ജീവിതത്തിനു താളഭദ്രതയേകാൻ നാലു കാര്യങ്ങൾ ശ്രദ്ധിക്കണമെന്നുപദേശിച്ചു പ്രമുഖ പ്രചോദക രചയിതാവായ വില്യം ആർതർ വാർഡ്. സംസാരിക്കുന്നതിനു മുമ്പായി മനസും കാതും സമന്വയിപ്പിച്ചു ശ്രവിക്കുക, എഴുതുന്നതിനു മുമ്പ് നന്നായി ചിന്തിക്കുക എന്നിവയാണതിൽ ആദ്യത്തെ രണ്ടെണ്ണം. സമ്പാദിച്ച ശേഷമേ ചെലവഴിക്കാവൂ എന്നതാണ് അര നൂറ്റാണ്ടു മുമ്പ് അദ്ദേഹം നൽകിയ മൂന്നാമത്തെ ഉപദേശം. ഇവയേക്കാൾ ശ്രദ്ധ അർഹിക്കുന്നു നാലാമത്തേത്: Before you invest, investigate.
പ്രാസമൊപ്പിച്ച് രണ്ടു വാക്കുകൾ കൂട്ടിച്ചേർത്തവതരിപ്പിച്ചതല്ല വില്യം ആർതർ വാർഡ് എന്ന് ആവർത്തിച്ചു വ്യക്തമാകുന്നുണ്ട് മലയാളികൾ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പു സംഭവങ്ങൾ പെരുകുമ്പോൾ. കുറുക്കുവഴികളിലൂടെ പണം പെരുപ്പിക്കാൻ ചാടിയിറങ്ങി മലയാളികൾ കാലിടറി വീണു കരയുന്ന വാർത്തകൾ ദിനംപ്രതിയുണ്ടാകുന്നു. കേരളത്തിൽ രൂപം കൊണ്ട സാമ്പത്തിക തട്ടിപ്പുകളിൽ അനേകം പേർ ഇരകളാകുന്ന സംഭവങ്ങൾ നേരത്തെയുമുണ്ടായിരുന്നെന്നതു ശരി.'പ്രബുദ്ധ കേരളീയരെ' ലക്ഷ്യം വെച്ചുള്ള തട്ടിപ്പുകാരുടെ അരങ്ങേറ്റം പതിറ്റാണ്ടുകൾക്കു മുമ്പേ സംഭവിച്ചു.
അതേസമയം, സോഷ്യൽ മീഡിയ ജാഗരൂകമായി വേരു പടർത്തിയ ശേഷവും തട്ടിപ്പുകളുടെ വൈവിധ്യവും പരപ്പും ഗൗരവവും വർദ്ധിക്കുന്നുവെന്ന വസ്തുത സാമൂഹിക നിരീക്ഷകരെയും നിയമ പാലകരെയും വല്ലാതെ വിസ്മയിപ്പിക്കുന്നു. സൈബർ തട്ടിപ്പിനെക്കുറിച്ച് പോലീസും ഔദ്യോഗികവൃത്തങ്ങളും നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഫോൺ ചെവിയിൽ വയ്ക്കുമ്പോഴേ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഇതുസംബന്ധിച്ച മുന്നറിയിപ്പുകളാണ് ആദ്യമായി കേൾക്കുന്നത്. എന്നിട്ടും തട്ടിപ്പു പെരുകുന്നു, ഇരകളായി മാറി വിലപിക്കുന്നു ധാരാളം പേർ.
