ഉക്രെയ്ന്-റഷ്യ സംഘര്‍ഷത്തിന്റെ ഇപ്പോഴത്തെ ഗതിയെക്കുറിച്ചും അതിന്റെ ഭാവി സാധ്യതകളെക്കുറിച്ചും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ഏറ്റവും പുതിയ പ്രസ്താവനകള്‍ ലോകമെമ്പാടുമുള്ള നയതന്ത്ര കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വേദിയായിരിക്കുകയാണ്. റഷ്യ നിലവില്‍ ശക്തമായ നിലയിലാണെന്ന് തുറന്നുപറഞ്ഞ ട്രംപ്, രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ വലിപ്പവും സൈനിക സ്വാധീനവും പ്രധാന ഘടകങ്ങളായി ചൂണ്ടിക്കാട്ടി. 'ഇത് റഷ്യയാണ്. ഇത് വളരെ വലിയ രാജ്യമാണ്...' എന്ന് ട്രംപ് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
തന്റെ ഭരണത്തിന് കീഴില്‍ മൂന്നാം ലോകമഹായുദ്ധം ഒഴിവാക്കാന്‍ കഴിഞ്ഞുവെന്ന് അവകാശപ്പെട്ട അദ്ദേഹം, യൂറോപ്പ് നിലവിലെ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെടുകയാണെന്നും വിമര്‍ശിച്ചിരുന്നു. സെലന്‍സ്‌കിക്കുള്ള തുറന്ന നിര്‍ദ്ദേശം ഇതായിരുന്നു-'യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കുക'
സംഘര്‍ഷം നീണ്ടുപോകുന്ന സാഹചര്യത്തില്‍ ഉക്രെയ്നിയന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലെന്‍സ്‌കി തന്റെ നിലവിലെ കടുത്ത സമീപനത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് ട്രംപ് നിര്‍ദ്ദേശിച്ചു. അദ്ദേഹം കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കാര്യങ്ങള്‍ അംഗീകരിക്കാന്‍ തുടങ്ങണമെന്ന് ട്രംപ് വ്യക്തമാക്കി. ഉക്രെയ്ന്‍ ഇപ്പോള്‍ അനുഭവിക്കുന്ന പ്രാദേശിക തിരിച്ചടികള്‍ക്ക് പുറമേ, നിലവിലെ യുദ്ധത്തിന് മുമ്പുതന്നെ ഉക്രെയ്നിന് നിര്‍ണായകമായ പ്രദേശങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
താന്‍ ഇവിടെ എത്തുന്നതിന് വളരെ മുമ്പുതന്നെ അവര്‍ക്ക് പ്രദേശം നഷ്ടപ്പെട്ടു. ഇത് ഒരു വിജയമാണെന്ന് നിങ്ങള്‍ പറയില്ല,'' എന്ന് പറഞ്ഞതിലൂടെ, സംഘര്‍ഷത്തിന്റെ നിലവിലെ ഭൗമരാഷ്ട്രീയ ഭൂപടം അംഗീകരിക്കേണ്ടതിന്റെ അനിവാര്യത ട്രംപ് പരോക്ഷമായി സൂചിപ്പിച്ചു.
അമേരിക്കയുടെ അവസാന തീയതി
അമേരിക്ക മുന്നോട്ട് വെച്ച നിര്‍ദ്ദിഷ്ട സമാധാന പദ്ധതിയോട് പ്രതികരിക്കാന്‍ അമേരിക്കന്‍ പ്രതിനിധികള്‍ സെലെന്‍സ്‌കിക്ക് ''ദിവസങ്ങള്‍'' മാത്രമേ നല്‍കിയിട്ടുള്ളൂവെന്ന് 'ഫിനാന്‍ഷ്യല്‍ ടൈംസ്' റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ട്രംപിന്റെ സമ്മര്‍ദ്ദ തന്ത്രം പുറത്തുവന്നത്. വൈറ്റ് ഹൗസ് ഒരു വഴിത്തിരിവിലേക്ക് നീങ്ങുന്നുണ്ടെങ്കിലും, ഉക്രെയ്നിന്റെ പ്രദേശം വിട്ടുകൊടുക്കാന്‍ ആവശ്യപ്പെടുന്ന ഒരു കരാറിനും സെലെന്‍സ്‌കി വഴങ്ങില്ലെന്നാണ് ഉക്രെയ്നിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ക്രിസ്മസോടെ ഒരു കരാര്‍ അന്തിമമാക്കാന്‍ ട്രംപ് പ്രതീക്ഷിച്ചിരുന്നെങ്കിലും, അത് യാഥാര്‍ത്ഥ്യമല്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
യൂറോപ്യന്‍, നാറ്റോ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷം, ഉക്രെയ്നിയന്‍ നേതൃത്വത്തിലുള്ള ഒരു പുതുക്കിയ സമാധാന പദ്ധതി അമേരിക്കയ്ക്ക് അയയ്ക്കുമെന്ന് സെലെന്‍സ്‌കി എക്സില്‍ കുറിച്ചിരുന്നു. ഒരു യഥാര്‍ത്ഥ സമാധാനത്തിനായി തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞിരുന്നു. എന്നാല്‍ പ്രദേശം വിട്ടുകൊടുക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കി.
