ടൈറ്റാനിക് ദുരന്തത്തിന്റെ പ്രവചന സ്വഭാവമുള്ള കത്ത് 

APRIL 30, 2025, 5:48 AM

ടൈറ്റാനിക് കപ്പലിന് സംഭവിച്ചത് തികച്ചും അപ്രതീക്ഷിതമായ ഒരു ദുരന്തമായിരുന്നു. അന്ന് കപ്പല്‍ ദുരന്തത്തെ അതിജീവിച്ചയാള്‍ ദുരന്തത്തിന് തൊട്ട് മുമ്പ് എഴുതിയ ഒരു കത്ത് യുകെയില്‍ ലേലത്തിന് വെച്ചിരുന്നു. റെക്കോഡ് തുകയ്ക്കാണ് ഈ കത്ത് വിറ്റുപോയത്. കേണല്‍ ആര്‍ച്ചിബാള്‍ഡ് ഗ്രേസി എഴുതിയ കത്ത് വില്‍റ്റ്ഷയറിലെ ഹെന്റി ആല്‍ഡ്രിഡ്ജ് ആന്‍ഡ് സണ്‍ ഓക്ഷന്‍ ഹൗസില്‍ നിന്നാണ് വിറ്റുപോയത്. ഏകദേശം 3.41 കോടി രൂപയ്ക്കാണ് കത്ത് വിറ്റുപോയത്. 68 ലക്ഷം രൂപയാണ് കത്തിന് ലേലത്തില്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും അതിന്റെ അഞ്ചിരട്ടി തുകയ്ക്കാണ് കത്ത് വിറ്റുപോയതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

ടൈറ്റാനിക്കിന്റെ കന്നിയാത്രയില്‍ കേണല്‍ ആര്‍ച്ചിബാള്‍ഡ് ഗ്രേസി ഫസ്റ്റ് ക്ലാസിലാണ് യാത്ര ചെയ്തിരുന്നത്. പിന്നീട് 'ദ ട്രൂത്ത് എബൗട്ട് ദി ടൈറ്റാനിക്ക്' എന്ന കൃതിയുടെ രചനയിലൂടെ അദ്ദേഹം പ്രശസ്തനായി. അതില്‍ 1500 പേരുടെ ജീവനെടുത്ത ദുരന്തത്തെക്കുറിച്ച് അദ്ദേഹം വിവരിച്ചു. ലേലം കൊണ്ട കത്തിന് പ്രവചന സ്വഭാവമുണ്ടെന്ന് പറയുന്നു. ''ഇതൊരു നല്ല കപ്പലാണ്. പക്ഷേ, ഞാന്‍ അവളെക്കുറിച്ച് വിധി പറയുന്നതിന് മുമ്പ് എന്റെ യാത്രയുടെ അവസാനം വരെ കാത്തിരിക്കും'' എന്ന് ഗ്രേസി കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

1912 ഏപ്രില്‍ 10ന് സതാംപ്ടണില്‍ വെച്ചാണ് ഗ്രേസി ടൈറ്റാനിക്കില്‍ കയറിയത്. കാബിന്‍ സി51ല്‍ വെച്ചാണ് ഈ കത്തെഴുതിയത്. ഏപ്രില്‍ 11ന് അയര്‍ലണ്ടിലെ ക്വീന്‍സ്ടൗണില്‍ കപ്പല്‍ അല്‍പസമയം നങ്കൂരമിട്ടിരുന്നു. അവിടെ വെച്ചാണ് ഈ കത്ത് ഗ്രേസി പോസ്റ്റ് ചെയ്തത്. ഏപ്രില്‍ 12 ന് ലണ്ടനില്‍ പോസ്റ്റ്മാര്‍ക്ക് ചെയ്തു. ഒരു പരിചയക്കാരനെ അഭിസംബോധന ചെയ്താണ് ഗ്രേസി ഈ കത്തെഴുതിയത്. ലണ്ടനിലെ വാള്‍ഡോര്‍ഫ് ഹോട്ടലില്‍ വെച്ച് അദ്ദേഹത്തിന് ഈ കത്ത് ലഭിച്ചു.

