അന്യഗ്രഹപേടകമോ ? സൗരയൂഥം ലക്ഷ്യമാക്കി അജ്ഞാതവസ്തു; തലപുകഞ്ഞ് ശാസ്ത്രജ്ഞര്‍ !

AUGUST 11, 2025, 7:08 PM

ലോകത്തുള്ള ശാസ്ത്രജ്ഞര്‍ക്കാകെ തലവേദനയായി മാറിയിരിക്കുകയാണ് ബഹിരാകാശത്ത് കണ്ടെത്തിയ ഒരു അജ്ഞാത വസ്തു. 3ഐ/ അറ്റ്‌ലസ് എന്ന് പേരിട്ടിരിക്കുന്ന ഈ വസ്തു വിദൂരപ്രപഞ്ചത്തില്‍ നിന്ന് നമ്മുടെ സൗരയൂഥം സന്ദര്‍ശിക്കുന്ന മൂന്നാമത്തെ വസ്തുവാണ്. എവിടെ നിന്നാണ് ഇതിന്റെ വരവെന്നോ എങ്ങനെയാണ് ഇത് ഇത്രയധികം സ്പീഡില്‍ സൗരയൂഥത്തോട് അടുക്കുന്നതെന്നോ കണ്ടെത്താനായിട്ടുമില്ല.

ഏതാണ്ട് 12 മൈല്‍ വിസ്തീര്‍ണമുണ്ട് 3ഐ/അറ്റ്‌ലസിന്. സെക്കന്‍ഡില്‍ 37 മൈല്‍ വേഗതയിലാണ് സഞ്ചാരം. നാസയുടെ അറ്റ്‌ലസ് പ്രോജക്ടിന്റെ ഭാഗമായി ചിലിയില്‍ ഘടിപ്പിച്ച ഒരു ടെലസ്‌കോപ്പാണ് ആദ്യം ഈ അറ്റ്‌ലസിന്റെ ചിത്രം പകര്‍ത്തുന്നത്. ജൂലൈയിലായിരുന്നു ഇത്. ആദ്യമൊക്കെ ഇതൊരു ഛിന്നഗ്രഹമാണെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിച്ചത്. എന്നാല്‍ തുടര്‍ നിരീക്ഷണങ്ങളില്‍, ഇത് ഒന്നുകില്‍ വാല്‍നക്ഷത്രമോ അല്ലെങ്കില്‍ മറ്റേതെങ്കിലും ബഹിരാകാശവസ്തുവോ ആകാമെന്നാണ് നിഗമനം. 

അതേസമയം ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ആസ്‌ട്രോഫിസിസ്റ്റ് അവി ലിയോബിന്റെ ഒരു പഠനം കണക്കുകൂട്ടലുകള്‍ മറ്റൊരു തലത്തിലേക്ക് എത്തിച്ചു. 3ഐ/അറ്റ്‌ലസ് വെറുമൊരു നാച്ചുറല്‍ ഒബ്ജക്റ്റ് എന്നതിലുപതി, അന്യഗ്രഹങ്ങളിലെ സാങ്കേതിവിദ്യ വെളിവാക്കുന്ന ഒരു ഉപകരണം ആണെങ്കിലോ എന്ന് അദ്ദേഹം ഒരു തിയറി ഇറക്കി. അന്യഗ്രഹജീവികളെ കുറിച്ച് അതിശക്തമായ ഗവേഷണങ്ങള്‍ നിരത്തി ശാസ്ത്രലോകത്തെ അമ്പരപ്പിച്ചിട്ടുള്ള ഗവേഷകനാണ് ലിയോബ്. ഇദ്ദേഹത്തിന്റെ പ്രബന്ധങ്ങള്‍, അന്യഗ്രഹജീവികളെ കുറിച്ചുള്ള പഠനങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടുമാണ്. അതുകൊണ്ടു തന്നെ ഇതങ്ങനെ തള്ളിക്കളയാന്‍ ശാസ്ത്രജ്ഞര്‍ തയ്യാറായില്ല. വിഷയത്തില്‍ ഗഹനമായ പഠനം നടത്താന്‍ ലിയോബിനോടവര്‍ നിര്‍ദേശിച്ചു. ഇങ്ങനെ നടത്തിയ ഗവേഷണങ്ങളില്‍ പല വാദങ്ങളും ലിയോബ് നിരത്തി. 3ഐ/അറ്റ്‌ലസ് നമ്മുടെ സൗരയൂഥത്തിനോട് വിരുദ്ധസ്വഭാവം കാണിക്കുന്ന ഒന്നാകാം എന്നായിരുന്നു ഇതില്‍ പ്രധാനപ്പെട്ട ഒരു നിരീക്ഷണം.

