ചെന്നൈ : ആദ്യ മൂന്ന് മത്സരങ്ങളിൽ ഒറ്റയക്കത്തിന് പുറത്തായി നിരാശപ്പെടുത്തിയ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മലയാളി താരം നാലാം മത്സരത്തിൽ തനിസ്വരൂപം പുറത്തെടുത്ത് സെഞ്ച്വറി നേടി. സീസണിലാദ്യമായി ചെന്നൈ വിജയം നേടുകയും ചെയ്തു.
ഇന്നലെ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ 56 പന്തുകളിൽ 15 ഫോറുകളും 4 സിക്‌സുകളുമടക്കം പുറത്താകാതെ 115 റൺസ് നേടിയ സഞ്ജു ഈ സീസണിലെ ആദ്യ സെഞ്ച്വറിക്കാരനായി. സഞ്ജുവിനൊപ്പം ആയുഷ് മാത്രേയും (59 റിട്ടയേഡ് ഹർട്ട്), ശിവം ദബേയും (10 പന്തുകളിൽ 20 റൺസ്) മികച്ച പ്രകടനം കാഴ്ചവച്ചതോടെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്‌സ് നിശ്ചിത 20 ഓവറിൽ 212/2എന്ന സ്‌കോറിലെത്തി.മറുപടിക്കിറങ്ങിയ ഡൽഹിക്ക് 189ലേ എത്താനായുള്ളൂ.
പാത്തും നിസംഗ (41),ട്രിസ്റ്റൺ സ്റ്റബ്‌സ് (60) എന്നിവർ ഡൽഹിക്ക് വേണ്ടി പൊരുതിനോക്കി യെങ്കിലും തുടർച്ചയായ രണ്ടാം മത്സരത്തിലും ഡൽഹി തോൽവിയേറ്റുവാങ്ങി.
ചെന്നൈയിലെത്തിയശേഷം ഫോം കണ്ടെത്താൻ കഴിയാതിരുന്ന സഞ്ജു ഇന്നലെ ആദ്യ പന്തുമുതൽ ശ്രദ്ധിച്ചാണ് കളിച്ചത്.
വലിച്ചടിച്ച് പുറത്താകുന്നതിന് പകരം സൂക്ഷ്മതയോടെ കളിച്ച് ഗ്രൗണ്ട് ഷോട്ടുകളിലൂടെ റൺസ് നേടുകയായിരുന്നു.26 പന്തുകളിൽ ഒൻപത് ബൗണ്ടറികളടക്കമാണ് അർദ്ധസെഞ്ച്വറിയിലെത്തിയത്.
ഓപ്പണിംഗിൽ റുതുരാജ് ഗെയ്ക്ക്‌വാദിനൊപ്പം 6.2 ഓവറിൽ 62 റൺസ് കൂട്ടിച്ചേർത്തു. റുതു പുറത്തായശേഷമെത്തിയ ആയുഷ് മാത്രേയ്‌ക്കൊപ്പം തകർത്തടിച്ചു. നേരിട്ട 52ാമത്തെ പന്തിലാണ് സെഞ്ച്വറി പിറന്നത്.
ഐ.പി.എല്ലിൽ സഞ്ജുവിന്റെ ഐ.പി.എല്ലിലെ നാലാം സെഞ്ച്വറി
ഇന്നത്തെ മത്സരങ്ങൾ: ലക്‌നൗ Vs ഗുജറാത്ത് 3.30 pm മുതൽ, മുംബയ് vs ആർ.സി.ബി, 7.30 pm മുതൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
