ചുങ്കക്കാരെയും പാപികളെയും തുലനം ചെയ്യുന്ന പരാമർശങ്ങൾ ബൈബിളിലാണ് കണ്ടിട്ടുള്ളത്. രണ്ടായിരം കൊല്ലം മുമ്പ്‌യേശുവിന്റെ കാലത്തു അമിതപ്പലിശയും ചുങ്കവും ചുമത്തി നാട്ടുകാരെ പീഡിപ്പിക്കുന്ന കൂട്ടർ പ്രതാപികളായി വിലസിയിരുന്നു. അധികാരികൾക്കും അവരുടെ അനുയായികൾക്കും പ്രധാന വരുമാനം പാവങ്ങളെ പിഴിഞ്ഞ് ഉണ്ടാക്കുന്ന ധനമായിരുന്നു. അതിനാലാണ് ഒരവസരത്തിൽ ജെറുസലേമിലെ ജൂതദേവാലയത്തിൽ തമ്പടിച്ച പരീശന്മാരെ യേശുക്രിസ്തു ചാട്ടവാറടിച്ചു പുറത്തു തള്ളിയത്. കച്ചവടത്തിൽ അവരുടെ അമിത ലാഭേച്ഛയും കൊള്ളയും പാവപ്പെട്ട ജനങ്ങളെ അത്യധികം പ്രയാസപ്പെടുത്തിയിരുന്നു. അതിനാൽ ദൈവപുത്രനു തന്നെ അതിൽ ഇടപെടേണ്ടി വന്നു.
അതിനർത്ഥം യേശു എല്ലാവിധ വാണിജ്യ പ്രവർത്തനങ്ങളുടെയും എതിരാളി ആയിരുന്നുവെന്നല്ല. വാണിജ്യം ജനങ്ങൾക്കിടയിലും രാജ്യങ്ങൾക്കിടയിലും അനിവാര്യമാണെന്നും അതിനുള്ള സാഹചര്യങ്ങൾ ഒരുക്കേണ്ടത് ഭരണകൂടത്തിന്റെ ചുമതലയാണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. കൃത്യമായ നിയമങ്ങളും സംവിധാനങ്ങളും അതിന്‌വേണം. അത്തരം കാര്യങ്ങൾക്കു ചെലവുണ്ട്. അതിനായി സർക്കാർ നികുതിയും ചുങ്കവും പിരിക്കും. അതിൽ അനീതിയൊന്നുമില്ല. അതുകൊണ്ടു അദ്ദേഹം പറഞ്ഞു, 'സീസർക്കുള്ളത് സീസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും നൽകുക.'
ഇതാണ് ഒരു ഉത്തമ സമൂഹത്തിന്റെ ലക്ഷണം. അത് ജനങ്ങൾക്കു ശാന്തമായും സമാധാനമായും കഴിഞ്ഞു കൂടാനുള്ള അവസരം ഒരുക്കണം. അതിനുവേണ്ടത് നീതിപൂർവകമായ ഒരു ഭരണരീതിയാണ്. വാണിജ്യം അഥവാ സാധനങ്ങളുടെയും സേവനങ്ങളുടെയും കൊള്ളക്കൊടുക്കലുകൾ അതിന്റെ അനിവാര്യമായ ഭാഗമാണ്. സീസറുടെ കാലംറോമിൽ സമ്പത്തിന്റെയും പ്രൗഡിയുടെയും അത്യുന്ന കാലമായിരുന്നു. അതിനു പല കാരണങ്ങളുണ്ട്. യൂറോപ്പിന്റെയും ഏഷ്യയുടെയും ആഫ്രിക്കയുടെയും വിവിധ ഭാഗങ്ങളെ ഒരേ സാമ്രാജ്യത്തിന് കീഴിൽ ഒന്നിപ്പിച്ചു കൊണ്ടുവന്നത് അക്കാലത്താണ്. വിശാലമായ പ്രദേശങ്ങൾക്കും ജനസമൂഹങ്ങൾക്കും ഇടയിൽ പരസ്പര സമ്പർക്കവും വാണിജ്യവും മറ്റു ഇടപാടുകളും വികസിക്കാനായി നല്ല പാതകളും അവയിൽ സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കാൻ ശക്തമായസേനകളും അനിവാര്യമായിരുന്നു. സീസർ അതൊക്കെ ഉറപ്പുവരുത്തി.
അക്കാലത്തെ റോമൻ സമ്പന്നതയുടെ പ്രധാന സ്രോതസ്സായി ചരിത്രകാരന്മാർ പരിഗണിക്കുന്നത് റോമൻ സമാധാനം എന്നറിയപ്പെടുന്ന സുരക്ഷിതമായ സഞ്ചാരവാണിജ്യ സൗകര്യങ്ങളാണ്.
ഇത് റോമിന്റെ മാത്രം സവിശേഷതയായിരുന്നില്ല. റോമിൽ നിന്നുള്ള കപ്പലുകൾ അക്കാലത്തു വന്നുചേർന്ന ചില ഏഷ്യൻ തുറമുഖങ്ങളെക്കുറിച്ചു ബൈബിളിൽ മാത്രമല്ല, അക്കാലത്തെ പലലോക സഞ്ചാരികളുടെ കുറിപ്പുകളിലും പരാമർശമുണ്ട്. അതിൽ പറയുന്ന മുസിരിസ്, തിണ്ടിസ് തുടങ്ങിയ പട്ടണങ്ങൾ അറബിക്കടൽ തീരത്തു കൊടുങ്ങല്ലൂരിന് അടുത്തുള്ള പട്ടണം, വടക്ക് കൊയിലാണ്ടിക്ക് അടുത്തുള്ള പന്തലായനി എന്നിവയാണെന്നു ചില ചരിത്രകാരന്മാർ പറയുന്നുണ്ട്. അവിടെ നിന്നും റോമിലേക്ക് ധാരാളം ചരക്കുകൾ കയറ്റി അയച്ചിരുന്നു. ഇരു പട്ടണങ്ങളിൽ നിന്നും ആധുനിക കാലത്തെ റോമൻ നാണയങ്ങളും ആംഫോറപോലുള്ള അവരുടെ പല ഉപകരണങ്ങളും പാത്രങ്ങളും മറ്റും കണ്ടെടുത്തിട്ടുമുണ്ട്. അന്നാടുകളിൽ സമ്പത്തും സമൃദ്ധിയും കുന്നുകൂടി.
മലബാറിൽ സാമൂതിരിയുടെ നാട്ടിലെ സമ്പത്തിനു കാരണം അറബികൾ വഴി അവർ യൂറോപ്പടക്കമുള്ള പ്രദേശങ്ങളിലേക്കു കുരുമുളകും മറ്റു മലഞ്ചരക്കുകളും കയറ്റി അയച്ചതാണെന്നു പല സന്ദർശകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മധ്യകാലങ്ങളിൽ കോഴിക്കോട് സന്ദർശിച്ച ഒരു അറബി സഞ്ചാരി അവിടെ ചൈനയിൽ നിന്നുള്ള കപ്പലിൽ സാധനങ്ങൾ കയറ്റുന്നത്‌നേരിട്ടു കണ്ടു വർണിച്ചിട്ടുണ്ട്. ആയിരംജോലിക്കാരുള്ള ഒരു കൂറ്റൻ കപ്പലാണ് താൻ കണ്ടതെന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു. അതായതു ചൈനയുടെ പവിഴനദി മുതൽ പടിഞ്ഞാറു ജെനോവയും വെനീസും വരെയുള്ള ആഗോളദേശങ്ങളിൽ പ്രാചീനകാലത്തു വമ്പിച്ച വാണിജ്യ ബന്ധങ്ങൾ നിലനിന്നിരുന്നു. അതിൽ കോഴിക്കോട് ഒരു പ്രധാനകേന്ദ്രമായിരുന്നു.
അത്തരംദേശങ്ങളിൽ അത് വലിയനേട്ടങ്ങൾ കൊണ്ടുവന്നു. കോഴിക്കോട് തുറമുഖത്തെ ലോകത്തെ ഏറ്റവും സുരക്ഷിതമായ തുറമുഖം എന്നാണ് ഒരു അറബി സഞ്ചാരി വിശേഷിപ്പിച്ചത്. അവിടെ ഷാബന്തർകോയ എന്നൊരു ഉദ്യോഗസ്ഥനാണ് തുറമുഖത്തിന്റെ ചുമതലക്കാരൻ. ഹിന്ദുവായ സാമൂതിയുടെ വാണിജ്യ മന്ത്രി മുസ്ലിം. അതിനുള്ള കാരണം വ്യക്തം. മുസ്ലിം കച്ചവടക്കാരാണ് വ്യാപാരത്തിന്റെ ചുക്കാൻ പിടിച്ചത്. അതിനാൽ വ്യാപാര അഭിവൃദ്ധി ലക്ഷ്യമിട്ട സാമൂതിരി ഷാബന്തർകോയയെ തുറമുഖ ചുമതല ഏല്പിച്ചു.
