തിരുവനന്തപുരം: തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധസെഞ്ച്വറിയുമായി തിളങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദിന്റെ മികവിൽ കൊല്ലം സെയ്ലേഴ്സ് എട്ടുവിക്കറ്റിന് തൃശൂർ ടൈറ്റാൻസിനെ തോൽപ്പിച്ചു. കഴിഞ്ഞ ദിവസം സഞ്ജുവിന്റെ സെഞ്ച്വറിക്കുമുന്നിൽ കൊച്ചി ബ്ളൂ ടൈഗേഴ്സിനോട് തോറ്റിരുന്ന സെയ്ലേഴ്സിന്റെ തിരിച്ചുവരവായിരുന്നു ഇത്. തൃശൂരിന്റെ സീസണിലെ ആദ്യ തോൽവിയും.
ആദ്യം ബാറ്റ് ചെയ്ത തൃശൂർ 19.5 ഓവറിൽ 144 റൺസിന് ആൾഔട്ടായപ്പോൾ 14.1 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു കൊല്ലം. 38 പന്തുകളിൽ ഏഴുഫോറും എട്ടുസിക്സുകളും പറത്തിയാണ് വിഷ്ണു വിനോദ് സെയ്ലേഴ്സിന് ജയമൊരുക്കിയത്. കഴിഞ്ഞദിവസം കൊച്ചിക്കെതിരെ വിഷ്ണു 41 പന്തുകളിൽ 94 റൺസ് നേടിയിരുന്നു. അതിന്റെ തുടർച്ചയെന്നോണമാണ് ഇന്നലെ ബാറ്റുവീശിയത്. വിഷ്ണുവാണ് പ്ളേയർ ഒഫ് ദ മാച്ചും.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ തൃശൂരിന് ഇൻഫോം ഓപ്പണർ അഹമ്മദ് ഇമ്രാനെ (16) നാലാം ഓവറിൽ നഷ്ടമായത് തിരിച്ചടിയായി. പകരമിറങ്ങിയ ഷോൺ റോജർ (11) ആറാം ഓവറിൽ പുറത്തായതോടെ 45/2 എന്ന നിലയിലായി. തുടർന്ന് ഓപ്പണർ ആനന്ദ് കൃഷ്ണനും (41) അക്ഷയ് മനോഹറും (24) ചേർന്ന കൂട്ടുകെട്ട് 85ലെത്തിച്ചു. ആനന്ദിനെ പുറത്താക്കി അമൽ എ.ജി സഖ്യം പൊളിതോടെ ടൈറ്റാൻസ് വീണ്ടും തകരാൻ തുടങ്ങി.
അർജുൻ എ.കെ (2)യും അമലിന് ഇരയായി. അക്ഷയ്യെ സജീവൻ അഖിലും മടക്കി അയച്ചു. തുടർന്ന് അജയഘോഷ് വാലറ്റത്തെ ചുരുട്ടി. ക്യാപ്ടൻ സിജോമോൻ ജോസഫ് (9), വിഷ്ണു മേനോൻ (4),വിനോദ് കുമാർ സി.വി(13), ആനന്ദ് ജോസഫ് (0) എന്നിവർ അജയഘോഷിന് ഇരയായി. 3.5 ഓവറിൽ 27 റൺസ് വഴങ്ങിയാണ് കൊട്ടാരക്കരക്കാരനായ അജയഘോഷ് നാലുവിക്കറ്റ് നേടിയത്.
മറുപടിക്കിറങ്ങിയ തൃശൂരിന് അഭിഷേക് നായരെ(2) തുടക്കത്തിലേ നഷ്ടമായെങ്കിലും വിഷ്ണുവിനൊപ്പം സച്ചിൻ ബേബി(32*) കളത്തിലിറങ്ങിയതോടെ കളി കൊല്ലത്തിന്റെ കൈപ്പിടിയിലൊതുങ്ങി. രണ്ടാം വിക്കറ്റിൽ ഇവർ കൂട്ടിച്ചേർത്തത് 106 റൺസാണ്. 10 -ാം ഓവറിൽ വിഷ്ണു പുറത്തായശേഷമെത്തിയ സജീവൻ അഖിലിനെക്കൂട്ടി നായകൻ സച്ചിൻ ബേബി 35 പന്തുകൾ ബാക്കിനിൽക്കേ ടീമിനെ വിജയതീരത്തെത്തിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്