മലപ്പുറം: സഹോദരന് ലഹരിക്കേസില്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്.
സഹോദരൻ്റെ അറസ്റ്റുമായി ബന്ധപ്പെട്ട കേസിൽ ഇടപെടില്ലെന്നും തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും പികെ ഫിറോസ് പറഞ്ഞു. പൊലീസ് പിടികൂടിയ റിയാസ് സിപിഎം പ്രവർത്തകനാണെന്നും ഇയാളെ പ്രാദേശിക നേതാക്കൾ ഇറക്കി കൊണ്ടുപോയെന്നും പികെ ഫിറോസ് ആരോപിച്ചു. സഹോദരൻ്റെ അറസ്റ്റിൽ പികെ ഫിറോസിനെതിരെ വ്യാപകമായി രാഷ്ട്രീയ വിമർശനങ്ങൾ ഉയർന്നതോടെയാണ് ഫിറോസ് മാധ്യമങ്ങളോട് നിലപാട് വ്യക്തമാക്കിയത്.
സഹോദരന് തന്റെ രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വേറെ വ്യക്തിയാണെന്നും പി കെ ഫിറോസ് പറഞ്ഞു.
'എന്റെ സഹോദരനെതിരെ ചുമത്തിയ കുറ്റം ബിഎന്‍എസിലെ രണ്ട് വകുപ്പുകളാണ്. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി, പൊലീസിനെ പരിക്കേല്‍പ്പിച്ചു എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
സഹോദരന് ചെയ്ത കുറ്റകൃത്യത്തിന് അദ്ദേഹത്തിന്റെ സഹോദരനായ എനിക്കെതിരെ വ്യാപകമായി പ്രചാരണം നടക്കുകയാണ്. സഹോദരന് ഒരു വ്യക്തിയാണ്. ഞാന്‍ വേറൊരു വ്യക്തിയാണ്. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയവുമായി ഒരു യോജിപ്പുമില്ല, നിരന്തരം വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും വേറെയാണ്'-പി കെ ഫിറോസ് പറഞ്ഞു.
'ലഹരിയിടപാട് നടത്തിയ റിയാസ് തൊടുകയിലിനെ പൊലീസ് പിടികൂടിയപ്പോള്‍ അദ്ദേഹത്തിന്റെ ഫോണിലേക്ക് എന്റെ സഹോദരന്റെ മെസേജ് വന്നു എന്നാണ് മറ്റൊരു ആരോപണം. റിയാസ് തൊടുവേല്‍ ആണ് ലഹരിയിടപാട് നടത്തുന്നത്. എന്തിനാണ് അയാളെ ഇന്നലെ പൊലീസ് വിട്ടയച്ചത്? അയാള്‍ ഏത് പാര്‍ട്ടിക്കാരനാണ്? അയാള്‍ സിപിഐഎമ്മുകാരനാണ്. അയാളെ വിട്ടയക്കാന്‍ ആരൊക്കെയാണ് ഇന്നലെ പൊലീസ് സ്റ്റേഷനില്‍ ചെന്നത്? സിപിഐഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി നേതാക്കളാണ്. അദ്ദേഹവുമായി എന്റെ സഹോദരന് വാട്ട്സാപ്പ് ചാറ്റ് നടത്തിയെന്നാണ് പൊലീസിന്റെ ആരോപണം. എന്നാല്‍ എന്റെ സഹോദരനെ സ്റ്റേഷനില്‍ നിന്ന് ഇറക്കാന്‍ ഒരു ലീഗുകാരനും പോയിട്ടില്ല. ഞാനും പോയിട്ടില്ല. അയാള്‍ കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ കിട്ടണം. അതില്‍ ഇടപെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എതെങ്കിലും ലഹരിയിടപാടുമായി സഹോദരനോ ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നാണ് എന്റെയും കുടുംബത്തിന്റെയും നിലപാട്', പി കെ ഫിറോസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്