ന്യൂഡല്‍ഹി: ഇന്ത്യയുടെ സമീപനം എല്ലായ്പ്പോഴും കൃത്യവും ഉത്തരവാദിത്തമുള്ളതും ആണെന്ന് അത് ഇനിയും അങ്ങനെ തന്നെ തുടരുമെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കി. ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ഇത് ഉടന്‍ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ബന്ധപ്പെട്ടതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രി ജയശങ്കര്‍ നിലപാട് വ്യക്തമാക്കിയത്.
സംഘര്‍ഷം ലഘൂകരിക്കേണ്ടതിന്റെ ആവശ്യകത യു.എസ് ഉന്നത നയതന്ത്രജ്ഞന്‍ എടുത്തുകാണിക്കുകയും ഇരു രാജ്യങ്ങളും നിലവിലെ സാഹചര്യത്തില്‍ തീവ്രത കുറയ്ക്കുന്നതിനുള്ള രീതികള്‍ മനസിലാക്കണമെന്നും റൂബിയോ പറഞ്ഞിരുന്നു. എസ്. ജയശങ്കര്‍ തന്നെയാണ് റൂബിയോയുമായി സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ പങ്കുവച്ചത്.
ഇന്ന് രാവിലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി ഒരു സംഭാഷണം നടത്തിയിരുന്നു. ഇന്ത്യയുടെ സമീപനം എപ്പോഴും കൃത്യമായി അളന്നുമുറിച്ചതും ഉത്തരവാദിത്തമുള്ളതുമാണ്. അത് അങ്ങനെ തന്നെ തുടരുന്നുമെന്നും ജയശങ്കര്‍ സാമൂഹ്യ മാധ്യമ പോസ്റ്റില്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യം തണുപ്പിക്കാന്‍ യുഎസ് ഇടപെടല്‍ ശക്തമാണ്.
ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തിലെ സുപ്രധാന ചുമതല വഹിക്കുന്ന മാര്‍ക്കോ റൂബിയോ നേരത്തെ പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീറിനോട് സമാനമായ ഒരു അഭ്യര്‍ത്ഥന നടത്തിയിരുന്നു.
ഇരുപക്ഷവും കൃത്യമായ ചര്‍ച്ചകള്‍ ആരംഭിക്കുന്നത് ഉറപ്പാക്കാന്‍ റൂബിയോ യു.എസ് സഹായം വാഗ്ദാനം ചെയ്തതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് മാര്‍ക്കോ റൂബിയോ മന്ത്രി ജയശങ്കറുമായി സംസാരിക്കുന്നത്. ഈ ആഴ്ച ആദ്യം ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍, സംഘര്‍ഷം ലഘൂകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് റൂബിയോ എടുത്തുപറഞ്ഞിരുന്നു. കൂടാതെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനോട് ഭീകരതയെ തടയാന്‍ ഉറച്ച നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഎസ് പ്രസിഡന്റ് ട്രംപും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പ്രകോപനം തുടരുകയാണെന്നാണ് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്നും അതിര്‍ത്തി പ്രദേശങ്ങളില്‍ അവര്‍ ഷെല്ലാക്രമണം നിര്‍ബാധം തുടര്‍ന്നിരുന്നു.
ജമ്മു കശ്മീരിലെ രജൗരിയില്‍ പാകിസ്ഥാന്‍ സൈന്യം പുലര്‍ച്ചെ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. അതിനിടെ ഇന്ത്യയുടെ പല വ്യോമകേന്ദ്രങ്ങളും തകര്‍ത്തെന്ന പാകിസ്ഥാന്‍ വാദം പച്ചക്കള്ളമാണെന്നും പ്രതിരോധ-വിദേശകാര്യ മന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്