തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ വിമർശിച്ച് ദേശാഭിമാനി എഡിറ്റോറിയൽ. രാജീവ് ചന്ദ്രശേഖർ അൽപ്പത്തരം കാണിക്കുന്നയാളാണെന്ന് ദേശാഭിമാനി വിമർശിക്കുന്നു.
സ്വയം പരിഹാസ്യനാകാൻ കച്ചകെട്ടിയിറങ്ങിയ രാജീവ് ചന്ദ്രശേഖർ പിൻവാതിലിലൂടെ ഉദ്ഘാടന വേദിയിൽ ഇരിപ്പിടം തരപ്പെടുത്തിയെന്നും ഉദ്ഘാടനത്തിന് മണിക്കൂറുകൾ മുൻപ് വേദിയിലെത്തിയ രാജീവ് സദസിൽ കൊണ്ടിരുത്തിയ ബിജെപിക്കാർക്ക് മുദ്രാവാക്യം വിളിച്ചുകൊടുത്ത് അൽപ്പത്തരം പ്രദർശിപ്പിക്കുന്ന രംഗങ്ങൾക്ക് രാജ്യം സാക്ഷിയായെന്നും എഡിറ്റോറിയലിൽ പറയുന്നു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും എഡിറ്റോറിയലിൽ വിമർശനം ഉന്നയിക്കുന്നുണ്ട്. രാജ്യത്തിന്റെയാകെ വികസനത്തിന് നാഴികകല്ലാകുന്ന സന്ദർഭത്തിൽ സങ്കുചിതവും ബാലിശവുമായ മുതലെടുപ്പ് രാഷ്ട്രീയം പ്രയോഗിച്ച് പ്രതിപക്ഷ നേതാവ് നാണം കെട്ടുവെന്നും വേദിയിൽ ഇരിക്കാൻ അവസരമുണ്ടായിട്ടും ക്രെഡിറ്റ് തന്നില്ലെന്ന് ചൊടിച്ച് ചടങ്ങ് ബഹിഷ്‌കരിച്ച വി ഡി സതീശൻ ഒറ്റപ്പെട്ടുവെന്നും എഡിറ്റോറിയലിൽ പറയുന്നു.
എഡിറ്റോറിയൽ ഇങ്ങനെ
കേരളം രാജ്യത്തിനും ലോകത്തിനും മുന്നിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന സന്ദർഭം. മുങ്ങിത്താണുപോകുമെന്ന് ഭയപ്പെട്ട ഒരു സ്വപ്‌നത്തിന്റെ വീണ്ടെടുക്കൽ. നിശ്ചയദാർഢ്യവും ഇച്ഛാശക്തിയുമുണ്ടെങ്കിൽ എന്തും സാധ്യമെന്ന പ്രഖ്യാപനം. തട്ടിയകറ്റാനും വെട്ടിമാറ്റാനും ഉയർന്ന കൈകളെക്കൊണ്ടുതന്നെ കൈയടിപ്പിച്ച കേരളത്തിന്റെ ചങ്കൂറ്റം. കേരളത്തിന്റെയും രാജ്യത്തിന്റെതന്നെയും വികസനക്കപ്പൽ വിഴിഞ്ഞം തീരത്ത് വെള്ളിയാഴ്‌ച നങ്കൂരമിട്ടപ്പോൾ ഈ തുറമുഖത്തിന്റെ പേരിൽ കേരളത്തിന് ഒന്നും തരാതിരുന്നവർക്കുപോലും സംസ്ഥാനത്തെ അഭിനന്ദിക്കേണ്ടി വന്ന അപൂർവാവസരംകൂടിയായി.
ഒരു സംസ്ഥാനത്തിന്റെ മുൻകൈയിൽ നിർമിക്കപ്പെട്ട രാജ്യത്തെ ആദ്യ വിപുലമായ തുറമുഖം. അത് രാഷ്‌ട്രത്തിന് സമർപ്പിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് കേരളത്തിലെ ജനതയും ആ ജനതയെ സമഗ്ര പുരോഗതിയിലേക്ക് നയിക്കുന്ന എൽഡിഎഫ് സർക്കാരും. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്‌തത്.