ആർതർ വാർഡിന്റെ ഉദ്‌ബോധനത്തിനു പുറമേ സാമ്പത്തിക ശാസ്ത്രജ്ഞരുടെയും നിയമ പാലകരുടെയും മുന്നറിയിപ്പും വേണ്ടത്രയുണ്ടായിട്ടും ധനനിക്ഷേപത്തിനു മുമ്പേ തീവ്രമായ അന്വേഷണത്തിനു മുതിരുന്നില്ല പലരും. ധനകാര്യ അച്ചടക്കത്തിന്റെ പാഠങ്ങൾ ചെവിതുറന്നു
കേൾക്കാതെ ഇടറിവീഴുന്നു സാമ്പത്തിക സാക്ഷരതയെ അകറ്റിനിർത്തുന്ന അവർ. 1,200 കോടി രൂപയാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മലയാളിക്ക് നഷ്ടമായതെന്നാണ് സൈബർ പോലീസിന്റെ കണക്ക്. ഇതുപക്ഷേ, അവർക്ക് ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള കേവല കണക്കാണ്. മഞ്ഞുമലയുടെ അഗ്രം മാത്രമേ പല തട്ടിപ്പുകളിലും പുറത്തുവരാറുള്ളൂ. കണക്കില്ലാത്ത പണമാകയാലും മാനനഷ്ടം ഭയന്നും പരാതി നൽകുന്നില്ല പല ഇരകളും. പരാതി നൽകിയാൽ സാമ്പത്തിക ഉറവിടം വെളിപ്പെടുത്തേണ്ടി വരും. സാമ്പത്തിക തട്ടിപ്പിനിരയായി എന്ന് വ്യക്തമായാൽ ഒരു മണിക്കൂറിനകം 1930 എന്ന ഫോൺ നമ്പറിൽ സൈബർ സെല്ലിൽ വിവരമറിയിച്ചാൽ തുക തിരിച്ചുപിടിക്കാനായേക്കുമെന്ന് വിദഗ്ധർ പറയുന്നു.
സൈബർ തട്ടിപ്പിലൂടെ കേരളീയർക്ക് നഷ്ടമായ 1,200 കോടിയിൽ 180 കോടി മാത്രമാണ് സൈബർ പോലീസിന്റെ ഇടപെടലിൽ തിരിച്ചു പിടിക്കാനായിട്ടുള്ളത്. സംസ്ഥാനത്ത് നിരവധി പേർക്കാണ് ഷെയർ ട്രേഡിംഗ് അഥവാ ഓഹരി വിപണനത്തിന്റെ പേരിൽ സമീപ കാലത്തായി വൻതോതിൽ പണം നഷ്ടമായത്. ഇടപാടുകാരുടെ വിശ്വാസം പിടിച്ചുപറ്റാനായി തുടക്കത്തിൽ ലാഭമെന്ന പേരിൽ ആകർഷക തുക തിരിച്ചു നൽകും. ഇതിൽ കുരുങ്ങിയാണ് പിന്നീട് വൻതോതിൽ പണം നിക്ഷേപിക്കുന്നത്. ഓൺലൈൻ തട്ടിപ്പിൽ വഞ്ചിതരായി കേരളീയരുടെ പണം നഷ്ടമാകാത്ത ദിനങ്ങൾ അപൂർവം. ലക്ഷങ്ങളും കോടികളുമാണ് പലർക്കും നഷ്ടമാകുന്നത്.
ബാങ്ക് മാനേജറായിരുന്ന ശേഷം റിട്ടയർ ചെയ്ത കോഴിക്കോട് സ്വദേശിയുടെ 65 ലക്ഷം രൂപ പോയി. ഓൺലൈൻ വഴി വിദേശ നാണയ വ്യാപാരം നടത്തി വൻ ലാഭമുണ്ടാക്കിത്തരാമെന്ന് പ്രലോഭിപ്പിച്ചാണ് കോഴിക്കോട് സൗത്ത് ബീച്ച് പാംപീച്ച് അപ്പാർട്ട്‌മെന്റിലെ വിമൽ പ്രതാപ് റായ് റാഡിയ ഈ തുക തട്ടിയെടുത്തത്. വിമൽ പ്രതാപ് റായിയെ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
കാച്ചി പെരുമ്പാവൂർ സ്വദേശിക്ക് നാലര കോടി നഷ്ടമായ കഥ ഈ വർഷമാദ്യം പുറത്തുവന്നിരുന്നു. ദുബായിൽ വെച്ച് പരിചയപ്പെട്ട ആളാണ്, ഷെയർ ട്രേഡിംഗിൽ വിദഗ്ധനാണെന്നും താനും സംഘാംഗങ്ങളും പറയുന്ന പ്രകാരം പണം നിക്ഷേപിച്ചാൽ വൻ തുക ലാഭം കൊയ്യാമെന്നും പ്രലോഭിപ്പിച്ച് ഇദ്ദേഹത്തെ കുരുക്കിൽ പെടുത്തിയത്. മോഹന സുന്ദര വാഗ്ദാനങ്ങളിൽ വിശ്വസിച്ച് ആദ്യം ചെറിയൊരു തുക നിക്ഷേപിച്ചു. അതിൽ വൻ ലാഭം ലഭിച്ചു. തട്ടിപ്പുസംഘം നടത്തിയ വിത്തുവിതയ്ക്കൽ ആയിരുന്നു അത്. തുടർന്നു സംഘം നിർദേശിച്ച വിവിധ അക്കൗണ്ടുകളിലേക്കായി നാലര കോടി നിക്ഷേപിച്ചു. നിക്ഷേപിച്ചതിനേക്കാൾ ലാഭം നേടിയെന്നു കാണിക്കുന്ന സ്‌ക്രീൻഷോട്ട് താമസിയാതെ ഫോണിൽ കൈപ്പറ്റി. പക്ഷേ, ഇത് വ്യാജ സ്‌ക്രീൻ ഷോട്ടായിരുന്നു. തുക പിൻവലിക്കാൻ തുനിഞ്ഞപ്പോഴാണ് തന്റെ അക്കൗണ്ടിൽ പണം വന്നിട്ടില്ലെന്നു പെരുമ്പാവൂർ സ്വദേശിക്കു മനസ്സിലായത്.
തൃശൂർ ഇരിങ്ങാലക്കുട സ്വദേശിക്ക് ആപ്പ് വഴിയുള്ള ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിൽ അകപ്പെട്ട് ഒരു കോടി നഷ്ടമായി. പട്ടാമ്പി കൊപ്പം ആമയൂർ സ്വദേശിയാണ് എഫ്.യു.വി.ഇ.പി.സി.എൽ 03 എന്ന ആപ്പ് വഴി പണം കവർന്നത്.'ആദിത്യ ബിർള ഇക്വിറ്റി ലേണിംഗ്' എന്ന പേരിൽ പ്രത്യക്ഷപ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി പലരിൽ നിന്നായി 90 ലക്ഷം കൈക്കലാക്കിയ മൂന്ന് പേരെ കൊച്ചി സൈബർ പോലീസ് പിടികൂടിയത് ഈ മാസമാദ്യമാണ്. ഇരിങ്ങാലക്കുടയിലെ റിട്ടയേർഡ് അധ്യാപകനിൽ നിന്ന് ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശികളായ രണ്ട് പേർ മൂന്നാഴ്ച മുമ്പ് അറസ്റ്റിലായി.
സൈബറിടം ചതിക്കും
ഗൂഗിൾ പേ എന്ന പണമിടപാട് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിനിടെ ചിലപ്പോൾ അയച്ച പണം ലക്ഷ്യസ്ഥാനത്ത് എത്താൻ താമസമുണ്ടാകാറുണ്ട്. മിക്കപ്പോഴും മണിക്കൂറുകൾക്കുശേഷം തിരികെ അക്കൗണ്ടിൽ വരും. എന്നാൽ, ചിലർ ഇതിനകം തന്നെ പണം നഷ്ടപ്പെട്ടെന്നു ധരിച്ച് പരാതി അറിയിക്കാൻ ഗൂഗിളിന്റെ സഹായത്തോടെ ശ്രമം നടത്തും. ഗൂഗിളിൽ പരതുമ്പോൾ കിട്ടുന്ന ടോൾഫ്രീ നമ്പറിൽ വിളിക്കുന്നതോടെ കുരുക്കിലേക്കു വഴി തുറക്കുന്നു. പണം നഷ്ടപ്പെട്ട ഇടപാടുവിവരങ്ങൾ അന്വേഷിച്ചറിയുന്നുവെന്ന ഭാവത്തിൽ അക്കൗണ്ട് വിവരങ്ങൾ അപ്പുറം കോൾ സെന്ററിൽ ഇരിക്കുന്നവർ നേടിയെടുക്കും. ഏതാനും നിമിഷങ്ങൾകൊണ്ട് അക്കൗണ്ടിൽ അവശേഷിച്ച പണംകൂടി അവർ വലിച്ചെടുക്കും. അങ്ങനെയാണ് സൈബർ സാക്ഷരരെപ്പോലും കുരുക്കുന്ന കെണികളുടെ പോക്ക്. ഗൂഗിൾ പേയുടെ ആപ്പിൽ തന്നെയുള്ള പരാതി അറിയിക്കൽ സംവിധാനമാണ് യഥാർത്ഥത്തിൽ ഉപയോഗിക്കേണ്ടതെന്ന് സൈബർ വിദഗ്ധർ പറയുന്നത് പലരും ഗൗനിക്കാറില്ല.
ഒരു പോലീസ് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടുന്നു: വിവിധ ഭാഷകൾ സംസാരിക്കാനോ അഥവാ കേട്ടാൽ മനസ്സിലാക്കാനോയെങ്കിലും സാധിക്കുക, കംപ്യൂട്ടർ പരിജ്ഞാനമുണ്ടെന്ന ബോധം, അധികമാരും അറിയാതെ പെട്ടെന്ന് ധനികരാകാനുള്ള മോഹം, കൈവശം വല്ല സമ്പാദ്യവുമുണ്ടെങ്കിൽ അത് എന്തിലെങ്കിലും നിക്ഷേപിച്ച് കുറഞ്ഞകാലംകൊണ്ട് പല മടങ്ങാക്കാനുള്ള ത്വര... ഇതാണ് ഒരു ശരാശരി മലയാളിയെ തട്ടിപ്പുകളിൽ ഇരയാക്കുന്ന മുഖ്യ ഘടകങ്ങൾ. ഈ ചേരുവയിൽ മറ്റൊന്നുകൂടിയുണ്ട്. ഏതെങ്കിലും ഒരു പ്രമുഖനുമായി ബന്ധമുണ്ടെന്നു പറഞ്ഞാൽ അത് കണ്ണടച്ച് വിശ്വസിക്കുന്ന മാനസികാവസ്ഥ. ഇതെല്ലാം കൂടിച്ചേരുന്ന മനോനിലയിലേക്ക് മലയാളി മാറിയതാണ് തുടരെ സാമ്പത്തികത്തട്ടിപ്പുകളിൽ കോടീശ്വരൻമുതൽ നിത്യവൃത്തിക്കാരൻവരെ ഇരയാകുന്നതിനിടയാക്കിയത്.
പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പ്രമുഖ സിനിമാ താരങ്ങൾക്കുമൊപ്പം നിൽക്കുന്ന ഫോട്ടോ കാണിച്ച് തട്ടിപ്പ് നടത്തുന്നു വിരുതന്മാർ. സാധാരണക്കാരല്ല, ഡോക്ടർമാർ, എൻജിനീയർമാർ, റിട്ടയേർഡ് ഉദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങി വിദ്യാസമ്പന്നരും ബിസിനസ്സുകാരുമെല്ലാം വലയിൽ വീഴുന്നു. ആട് തേക്ക് മാഞ്ചിയം, മണി ചെയിൻ, ആഫ്രിക്കൻ സ്വത്തുകൈമാറ്റം, ഖനനംചെയ്‌തെടുത്ത അപൂർവനിധി, റൈസ് പുള്ളർ, സൈബർ ഫ്രോഡ്, തൊഴിൽ വാഗ്ദാനം, പുരാവസ്തുക്കൾ ചുളുവിലയ്ക്ക്, ബിറ്റ് കോയിൻ, ഹണി ട്രാപ്പ്, ക്യൂനെറ്റ്, ഹലാൽ ബിസിനസ്, ടൂർ ആൻഡ് ടൂറിസം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത മേഖലകളിൽ തട്ടിപ്പ് കേരളത്തിൽ ഓരോരോ കാലത്തായി നടന്നു. കുറേപ്പേർ ഇരയായി. അതിലേറെപ്പേർ ആ തട്ടിപ്പുകളെക്കുറിച്ച് പത്രങ്ങളിലൂടെയും മറ്റും അറിഞ്ഞു.
എന്നാലും അടുത്തദിവസം വീണ്ടും പുതിയൊരു കഥയുമായി നിങ്ങൾക്ക് ധനികനാകാം എന്നുപറഞ്ഞാരെങ്കിലും വന്നാൽ അതിലും വീഴും നമുക്കിടയിലെ കുറെപ്പേർ. 'ആട്, തേക്ക്, മാഞ്ചിയം' തട്ടിപ്പിന്റെ ന്യൂജനറേഷനാണ് നിലവിലെ ഓൺലൈൻ തട്ടിപ്പുകൾ. ഏതെങ്കിലുമൊരു അപരിചിതൻ യൂണിഫോം ധരിച്ച് വീഡിയോ കോളിലൂടെ എൻഫോഴ്‌സ്‌മെന്റിൽ നിന്നോ ഇൻകം ടാക്‌സിൽ നിന്നോ ആണെന്ന് അവകാശപ്പെട്ടാൽ ഭയപ്പെട്ട് അവർ പറയുന്ന അക്കൗണ്ടിലേക്ക് കോടികൾ അയക്കുന്നു നല്ലൊരു പങ്കും.