പൊതുവിൽ എല്ലാക്കാലത്തും വാണിജ്യ വികസനത്തിന് അനുകൂലമായ അന്തരീക്ഷം ഒരുക്കാൻ സർക്കാരുകൾ ശ്രമം നടത്തിയിരുന്നു. പതിനഞ്ചാം നൂറ്റാണ്ടു മുതൽ യൂറോപ്യൻ ശക്തികളായ പോർച്ചുഗീസുകാരും ഡച്ചുകാരും പിന്നീട് ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും കടലിലെ ആധിപത്യത്തിനു പരസ്പരംപോരാടാൻ തുടങ്ങിയ കാലത്താണ് അതിനു ഉലച്ചിൽ വന്നത്. കടൽ വാണിജ്യം വലിയ കുഴപ്പം പിടിച്ച കാര്യമായി. കടൽക്കൊള്ളക്കാർ കടൽപാതകളിൽ ആധിപത്യം പുലർത്തി. സർ ഫ്രാൻസിസ് ഡ്രേക്കിനെപ്പോലുള്ള കടൽക്കൊള്ളക്കാർ വലിയൊരു സാമ്രാജ്യം തന്നെ കടലിൽ കെട്ടിപ്പടുത്തു.
നൂറ്റാണ്ടുകൾ നീണ്ട ഈ കിടമത്സരം രൂക്ഷമാകുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ്. വൻശക്തികൾ രണ്ടുചേരികളായി തിരിഞ്ഞു. ലോകത്തെ കൈപ്പിടിയിൽ ഒതുക്കാൻ ഇരുകൂട്ടരും യുദ്ധം തുടങ്ങി. ഒന്നാംലോകമഹായുദ്ധവും രണ്ടാംലോക മഹായുദ്ധവും അതിന്റെ ഫലമായിരുന്നു. ഇനിയൊരു മൂന്നാം യുദ്ധം വന്നാൽലോകത്തു ഒന്നും ബാക്കിയുണ്ടാവില്ല എന്ന് ഹിരോഷിമയിലും നാഗസാക്കിയിലും നടന്ന ആണവബോംബ് സ്‌ഫോടനം തെളിയിച്ചു.
അതോടെ സമവായത്തിന്റെയും നിയമാനുസൃതമായ വാണിജ്യത്തിന്റെയും ആവശ്യകത ലോകനേതാക്കൾക്കു വീണ്ടുംബോധ്യമായി. അമേരിക്കയുടെ പ്രസിഡന്റ് ഫ്രാങ്ക്‌ലിൻ റൂസ്‌വെൽറ്റ് ആണ് അത്തരമൊരു പുതുലോകത്തെ സമഗ്രമായി വിഭാവനം ചെയ്തത്.
യുദ്ധാനന്തരം അമേരിക്കയാണ് ഐക്യരാഷ്ട്രസഭയ്ക്കും അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കും ബീജാവാപം നൽകുന്നതിൽ മുന്നിൽ നിന്നത്. അവയ്ക്കു ആവശ്യമായ സൗകര്യങ്ങളും അമേരിക്ക നൽകി. ന്യൂയോർക്ക് യു.എൻ ആസ്ഥാനമാകുന്നത് അങ്ങനെയാണ്. ഐഎംഎഫും ലോകബാങ്കും ലോക വാണിജ്യകേന്ദ്രവും ലോകത്തെ സാമ്പത്തികമായി പുനരുജ്ജീവിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. അവയ്ക്കും ആതിഥ്യം വഹിച്ചത് അമേരിക്ക തന്നെ. ആഗോളവൽക്കരണവും അതിന്റെ ഭാഗമായ മാറ്റങ്ങളും അവിടെ നിന്നും ഉയർന്നുവന്ന ആശയങ്ങളാണ്.
അതിന്റെ ഫലമായി വൻകിട രാജ്യങ്ങൾ മാത്രമല്ല, ചെറുകിട രാജ്യങ്ങളും നേട്ടങ്ങളുണ്ടാക്കി. ഏഷ്യൻ ടൈഗേഴ്‌സ് എന്നറിയപ്പെടുന്ന ചെറു രാജ്യങ്ങളും ചൈനയും ഇന്ത്യയും ഒക്കെ സാമ്പത്തികമായി മുന്നേറി. ചൈന അമേരിക്കയോടുപോലും മത്സരിക്കുന്ന സ്ഥിതി സംജാതമായി. ദാരിദ്ര്യം വൻതോതിൽ കുറഞ്ഞു. ലോകമെങ്ങും മധ്യവർഗം ശക്തമായി. രാജ്യാന്തര ബന്ധങ്ങളും ടൂറിസവും വൻ വളർച്ചനേടി.