ഇന്ത്യയെ സാർവദേശീയ സമുദ്ര വ്യാപാര–- ലോജിസ്റ്റിക്‌സ് ഭൂപടത്തിൽ കണ്ണി ചേർക്കുന്ന മഹാസംരംഭം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇങ്ങനെ പറഞ്ഞു: ‘‘കേരളം ആഗോള സമുദ്രമേഖലയുടെ കേന്ദ്രമായി മാറുകയാണ്. ആയിരക്കണക്കിന് തൊഴിൽ സൃഷ്‌ടിക്കപ്പെടേണ്ടതുണ്ട്. ഇതിനായി കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുമായി കൈകോർത്ത് പ്രവർത്തിക്കും. കേരള ജനതയുടെ കഴിവുകൾ രാജ്യത്തെ തുറമുഖ മേഖലയെ മുന്നോട്ടു നയിക്കും.’’ കേരളത്തിന് അവകാശപ്പെട്ട സാമ്പത്തിക സഹായങ്ങൾപോലും തടഞ്ഞുവച്ച് നമ്മുടെ സമ്പദ്‌ഘടനയെ ശ്വാസം മുട്ടിക്കുന്ന ബിജെപി സർക്കാരിനെ നയിക്കുന്ന വ്യക്തിയിൽനിന്നുള്ളതാണ് ഈ വാക്കുകൾ.
കോടി രൂപ ചെലവ് വരുന്ന ഒന്നാം ഘട്ടത്തിന് 818 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് മാത്രമാണ് കേരളത്തിന് കേന്ദ്രം അനുവദിച്ചത്. ആവശ്യമായ മൊത്തം തുകയുടെ ഒമ്പത് ശതമാനംമാത്രം. ഇതാകട്ടെ വായ്‌പയായാണ് നൽകിയത്. മൊത്തം തുകയിൽ 5370.86 കോടി രൂപയും സംസ്ഥാന സർക്കാരാണ് ചെലവിട്ടത്. 2497 കോടി അദാനി വിഴിഞ്ഞം പോർട്സ് പ്രൈവറ്റ് ലിമിറ്റഡും മുടക്കുന്നു. ഈ വസ്‌തുത അഗസ്‌ത്യാർകൂടം കൊടുമുടിയെപ്പോലെ തലയുയർത്തി നിൽക്കുമ്പോൾ കേന്ദ്രം ഭരിക്കുന്ന സർക്കാരിന്റെ സൃഷ്‌ടിയാണിതെന്ന കേരളത്തിലെ ബിജെപിയുടെ പിതൃത്വാവകാശവാദങ്ങൾക്ക് ഇവിടെ എന്താണ് പ്രസക്തി. വിഴിഞ്ഞം യാഥാർഥ്യമാക്കിയതിന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ബിജെപിക്കാർ തലസ്ഥാനത്ത് ആകമാനം നടത്തിയ പ്രചാരണങ്ങൾ ലക്ഷ്യംതെറ്റി ബൂമറാങ്ങുപോലെ അവരുടെ മൂർധാവിൽത്തന്നെ പതിച്ചു. സ്വയം പരിഹാസ്യരാകാൻ കച്ചകെട്ടിയിറങ്ങിയ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പിൻവാതിലിലൂടെ ഉദ്‌ഘാടനവേദിയിൽ ഇരിപ്പിടം തരപ്പെടുത്തി. ഉദ്‌ഘാടനത്തിന് മണിക്കൂറുകൾക്കുമുമ്പ് വേദിയിൽ ഇടംപിടിച്ച അദ്ദേഹം സദസ്സിൽ കൊണ്ടിരുത്തിയ ബിജെപിക്കാർക്ക് മുദ്രാവാക്യം വിളിച്ചുകൊടുത്ത് അൽപ്പത്തം പ്രദർശിപ്പിക്കുന്ന രംഗങ്ങൾക്കും രാജ്യം സാക്ഷിയായി.