എന്തുകൊണ്ടെന്നാല്‍ പ്രപഞ്ചത്തിലെ മറ്റ് ജീവിസമൂഹം അപകടകാരികളും മനുഷ്യരേക്കാള്‍ ബൗദ്ധികമായ പതിന്മടങ്ങ് വികസിച്ചവരും ആകാമെന്നാണ് ലിയോബ് പറയുന്നത്. അതുകൊണ്ടു തന്നെ, ഇവയ്ക്ക് ആധിപത്യസ്വഭാവവും ഉണ്ടാകും. പ്രപഞ്ചത്തിലെ മറ്റ് സമൂഹങ്ങളുടെ കണ്ണില്‍ പെടാത്ത വിധം രഹസ്യമായാണ് ഇവര്‍ സഞ്ചരിക്കുന്നതെന്നും അതാണ് ഇതുവരെ ഇത്തരമൊരു വസ്തു നമ്മുടെ കണ്ണില്‍ പെടാഞ്ഞതെന്നും ലിയോബ് വ്യക്തമാക്കുന്നു.

എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ പല ശാസ്ത്രജ്ഞരും തയ്യാറായില്ല. ഏലിയന്‍ സാന്നിധ്യം ഈ സംഭവത്തില്‍ ഏറെക്കുറെ സ്ഥിരീകരിക്കാമെങ്കിലും ലിയോബ് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ആസ്‌ട്രോണമര്‍ ക്രിസ് ലിനറ്റ് പ്രതികരിച്ചത്. 3ഐ/അറ്റ്‌ലസിന്റെ ഉത്ഭവം കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട ടീമില്‍ ലിനറ്റും ഉണ്ടായിരുന്നു. പുതുതായി കണ്ടെത്തിയ വസ്തു, അന്യഗ്രഹജീവികള്‍ ഉണ്ടാക്കിയതാണെന്നത് അടിസ്ഥാനരഹിതമായ വാദമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. 3ഐ/അറ്റ്‌ലസ് തികച്ചും പ്രകൃതിദത്തമായ ഒരു വസ്തുവാണെന്നും ആ വാദത്തെ തള്ളിപ്പറയുന്നവര്‍ വസ്തുവിന്റെ ഉത്ഭവത്തെ കുറിച്ച് നടക്കുന്ന പഠനങ്ങള്‍ക്ക് തടസ്സം നില്‍ക്കുകയാണെന്നും ക്രിസ് ആഞ്ഞടിച്ചു.

ലിയോബും ഇതിനോട് അനുകൂലിച്ച് തന്നെയാണ് പ്രതികരിച്ചത്. വിഷയത്തില്‍ അന്യഗ്രഹജീവികളുടെ സാന്നിധ്യം സംശയിക്കാം എന്നല്ലാതെ വസ്തു അവയുടെ നിര്‍മിതി ആണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നായി ലിയോബ്. ഇതൊരു വാല്‍നക്ഷത്രമാകാനുള്ള സാധ്യതയാണ് കൂടുതലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതാദ്യമായല്ല, പ്രപഞ്ചവസ്തുക്കളില്‍ അന്യഗ്രഹങ്ങളിലെ സാങ്കേതികവിദ്യയുടെ സാധ്യത ചൂണ്ടിക്കാട്ടി ലിയോബ് രംഗത്തെത്തുന്നത്. 

2017 ലും ഇതപോലെ ബഹിരാകാശത്ത് കണ്ടെത്തിയ ഒരു വസ്തു, ഏലിയന്‍സിന്റെ പേടകമാണെന്ന് അദ്ദേഹം വാദിച്ചിരുന്നു. 2014 ല്‍ കണ്ടെത്തിയ ഒരു ഉല്‍ക്കയുടെ അവശിഷ്ടങ്ങള്‍ നമ്മുടെ സൗരയൂഥത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ലോഹമിശ്രമാണെന്നും അദ്ദേഹം വാദങ്ങളുയര്‍ത്തി. ഇതിന്റെ ഉത്ഭവം കണ്ടെത്താനായി ഒരു മിഷന്‍ തന്നെ സംഘടിപ്പിക്കുകയും ചെയ്തു. പക്ഷേ ഒന്നും കണ്ടെത്താനായില്ല. എങ്കിലും തന്റെ പഠനങ്ങളൊന്നും അവസാനിപ്പിക്കാന്‍ ലിയോബ് തയ്യാറായില്ല. 3ഐ/അറ്റ്‌ലസിന്റെ ഉത്ഭവത്തെ കുറിച്ച് തന്റേതായ കണ്ടെത്തലുകളില്‍ ലിയോബ് ഉറച്ചുനില്‍ക്കുന്നതും അതേ കാരണം കൊണ്ടുതന്നെയാണ്.

2025 ഒക്ടോബര്‍ 30ന്, 3ഐ/അറ്റ്‌ലസ് ഭൂമിയെ കടന്നുപോകുമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. അപ്പോള്‍ ഇതിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam