ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ വിലക്ക് നീക്കി കർണാടക ക്രിക്കറ്റ് അസോസിയേഷൻ. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അസോസിയേഷൻ പ്രസിഡന്റ് വെങ്കടേഷ് പ്രസാദാണ് സ്റ്റേഡിയത്തിന്റെ വിലക്ക് നീക്കിയത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിൽ നിന്ന് നിർദ്ദേശം ലഭിച്ചു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടെ വിരാട് കോഹ്ലി ഉടൻ തന്നെ ആഭ്യന്തര മത്സരം കളിക്കാൻ ഇവിടെ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
ഇക്കൊല്ലത്തെ ഐ.പി.എൽ കിരീടനേട്ടത്തിന് ശേഷം റോയൽ ചലഞ്ചേഴ്‌സ് ബംഗ്‌ളൂരു നടത്തിയ ആഘോഷപരിപാടിക്കിടെ 11 പേർ മരിക്കുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ജസ്റ്റിൻ ജോൺ മൈക്കൽ ഡി കുൻഹയാണ് ചിന്നസ്വാമി സ്റ്റേഡിയം വലിയ പരിപാടികൾ നടത്താൻ അനുയോജ്യമല്ലെന്ന് റിപ്പോർട്ട് സമർപ്പിച്ചത്.
ഈ റിപ്പോർട്ട് മറികടന്നാണ് സംസ്ഥാന സർക്കാർ ചിന്നസ്വാമി സ്റ്റേഡിയത്തിന് ക്ലിയറൻസ് നൽകിയത്. ഇത്തവണ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും വിജയ് ഹസാരെ ട്രോഫി മത്സരങ്ങൾ കളിക്കുമെന്നാണ് സൂചന. കോഹ്ലി ഡൽഹിയ്ക്കായി വിജയ് ഹസാരെ ട്രോഫി മത്സരങ്ങൾ കളിക്കുകയാണെങ്കിൽ ഈ മത്സരങ്ങൾ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്തിയേക്കും. കർണാടകയുടെ മത്സരങ്ങൾ ആലൂർ സ്റ്റേഡിയത്തിലേക്ക് മാറ്റും. കോഹ്ലിയ്‌ക്കൊപ്പം ആദ്യ മൂന്ന് മത്സരങ്ങളിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ഡൽഹിയ്ക്കായി ഇറങ്ങിയേക്കും.
സ്റ്റേഡിയത്തിൽ പുതിയ രണ്ട് സ്റ്റാൻഡുകൾ തുറന്ന് 2000 മുതൽ 3000 വരെ ആരാധകരെ പ്രവേശിപ്പിക്കാനാണ് തീരുമാനം. വരുന്ന സീസണിലെ ഐ.പി.എൽ മത്സരങ്ങൾ ഇവിടെത്തന്നെ നടത്താനാണ് ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ ശ്രമം. ഇക്കാര്യം സംസ്ഥാന സർക്കാർ തന്നെ അറിയിച്ചിരുന്നു. ഇത് നടത്താൻ സ്റ്റേഡിയം സജ്ജമാണെന്നറിയിക്കാൻ കൂടിയാണ് ഇപ്പോൾ വിജയ് ഹസാരെ ട്രോഫി നടത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
