എംബാപ്പെയുടെ ഹാട്രിക് പാഴായി
ബാാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ഇന്നലെ നടന്ന ആവേശകരമായ എൽ ക്ളാസിക്കോ മത്സരത്തിൽ 4-3ന് ചിര വൈരികളായ റയൽ മാഡ്രിഡിനെ തോൽപ്പിച്ച് ബാഴ്സലോണ എഫ്.സി കിരീടത്തിലേക്ക് കൂടുതൽ അടുത്തു. ഇന്നലത്തെ വിജയത്തോടെ ബാഴ്സയ്ക്ക് 35 മത്സരങ്ങളിൽ നിന്ന് 82 പോയിന്റായി. റയലിന് 35 കളികളിൽ നിന്ന് 75 പോയിന്റേയുള്ളൂ.
റയൽ മാഡ്രിഡിനായി കിലിയൻ എംബാപ്പെ നേടിയ ഹാട്രിക് പാഴായപ്പോൾ ബാഴ്സയ്ക്ക് വേണ്ടി 34,45 മിനിട്ടുകളിൽ റഫീഞ്ഞയും 19-ാം മിനിട്ടിൽ എറിക് ഗാർഷ്യയും 32-ാം മിനിട്ടിൽ യമാലുമാണ് സ്കോർ ചെയ്തത്.
ആവശകരമായ മത്സരത്തിന്റെ അഞ്ചാം മിനിട്ടിൽ തന്നെ ലഭിച്ച പെനാൽറ്റിയിലൂടെ റയൽ മുന്നിലെത്തി. ബാഴ്സ ഗോളി ഷിഷെസ്നി തന്നെ ഫൗൾ ചെയ്തിട്ടതിന് ലഭിച്ച പെനാൽറ്റി എംബാപ്പെ ഗോളാക്കുകയായിരുന്നു. 14-ാം മിനിട്ടിൽ വിനീഷ്യസിന്റെ ക്രോസിൽ നിന്ന് എംബാപ്പെ വീണ്ടും വലകുലുക്കി.
രണ്ട് ഗോൾ വീണതോടെ ഉണർന്നു കളിച്ച ബാഴ്സലോണ 19-ാം മിനിട്ടിൽ ഫെറാൻ ടോറസ് ഹെഡ് ചെയ്തുനൽകിയ ഒരു ക്രോസ് എറിക് ഗാർഷ്യ റയലിന്റെ വലയ്ക്കകത്താക്കി. 32-ാം മിനിട്ടിൽ ടോറസിന്റെ പാസിൽ നിന്ന് ലാമിൻ യമാലും സ്കോർ ചെയ്തതോടെ കളി 2-2ന് സമനിലയിലായി. രണ്ട് മിനിട്ടിനകം പെഡ്രിയുടെ പാസിൽനിന്ന് റഫീഞ്ഞ 3-2ന് ബാഴ്സയെ മുന്നിലെത്തിച്ചു. 45-ാം മിനിട്ടിൽ റഫീഞ്ഞ അടുത്ത ഗോളും നേടി ആദ്യ പകുതിയിൽ ബാഴ്സയ്ക്ക് 4-2ന്റെ ലീഡ് നൽകി.
രണ്ടാം പകുതിയിൽ തിരിച്ചുവരാൻ റയൽ ശ്രമിച്ചെങ്കിലും ബാഴ്സ ചെറുത്തുനിന്നു. 70-ാം മിനിട്ടിൽ വിനീഷ്യസ് ജൂനിയറിന്റെ പാസിൽ നിന്ന് ഹാട്രിക് തികച്ച എംബാപ്പെ സ്കോർ 4-3 ആക്കി. അവസാന നിമിഷം ബാഴ്സ ഒരു ഗോൾ കൂടി അടിച്ചെങ്കിലും വാർ പരിശോധനയിൽ അത് നിഷേധിക്കപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്