വൈകുന്നേരത്തെ സംഭവങ്ങളുടെ ഏറ്റവും വിശദമായ വിവരണങ്ങളിലൊന്ന് എന്നാണ് ദ ട്രൂത്ത് എബൗട്ട് ദ ടൈറ്റാനിക്ക് എന്നാണ് ഹെന്റി ആല്‍ഡ്രിഡ്ജ് ആന്‍ഡ് സണ്‍ വിശേഷിപ്പിച്ചത്. ''ദുരന്തത്തെ അതിജീവിച്ച ഒരാളാണ് ഇത് എഴുതിയത്. മികച്ച ഉള്ളടക്കമാണിതില്‍ ഉള്ളത്. കൂടാതെ, ലെറ്റര്‍ കാര്‍ഡിലാണ് ഇത് എഴുതിയിരിക്കുന്നത്, ശരിക്കും അസാധാരണമായ ഒന്ന്,'' ഗാര്‍ഡിയിനിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നാല് വശങ്ങളിലായി എഴുതിയ കത്തില്‍ മറ്റൊരു കപ്പലായ ഓഷ്യാനിക്കിനെക്കുറിച്ചും വിവരിച്ചിട്ടുണ്ട്. ''ഓഷ്യാനിക് ഒരു പഴയ സുഹൃത്തിനെ പോലെയാണ്. ഈ വലിയ കപ്പലിന്റെ അത്ര വിശാലതയും വൈവിധ്യമാര്‍ന്ന വിനോദപരിപാടികളുമൊന്നുമില്ലെങ്കിലും അവളുടെ ഗുണങ്ങളും യാച്ച് പോലെയുള്ള രൂപവും എനിക്ക് മിസ് ചെയ്യുന്നുണ്ട്,'' ഗ്രേസി കുറിച്ചു.

യാത്രക്കിടെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ സഹായിക്കുന്നതിനായാണ് ഗ്രേസി തന്റെ സമയത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്. ടൈറ്റാനിക്ക് മുങ്ങിയപ്പോള്‍ രക്ഷപ്പെട്ട ഒരു സ്ത്രീയുടെയും മൂന്ന് സഹോദരിമാരുടെയും അടുത്തായാണ് അദ്ദേഹം കപ്പലില്‍ താമസിച്ചിരുന്നത്. ഏപ്രില്‍ 14ന് അദ്ദേഹം സക്വാഷ് കളിച്ചു. കപ്പലിലെ കുളത്തില്‍ നീന്തി, പള്ളിയിലെ ആരാധനയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അന്ന് രാത്രി ഏകദേശം 11.40ന് അദ്ദേഹം ഉറക്കമുണന്നപ്പോള്‍ കപ്പലിന്റെ എഞ്ചിനുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് മനസ്സിലായി. സ്ത്രീകളെയും കുട്ടികളെയും ലൈഫ് ബോട്ടുകളില്‍ കയറ്റാന്‍ സഹായിച്ചു. അവര്‍ക്ക് പുതപ്പുകള്‍ കൊണ്ടുവന്ന് കൊടുത്തു. ടൈറ്റാനിക്ക് വടക്കന്‍ അറ്റലാന്റിക് സമുദ്രത്തില്‍ മുങ്ങുമ്പോള്‍ ഒരു ലൈഫ് ബോട്ടില്‍ കയറി അദ്ദേഹം രക്ഷപ്പെടുകയായിരുന്നു.

തണുത്തുറഞ്ഞ വെള്ളത്തില്‍ നീന്തുന്നവര്‍ സഹായത്തിനായി യാചിച്ചിരുന്നുവെന്നും ഇതിനോടകം ലൈഫ് ബോട്ടിലുണ്ടായിരുന്നവര്‍ കൂടുതല്‍ ആളുകളെ കയറ്റിയാല്‍ തങ്ങളും മുങ്ങിപ്പോകുമെന്ന് ഭയപ്പെട്ടിരുന്നതായും പിന്നീട് ഗ്രേസി എഴുതി. ലൈഫ് ബോട്ടില്‍ കയറിയ പകുതിയോളം പേരും രാത്രി അതിജീവിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. തണുപ്പും ക്ഷീണവും മൂലം അവര്‍ മരിക്കുകയായിരുന്നു.

പുലര്‍ച്ചെ ഗ്രേസി കാര്‍പാത്തിയ എന്ന രക്ഷാ കപ്പലില്‍ ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് മടങ്ങി. അവിടെ വെച്ചാണ് തനിക്കുണ്ടായ അനുഭവം അദ്ദേഹം എഴുതിയത്. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടുവെങ്കിലും ഹൈപ്പോതെര്‍മിയയും അപകടത്തിലുണ്ടായ പരിക്കുകളും മൂലം അദ്ദേഹത്തിന് ആരോഗ്യം പൂര്‍ണമായും വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. 1912 ഡിസംബര്‍ 2ന് അദ്ദേഹം കോമയിലായി. പ്രമേഹം കടുത്തതോടെ ഇതിന് രണ്ടുദിവസത്തിന് ശേഷം അദ്ദേഹം ലോകത്തോട് വിടപറഞ്ഞു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam