ന്യൂചണ്ഡിഗഡ് : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ 51 റൺസിന് തോറ്റ് ഇന്ത്യ. ഇന്നലെ ന്യൂ ചണ്ഡിഗഡ് മുള്ളൻപുർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 214 റൺസ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 19.1 ഓവറിൽ 162 റൺസിന് ആൾഔട്ടാവുകയായിരുന്നു. ഇതോടെ അഞ്ചുമത്സരപരമ്പരയിൽ ദക്ഷിണാഫ്രിക്ക 11ന് സമനിലയിലെത്തി. മൂന്നാം മത്സരം ഞായറാഴ്ച ധർമ്മശാലയിൽ നടക്കും.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിലാണ് 213 റൺസ് നേടിയത്. 46 പന്തുകളിൽ ഏഴു സിക്‌സുകളും അഞ്ചുഫോറുകളുമടക്കം 90 റൺസ് നേടിയ ക്വിന്റൺ ഡികോക്കാണ് സന്ദർശക ബാറ്റിംഗിൽ നെടുംതൂണായത്.ഓപ്പറായിറങ്ങിയ 16ാം ഓവറിന്റെ ആദ്യ പന്തുവരെ ക്രീസിൽ നിന്ന ഡികോക്ക് ടീമിനെ 156/3 എന്ന നിലയിലെത്തിച്ചശേഷമാണ് മടങ്ങിയത്. ക്യാപ്ടൻ എയ്ഡൻ മാർക്രം(29), ഡൊണോവൻ ഫെരേയ്‌ര (30 നോട്ടൗട്ട്), ഡേവിഡ് മില്ലർ (20 നോട്ടൗട്ട്) എന്നിവരുടെപരിശ്രമങ്ങളും ദക്ഷിണാഫ്രിക്കയെ 200 കടക്കാൻ തുണച്ചു.
തുടക്കം മുതൽ ഡികോക്ക് അടിച്ചുകളിച്ചപ്പോൾ നിലയുറപ്പിക്കാൻ ശ്രമിച്ച സഹ ഓപ്പണർ റീസ ഹെൻട്രിക്‌സിനെ (8) അഞ്ചാം ഓവറിന്റെ ആദ്യ പന്തിൽ വരുൺ ചക്രവർത്തി ബൗൾഡാക്കിയപ്പോൾ ദക്ഷിണാഫ്രിക്ക 38/1 എന്ന നിലയിലായിരുന്നു. തുടർന്ന് മാർക്രമും ഡികോക്കും ചേർന്ന് 12 ഓവറിൽ 121ലെത്തിച്ചപ്പോൾ വരുൺ തന്നെ മാർക്രമിനെ മടക്കി അയച്ചു.സെഞ്ച്വറിയിലേക്ക് കുതിച്ച ഡികോക്കിനെ വിക്കറ്റ് കീപ്പർ ജിതേഷ് മനസാന്നിദ്ധ്യം വിടാതെ റൺഔട്ടാക്കുകയായിരുന്നു.
അടുത്ത ഓവറിൽ ഡെവാൾഡ് ബ്രെവിസിനെ (14) അക്ഷർ പട്ടേൽ പുറത്താക്കിയെങ്കിലും അവസാന 23 പന്തുകളിൽ 54 റൺസ് കൂട്ടിച്ചേർത്ത് മില്ലറും ഫെരേയ്‌രയും ദക്ഷിണാഫ്രിക്കയെ മികച്ച നിലയിലേക്ക് എത്തിച്ചു.
മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക്. ശുഭ്മാൻ ഗില്ലിനെയും (0), അഭിഷേക് ശർമ്മയേയും (17) സൂര്യയേയും (5) തുടക്കത്തിലേ നഷ്ടമായി. തുടർന്ന് തിലക് വർമ്മ (62)ഒരറ്റത്ത് പൊരുതിനോക്കിയെങ്കിലും ഹാർദിക് പാണ്ഡ്യ (20), ജിതേഷ് ശർമ്മ(27), ശിവം ദുബെ(1), അർഷ്ദീപ് സിംഗ് (4), വരുൺ ചക്രവർത്തി(0) എന്നിവർ വരിവരിയായി മടങ്ങി. ഒടുവിൽ അവസാന ഓവറിന്റെ ആദ്യ പന്തിൽ തിലകും പുറത്തായി.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഒറ്റേനിൽ ബാർട്ട്മാൻ നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ ലുൻഗി എൻഗിഡി, മാർക്കോ യാൻസൻ, ലുത്തോ സിപാംല എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. ക്വിന്റൺ ഡികോക്കാണ് മാൻ ഒഫ് ദ മാച്ച്.
ഒരോവറിൽ ഏഴുവൈഡ്
ഇന്നലെ ഇന്ത്യൻ പേസർ അർഷ്ദീപ് സിംഗ് 11-ാമത്തെ ഓവറിൽ എറിഞ്ഞത് ഏഴ് വൈഡുകളാണ്. ഇതിൽ നാലുവൈഡുകൾ തുടർച്ചയായി എറിഞ്ഞു. നാലോവറിൽ ഒൻപത് വൈഡുകളടക്കം വഴങ്ങിയത് 54 റൺസും. വിക്കറ്റൊന്നും ലഭിച്ചതുമില്ല. ആദ്യ മത്സരത്തിൽ വിജയം നേടിയ ടീമിൽ മാറ്റം വരുത്താൻ ഇന്ത്യ തയ്യാറാകാത്തതിനാൽ സഞ്ജു സാംസണിന് നന്നലെയും ബെഞ്ചിലിരിക്കേണ്ടിവന്നു. ജിതേഷ് ശർമ്മയാണ് വിക്കറ്റ് കീപ്പറായത്. ഓപ്പണറായി ഇറങ്ങിയ ഗിൽ വീണ്ടും നിരാശപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