ഇതിനെയാണ് ഇന്ന് അമേരിക്കൻ ഭരണകൂടം തന്നെ തകർക്കാൻ ശ്രമിക്കുന്നത്. ചൈനയുടെയും ഇന്ത്യയുടെയും ബ്രസീലിന്റെയും വളർച്ച അമേരിക്കയെ പരിഭ്രാന്തരാക്കേണ്ട കാര്യമില്ല. കാരണം ഈ വളർച്ചയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ അമേരിക്ക തന്നെയായിരുന്നു. ഡോളർ ഒരു ആഗോള നാണയമായി. അതിനുവേണ്ടിയുള്ള ആവശ്യംലോകമെങ്ങും ശക്തമായി. അങ്ങനെ ആയുധമെടുക്കാതെ, വെറും ഡോളറിന്റെ ശക്തി കൊണ്ട് അമേരിക്ക ലോകത്തെ അമ്മാനമാടി. അമേരിക്ക പ്രഖ്യാപിക്കുന്ന ഉപരോധങ്ങൾ എതിരാളികളായ രാജ്യങ്ങളുടെ സാമ്പത്തിക നട്ടെല്ലു തകർത്തു. ഇറാനും ഉത്തര കൊറിയയും ഇറാഖും സിറിയയും അതിനുള്ള ഉദാഹരണങ്ങളാണ്.
എന്നാൽ ഇപ്പോൾ അമേരിക്ക അതും കടന്ന് ഇരിക്കുന്ന കൊമ്പു തന്നെ മുറിക്കുന്ന തിരക്കിലാണ്.
അമേരിക്കയ്ക്ക് അന്യദേശങ്ങളിൽ നിന്ന് ഒന്നും ആവശ്യമില്ല, എല്ലാം തങ്ങൾ സ്വന്തമായി നിർമിച്ചുകൊള്ളാം എന്നാണ് ഡൊണാൾഡ് ട്രംപ് പറയുന്നത്. അതിനാൽ ഇറക്കുമതി ചുങ്കം വൻതോതിൽ കൂട്ടി. കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ അമേരിക്കയുടെ ചുങ്ക നിരക്ക് ഇത്രയും ഉയർന്ന ഒരു കാലവും ഉണ്ടായിട്ടില്ല എന്നാണ് ആഗോള നിരീക്ഷകനായ ഫരീദ് സക്കറിയ പറയുന്നത്. അതായത് ഒന്നും രണ്ടും ലോകയുദ്ധങ്ങളിലേക്കു നയിച്ച കാലത്തെ വികലമായ സാമ്പത്തിക നയങ്ങളിലേക്കു അമേരിക്കപോവുകയാണ്.
അതിന്റെ ഫലം ഭയാനകമായിരിക്കും. അമേരിക്കയിൽ അതുണ്ടാക്കാൻ പോകുന്നത് കൊടും വിലക്കയറ്റമാണ്. അതിന്റെ ലക്ഷണങ്ങൾ ഇതിനകം തന്നെ കാണുന്നുണ്ട്. മറ്റു രാജ്യങ്ങളിൽ അത് തൊഴിലില്ലായ്മയും ദാരിദ്ര്യവും പട്ടിണിയും കൊണ്ടുവരും. അതിന്റെ ഫലമായി സാമൂഹിക സംഘർഷങ്ങൾ കനക്കും. ലോകം വീണ്ടും ഒരു തീച്ചൂളയായി മാറും. ഒരിക്കൽ അണച്ച സംഘർഷത്തിന്റെ കാട്ടുതീ വീണ്ടും ആഞ്ഞു കത്തിയാൽ അതിനെ നിയന്ത്രിക്കാൻ എരിതീയിൽ എണ്ണയൊഴിച്ചു കത്തിക്കുന്ന കൂട്ടർക്കു സാധ്യമായി എന്നുവരില്ല. അതിനാൽ പഴയ ചുങ്കക്കാരുടെയും പാപികളുടെയും കഥ ഒന്നുകൂടി ഓർമിക്കുന്നത് നല്ലതാണ്.
എൻ.പി. ചെക്കുട്ടി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്