രാജ്യത്തിന്റെയാകെ വികസനത്തിന് നാഴികക്കല്ലാകുന്ന ഈ സന്ദർഭത്തിൽ സങ്കുചിതവും ബാലിശവുമായ മുതലെടുപ്പ് രാഷ്ട്രീയം പ്രയോഗിച്ച് പ്രതിപക്ഷ നേതാവും നാണം കെട്ടു. വേദിയിൽ ഇരിക്കാൻ അവസരമുണ്ടായിട്ടും ക്രെഡിറ്റ് തന്നില്ലെന്ന് ചൊടിച്ച് ചടങ്ങ് ബഹിഷ്‌കരിച്ച വി ഡി സതീശൻ ഒറ്റപ്പെട്ടു. ശശി തരൂർ എംപിയും എം വിൻസെന്റ് എംഎൽഎയും കോൺഗ്രസ് കൗൺസിലർമാരും മറ്റ് ജനപ്രതിനിധികളും ചടങ്ങിൽ ആവേശപൂർവം പങ്കെടുത്തിരുന്നു.
ഭിന്നിപ്പിന്റെയും വിഭജിക്കലിന്റെയും രാഷ്ട്രീയ പ്രയോഗങ്ങളല്ല നാടിന് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിൽ കൃത്യമായ സൂചനകളുണ്ടായിരുന്നു. ഈ തുറമുഖം രാഷ്‌ട്രത്തിന് എങ്ങനെ മുതൽക്കൂട്ടാകുമെന്ന് മുഖ്യമന്ത്രി കൃത്യമായി പറഞ്ഞു. ‘‘ഈ തുറമുഖത്തോടെ 2200 ലക്ഷം ഡോളറിന്റെ പ്രതിവർഷ രാഷ്ട്ര നഷ്ടം നികന്നു തുടങ്ങുകയായി. 75 ശതമാനം കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് കാർഗോ വിദേശ തുറമുഖങ്ങളിലേക്ക് തിരിച്ചുവിടുകയായിരുന്നു ഇക്കാലമത്രയും. ഈ നഷ്‌ടം വലിയൊരളവിൽ പരിഹരിക്കാൻ കേരളത്തിന് കഴിയുന്നത് കേരളീയർക്കാകെ അഭിമാനകരമാണ്.’’
ഒരു രാഷ്‌ട്രീയ നേതാവിനെയല്ല, ഭാവനാശാലിയായ രാഷ്‌ട്രതന്ത്രജ്ഞനെയാണ് ഇവിടെ നമുക്ക് ശ്രവിക്കാനായത്. വിഴിഞ്ഞം നഷ്‌ടപ്പെടുകയോ അല്ലെങ്കിൽ സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ ബലി കഴിക്കപ്പെടുകയോ ചെയ്യുമെന്ന ഘട്ടത്തിൽ മഹാപ്രതിരോധം തീർക്കാൻ കേരളത്തിൽ എൽഡിഎഫ് ഉണ്ടായിരുന്നു. മനുഷ്യച്ചങ്ങല തീർത്തും ദീർഘമായ സത്യഗ്രഹ സമരം നടത്തിയുമാണ് ഈ പദ്ധതി സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾക്ക് ഉതകുംവിധം മാറ്റിയെടുക്കാൻ എൽഡിഎഫിനായത്. 2016ൽ അധികാരത്തിലേറിയ പിണറായി സർക്കാർ ഒമ്പതു വർഷം ചിട്ടയോടെ നടത്തിയ പ്രവർത്തനങ്ങൾക്കുതന്നെയാണ് വിഴിഞ്ഞം പദ്ധതിയുടെ പൂർണ ക്രെഡിറ്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്