സമ്പൂർണ സാക്ഷരതയുടെ പേരിൽ ഊറ്റം കൊള്ളുന്ന മലയാളികൾ പ്രബുദ്ധരാണെന്നു ചൂണ്ടിക്കാട്ടപ്പെടുന്നുണ്ടെങ്കിലും പണത്തോടുള്ള ആർത്തിയിൽ തട്ടിപ്പുകാരുടെ മുമ്പിൽ ചിന്താശക്തിയും കാര്യബോധവും നഷ്ടമാകുന്നു. അക്ഷരജ്ഞാനം നേടുന്നവർക്ക് സാമ്പത്തിക സാക്ഷരത ഉണ്ടാകണമെന്നില്ല. റിസർവ് ബാങ്ക് ഔദ്യാഗികമായി മുന്നോട്ടുവെക്കുന്ന ബാങ്കിങ് പലിശ നിരക്കുകളെയെല്ലാം കാറ്റിൽപ്പറത്തി് കുറഞ്ഞകാലത്തെ നിക്ഷേപത്തിലൂടെ പണം ഇരട്ടിപ്പിക്കുന്ന തട്ടിപ്പുകമ്പനികൾ കൂണുകണക്കെ നാട്ടിലുണ്ട്. ഒരുകാലത്ത് ഓപ്പറേഷൻ കുബേരയെന്ന പോലീസ് സംയുക്ത പരിശോധനയുടെ പേരിൽ പിടിയിലായവർ പിന്നീട് വീണ്ടും സ്വർണാഭരണ വിഭൂഷിതരായി, തേച്ചുമിനുക്കിയ കുപ്പായമണിഞ്ഞ് ബ്‌ളേഡുമായി രംഗത്തു വിലസുന്നു.
40 ശതമാനംവരെ പലിശ വാഗ്ദാനംചെയ്ത് പണം പിരിച്ചെടുത്തു മുങ്ങുന്നവർ ഇക്കൂട്ടത്തിലുണ്ട്. രാഷ്ട്രീയകക്ഷികളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും ചില സിനിമാ താരങ്ങളുടെയുമെല്ലാം പരിചയങ്ങൾ ദുരുപയോഗം ചെയ്ത് മുതലാക്കുന്നു ഇവർ. സാമ്പത്തിക സാക്ഷരതയിലൂടെ മാത്രമേ ഈ രംഗത്തെ നെല്ലും പതിരും വേർതിരിച്ചറിയാനുള്ള വിവേകവും കഴിവും കൈവരൂ. അപരിചിതർ അമിത ലാഭം വാഗ്ദാനം ചെയ്യുമ്പോൾ, അത് പ്രാവർത്തികവും പ്രായോഗികവുമാണോ എന്ന് ചിന്തിക്കുകയും തിരിച്ചറിയുകയും വേണം. ധനനിക്ഷേപത്തിനു മുമ്പേ തീവ്രമായ അന്വേഷണം ആവശ്യമെന്ന് ആർതർ വാർഡ് പറഞ്ഞതിന്റെ അർത്ഥമറിയണം.
ദീർഘകാലാടിസ്ഥാനത്തിൽ സുസ്ഥിരമായ സമ്പത്ത് ആഗ്രഹിക്കുന്നവർക്ക് നിയമവിധേയവും വിശ്വാസത്തിലെടുക്കാവുന്നതുമായ അറിയപ്പെട്ട ബിസിനസ്സ് സ്ഥാപനങ്ങളിൽ ഷെയർ എടുക്കുന്നതുൾപ്പെടെ ഏറെക്കുറെ വിശ്വസനീയമായ മാർഗങ്ങളുണ്ട്. ഇത്തരം സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്ന മലയാളികളുടെ എണ്ണം വളരെ കുറവാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. യുക്തിസഹമല്ലാത്ത വാഗ്ദാനങ്ങളിൽ വിശ്വസിച്ച് കഷ്ടപ്പെട്ടു സമ്പാദിക്കുന്ന പണം തട്ടിപ്പുകാരുടെ കൈകളിൽ അകപ്പെടരുത്. ഇക്കാര്യത്തിൽ അത്ര ഭദ്രമെന്ന് ഇപ്പോഴും പറായാനാകില്ല മലയാളിയുടെ പ്രബുദ്ധതയും വിവേകവും.
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1