മുംബയ് : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിന് അയവ് വന്ന് വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ താത്കാലികമായി നിറുത്തിവച്ച ഐ.പി.എൽ പതിനെട്ടാം സീസണിലെ മത്സരങ്ങൾ ഈ ആഴ്ച തന്നെ പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. അടുത്ത വ്യാഴാഴ്ചയൊ വെളളിയാഴ്ചയോ ഐ.പി.എൽ മത്സരങ്ങൾ പുനരാരംഭിച്ചേക്കുമെന്ന് ബി.സി.സി.ഐയുടെ അടുത്ത വൃത്തങ്ങൾ അറിയിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ അനുമതി കിട്ടിയ ശേഷമായിരിക്കും മത്സരങ്ങൾ പുനരാരംഭിക്കുകയെന്ന് ഐ.പി.എൽ ചെയർമാൻ അരുൺ കുമാർ ധുമൽ അറിയിച്ചു.
ഇന്ത്യ പാക് വെടി നിർത്തൽ പ്രഖ്യാപിച്ചു കഴിഞ്ഞു. ഐ.പി.എൽ ഏത്രയും വേഗം പുനരാരംഭിക്കാനും നന്നായി അവസാനിപ്പിക്കാനുമാണ് ശ്രമിക്കുന്നത്. മത്സരം പുനരാരംഭിക്കേണ്ട തിയതിയും മത്സരക്രമവും വേദികളേയും പറ്റിയുളള കാര്യങ്ങളിൽ തീരുമാനം ഉടൻ എടുക്കേണ്ടതുണ്ട്. എങ്ങനെ മുന്നോട്ട് പോകണമെന്ന് ടീം ഉടമകളുമായും ബ്രോഡ്കാസ്‌റ്റേഴ്‌സുമായുമെല്ലാം സംസാരിച്ചുകൊണ്ടിരിക്കികയാണ്. പ്രധാനമായും കാര്യങ്ങളെല്ലാം ഗവൺമെന്റുമായി സംസാരിച്ച് അനുമതി ലഭിച്ചതിന് ശേഷമായിരിക്കും മത്സരങ്ങൾ പുനരാരംഭിക്കുക. ധുമൽ ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.
അതേസമയം ഐ.പി.എൽ താത്കാലികമായി റദ്ദാക്കിയതിനെതുടർന്ന് വിദേശതാരങ്ങൾ പലരും നാട്ടിലേക്ക് മടങ്ങിയെന്നാണ് വിവരം. ഇവരെ തിരിച്ചെത്തിക്കേണ്ടതും പ്രധാനമാണ്. ഫൈനലുൾപ്പെടെ 16 മത്സരങ്ങളാണ് ഐ.പി.എൽ 18 -ാം സീസണിൽ ഇനി നടക്കാനുള്ളത്.
മാറ്റി വച്ച ഐ.പി.എല്ലിലെ ബാക്കി മത്സരങ്ങൾക്ക് അതിഥേയത്വം വഹിക്കാൻ തയ്യാറാണെന്ന് അറിയിച്ച് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ബി.സി.സി.ഐയെ സമീപിച്ചിരുന്നു. അതേസമയം നിർത്തി വച്ച പാകിസ്ഥാൻ ക്രിക്കറ്റ് ലീഗ് മത്സരങ്ങൾ യു.എ.ഇയിൽ നടത്തുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നെങ്കിലും എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് ഈ നിർദ്ദേശം തള്ളിയിരുന്നു.
മൂന്ന് വേദികൾ
ഐ.പി.എല്ലിലെ തുടർന്നുള്ള മത്സരങ്ങൾ ഹൈദരാബാദിലെ ഉപ്പൽ, ബംഗളൂരുവിലെ ചിന്നസ്വാമി, ചെന്നൈയിലെ ചെപ്പോക്ക് എന്നീ മൈതാനങ്ങളിലായി നടത്താനാണ് ഐ.പി.എൽ അധികൃതർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.
വ്യാഴാഴ്ച ഹിമാചൽപ്രദേശിലെ ധർമ്മശാല സ്റ്റേഡിയത്തിൽ ഡൽഹി ക്യാപ്പിറ്റൽസും പഞ്ചാബ് കിംഗ്‌സും തമ്മിലുള്ള മത്സരം നടക്കുമ്പോഴാണ് അധികൃതർക്ക് മത്സരം നിർത്തിവയ്ക്കാനുള്ള നിർദ്ദേശം ലഭിക്കുന്നത്. അതിർത്തിയിലേക്ക് പാകിസ്ഥാന്റെ വ്യോമാക്രമണ സാദ്ധ്യത മനസിലാക്കിയാണ് മുന്നറിയിപ്പ് നൽകിയത്. മത്സരത്തിൽ പഞ്ചാബിന്റെ ബാറ്റിംഗ് 10.1 ഓവറിൽ എത്തിയപ്പോൾ അധികൃതർ നാല് ഫ്‌ളഡ്ലിറ്റുകളിൽ മൂന്നും അണച്ച് വൈദ്യുതി തകരാർ മൂലം കളി തുടരാൻ കഴിയാത്ത സാഹചര്യമാണെന്ന് കാണികളെ അറിയിക്കുകയായിരുന്നു. ഗാലറിയിൽ നിന്ന് കൂട്ടപ്പൊരിച്ചിൽ ഉണ്ടാകാതെ കാണികളെ ഒഴിപ്പിക്കാൻ ഐ.പി.എൽ ഗവേണിംഗ് കൗൺസിൽ ചെയർമാൻ അരുൺ ധുമാൽ തന്നെ ഗ്രൗണ്ടിലിറങ്ങിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്