മാഡ്രിഡ്: തോൽവികളും സമനിലകളും കൊണ്ട് വലയുന്ന സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡിനെ അവരുടെ തട്ടകത്തിൽചെന്ന് തല്ലിച്ചതച്ച് ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ സിറ്റി. മുൻ ചാമ്പ്യന്മാരുടെ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സിറ്റിയുടെ ജയം.
ആദ്യം ഗോൾ നേടിയത് റയലായിരുന്നെങ്കിലും അധികം വൈകാതെ സമനില പിടിച്ച സിറ്റി ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പുതന്നെ രണ്ടാം ഗോളും നേടി മത്സരത്തിലേക്ക് തിരിച്ചുവന്നു. പരിക്കേറ്റ സ്റ്റാർ സ്ട്രൈക്കർ കിലിയൻ എംബാപ്പെ ബെഞ്ചിലിരുന്ന മത്സരത്തിൽ ലഭിച്ച അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയാതെപോയതോടെയാണ് സ്വന്തം ഗ്രൗണ്ടിൽ റയൽ താരങ്ങൾക്ക് തലകുനിക്കേണ്ടിവന്നത്.
28-ാം മിനിട്ടിൽ ജൂഡ് ബെല്ലിംഗ്ഹാം നൽകിയ പാസുമായി വലതുവിംഗിലൂടെ ഓടിക്കയറിയശേഷം ഡയഗണൽ ഷോട്ടിലൂടെ റോഡ്രിഗോയാണ് റയലിനായി സ്കോർ ചെയ്തത്. 35-ാം മിനിട്ടിൽ ലഭിച്ച ഒരു കോർണർകിക്കിൽ നിന്നുള്ള ഹെഡർ റയൽ ഗോളി തിബോ കുർട്ടോ തടുത്തിട്ടുകൊടുത്തത് സിറ്റി സ്ട്രൈക്കർ നിക്കോ ഒറെയ്ലിയുടെ കാലുകളിലേക്കായിരുന്നു. ഒട്ടും പിഴയ്ക്കാതെ വലയിലേക്ക് തട്ടിയിട്ട് ഒറെയ്ലി ടീമിന്റെ സമനില ഗോൾ നേടി. 43-ാം മിനിട്ടിൽ തന്നെ ഫൗൾചെയ്ത് വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിലൂടെ എർലിംഗ് ഹാലാൻഡാണ് സിറ്റിയുടെ വിജയഗോൾ നേടിയത്. തന്റെ 50-ാം ചാമ്പ്യൻസ് ലീഗ് മത്സരത്തിനിറങ്ങിയ ഹാലാൻഡിന്റെ 51-ാമത് ഗോളായിരുന്നു ഇത്.
ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി ആറുമത്സരങ്ങളിൽ നാലുവിജയങ്ങളും 13 പോയിന്റുമായി പോയിന്റ് പട്ടികയിലെ നാലാം സ്ഥാനത്തേക്കുയർന്നു. 12 പോയിന്റുള്ള റയൽ ഏഴാം സ്ഥാനത്തേക്ക് വീണു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