സംശയമില്ല, റഷ്യ നമ്മുടെ പ്രദേശങ്ങള്‍ ഉപേക്ഷിക്കണമെന്ന് നിര്‍ബന്ധിക്കുന്നു. തങ്ങള്‍ വ്യക്തമായും ഒന്നും ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാണ് തങ്ങള്‍ പോരാടുന്നത് എന്ന് പറഞ്ഞ സെലെന്‍സ്‌കി, ഭൂമി വിട്ടുകൊടുക്കാന്‍ ഉക്രെയ്ന് നിയമപരമോ ധാര്‍മ്മികമോ ആയ അവകാശമില്ലെന്നും ഊന്നിപ്പറഞ്ഞു.
യുദ്ധത്തിന്റെ യാഥാര്‍ത്ഥ്യം
ട്രംപ് പൊളിറ്റിക്കോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ നിലപാട് കൂടുതല്‍ വ്യക്തമായി അവതരിപ്പിച്ചിരുന്നു. റഷ്യയുടെ സൈനിക നേട്ടത്തെ ചെറുക്കാന്‍ ഉക്രെയ്ന് കഴിയില്ലെന്ന് വാദിച്ചുകൊണ്ട് അമേരിക്കന്‍ നിബന്ധനകള്‍ അംഗീകരിക്കാന്‍ അദ്ദേഹം സെലെന്‍സ്‌കിയോട് ആവശ്യപ്പെട്ടിരുന്നു. നിങ്ങള്‍ക്കറിയാമോ, ധാരാളം ആളുകള്‍ മരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ചിലപ്പോള്‍, വലുപ്പം പൊതുവെ വിജയിക്കും എന്നും വ്യക്തമാക്കുകയുണ്ടായി. ഇത് സൈനിക ശക്തിയുടെയും വിഭവങ്ങളുടെയും കാര്യത്തില്‍ റഷ്യക്കുള്ള മേല്‍ക്കോയ്മയെക്കുറിച്ചുള്ള ഒരു പരോക്ഷമായ ഓര്‍മ്മപ്പെടുത്തലായിരുന്നു.
ഉക്രെയ്നിയന്‍ സേനയുടെ ധീരതയ്ക്കും പോരാട്ടത്തിനും വലിയ അംഗീകാരം നല്‍കുന്നുണ്ടെന്ന് പറഞ്ഞ ട്രംപ്, എന്നാല്‍ നിങ്ങള്‍ക്കറിയാമോ, ഒരു ഘട്ടത്തില്‍, വലിപ്പം പൊതുവെ വിജയിക്കും എന്ന് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. സെലെന്‍സ്‌കിയുടെ ചില ലെഫ്റ്റനന്റുമാര്‍ സ്വകാര്യ സംഭാഷണങ്ങളില്‍ ഈ യുദ്ധ യാഥാര്‍ത്ഥ്യങ്ങള്‍ സമ്മതിക്കുന്നുണ്ടെന്നും അവകാശപ്പെട്ടു.
റഷ്യന്‍ നിലപാടിന് സമാനമായ നീക്കം
ഉക്രെയ്നില്‍ തിരഞ്ഞെടുപ്പ് നിരോധിച്ചിരിക്കുകയാണെങ്കിലും, രാജ്യത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തണമെന്ന തന്റെ ആഹ്വാനം ട്രംപ് ആവര്‍ത്തിച്ചു. 2019-ല്‍ തിരഞ്ഞെടുക്കപ്പെട്ട സെലെന്‍സ്‌കിയുടെ കാലാവധി യുദ്ധം കാരണം നീട്ടിക്കൊടുത്തിരിക്കുകയാണ്. ട്രംപിന്റെ ഈ ആവശ്യം, യുദ്ധകാല സാഹചര്യങ്ങളില്‍ ഉക്രെയ്ന്‍ തിരഞ്ഞെടുപ്പ് നടത്താത്തതിന് ആവര്‍ത്തിച്ച് വിമര്‍ശനം ഉന്നയിക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ സ്ഥിരം പ്രസ്താവനകളെ പ്രതിഫലിക്കുന്ന ഒന്നാണ്. അതുകൊണ്ടു തന്നെ സെലെന്‍സ്‌കിയുടെ നിയമസാധുതയെ ചോദ്യം ചെയ്യാനുള്ള ഒരു നയതന്ത്രപരമായ നീക്കമായി നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
