പറഞ്ഞു. സമാധാന ശ്രമങ്ങള്‍ക്ക് ട്രംപിന് നന്ദി പറഞ്ഞ സെലന്‍സ്‌കി, ഉക്രെയ്ന്‍ ഏറെ അനുഭവിച്ചു കഴിഞ്ഞെന്നും എല്ലാവരുടെയും നന്‍മക്ക് യുദ്ധം അവസാനിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
യൂറോപ്യന്‍ നേതാക്കളുടെ വന്‍ നിരയും ഇരുവരുമായുള്ള കൂടിക്കാഴ്ചക്ക് വൈറ്റ് ഹൗസില്‍ എത്തിയിട്ടുണ്ട്. ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ഫിന്‍ലന്‍ഡ് പ്രസിഡന്റ് അലക്സാണ്ടര്‍ സ്റ്റബ്, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ എന്നിവരടക്കമുള്ള യൂറോപ്യന്‍ നേതാക്കള്‍ ട്രംപുമായും സെലെന്‍സ്‌കിയുമായും വൈറ്റ് ഹൗസില്‍ ചര്‍ച്ച നടത്തി. ഒരു വെടിനിര്‍ത്തലിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കേണ്ടെന്നും യുദ്ധം അവസാനിപ്പിക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും ട്രംപ് നേതാക്കളോട് പറഞ്ഞു.
ഫെബ്രുവരിയില്‍ സെലന്‍സ്‌കിയുമായി ട്രംപ് വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ച അടിച്ചുപിരിയുകയാണുണ്ടായിരുന്നത്. സെലന്‍സ്‌കിയുടെ നിലപാടുകളെ കടുത്ത ശബ്ദത്തിലാണ് ട്രംപും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും അന്ന് വിമര്‍ശിച്ചത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ നേതാക്കള്‍ വൈറ്റ് ഹൗസില്‍ സെലന്‍സ്‌കിക്ക് തുണയായി എത്തിയിരിക്കുന്നത്. പുടിന്റെ പദ്ധതികള്‍ സെലന്‍സ്‌കിക്ക് മേല്‍ ട്രംപ്് അടിച്ചേല്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് വീണ്ടുമൊരു പൊട്ടിത്തെറിയിലേക്ക് നീങ്ങാമെന്നും യൂറോപ്യന്‍ നേതാക്കള്‍ കരുതുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്