ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകരെ ആവേശത്തിലാഴ്ത്തി അർജന്റീനൻ ഇതിഹാസതാരം ലയണൽ മെസ്സി ഇന്ത്യയിൽ എത്തി. ഗോട്ട് ഇന്ത്യ' ടൂറിനായി ശനിയാഴ്ച പുലർച്ചെ 2മണിയോടെ കൊൽക്കത്ത വിമാനത്താവളത്തിലെത്തിയ താരത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്. യുഎൻ ശിശു സംഘടനയായ യൂണിസെഫിന്റെ ബ്രാൻഡ് അംബാസഡർ എന്ന നിലയിലാണ് മെസ്സി മൂന്ന് ദിവസത്തെ ഈ പര്യടനത്തിനായി ഇന്ത്യയിൽ എത്തിയിരിക്കുന്നത്.
വിമാനത്താവളത്തിൽ നിന്ന് മെസ്സി താമസസ്ഥലത്തേക്ക് പോയി. ഡിസംബർ 15 വരെ നീളുന്ന മൂന്ന് ദിവസത്തെ പര്യടനത്തിൽ നാല് പ്രധാന നഗരങ്ങളാണ് താരം സന്ദർശിക്കുക. ഇന്ന് രാവിലെ 11.30ഓടെ മെസി കൊൽക്കത്തയിലെ യുവഭാരതി സ്റ്റേഡിയത്തിൽ സ്ഥാപിച്ച തന്റെ 70 അടി ഉയരമുള്ള പ്രതിമ വെർച്വലായി അനാച്ഛാദനം ചെയ്യും. തുടർന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ബോളിവുഡ് താരം ഷാറൂഖ് ഖാൻ, ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്ടൻ സൗരവ് ഗാംഗുലി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും.
ഉച്ചയ്ക്ക് 12:30ന് സൗഹൃദമത്സരം കളിച്ച ശേഷം 2 മണിക്ക് ഹൈദരാബാദിലേക്ക് തിരിക്കും. അവിടെ ഹൈദരാബാദ് സ്റ്റേഡിയത്തിൽ മറ്റൊരു സൗഹൃദ ഫുട്‌ബോൾ മത്സരത്തിലും സംഗീത പരിപാടിയിലും മെസ്സി പങ്കെടുക്കും. ഡിസംബർ 14ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന സൗഹൃദമത്സരത്തിൽ ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം സുനിൽ ഛേത്രിയുമായി മെസ്സി നേർക്കുനേർ വരും. ഈ വേളയിൽ സച്ചിൻ ടെണ്ടുൽക്കറുമായി കൂടിക്കാഴ്ച നടത്താനും പദ്ധതിയുണ്ട്.
പര്യടനം അവസാനിക്കുന്ന ഡിസംബർ 15ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന മെസ്സി, ഉച്ചയ്ക്ക് 1:30ന് നടക്കുന്ന ആദരിക്കൽ ചടങ്ങിലും പങ്കെടുക്കും.
മെസ്സിക്കൊപ്പം മുൻ ബാഴ്‌സലോണ താരവും നിലവിൽ ഇന്റർ മയാമി സഹതാരമായ ഉറഗ്വേയുടെ ഇതിഹാസം ലൂയിസ് സുവാരസും ഈ ടൂറിൽ ചേരും.
ലോകകപ്പ് ജേതാവായ മെസ്സിയെ നേരിൽ കാണാൻ രാജ്യത്തെങ്ങും വലിയ ആവേശമാണ്. ഹൈദരാബാദിൽ 2250 രൂപയിലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. കൊൽക്കത്തയിൽ 4366, മുംബൈയിൽ 7080, ഡൽഹിയിൽ 7670 എന്നിങ്ങനെയാണ് മറ്റു നഗരങ്ങളിലെ ടിക്കറ്റ് നിരക്കുകൾ.
മെസ്സി ഇതിന് മുമ്പ് 2011ലാണ് ഇന്ത്യയിൽ എത്തിയത്. അന്ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ അർജന്റീനയും വെനസ്വേലയും തമ്മിൽ നടന്ന സൗഹൃദമത്സരത്തിൽ അർജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
