പത്താംക്ലാസ് പരീക്ഷ എന്നൊരു കുപ്പിയിൽ അടച്ച ഭൂതത്തിനെ ഞാൻ ഭയക്കാൻ തുടങ്ങിയത് മൂന്നാം ക്ലാസ് മുതലാണ്. ഞാൻ മൂന്നിൽ പഠിക്കുമ്പോൾ എന്റെ മൂത്ത സഹോദരങ്ങൾ പത്തിലും ഒമ്പതിലും ഒക്കെ പഠിച്ചു തുടങ്ങി. സന്ധ്യക്ക് കളിച്ചു തിമർക്കുന്ന ഞങ്ങളോട് അമ്മ പറയും, 'ഒച്ച വെക്കല്ലെ, അവൻ പത്തിലെ പരീക്ഷക്കു പഠിക്ക്യാ...'
മമ്... ഈ പത്തിലെ പരീക്ഷ, താഴോട്ട് ഉരുണ്ടിറങ്ങി കനം വെയ്ക്കുന്ന കൂറ്റൻ മഞ്ഞുകട്ടയായി (avalanche) എന്റെ മുകളിലൂടെ ഉരുണ്ട് എന്നെ ഞെരുക്കി.ഞാനും പടികൾ കയറി പത്തിലെത്തി. അവിടെ ഭയാനകമായ അന്തരീക്ഷം. അധ്യാപികമാർ എല്ലാവരും പത്തിലെ പരീക്ഷയെ അനുനിമിഷം ഓർമ്മിപ്പിച്ചു. മഞ്ഞുകട്ട (ഹിമപാതം) ദിവസം തോറും കനം വെച്ചുകൊണ്ടിരന്നു. പത്തിൽ ട്യൂഷന് പോകാത്തവർ ഇല്ല. നൂറിൽ നൂറു മാർക്ക് കിട്ടുന്നവരും ട്യൂഷനു പോകും.
നാട്ടിൻപ്പുറങ്ങളിൽ പോലും പത്താം ക്ലാസ് ഒരുക്കം തകൃതിയായിരുന്നു. ഗ്രാമർ പഠിപ്പിക്കാൻ ട്യൂഷ്യൻ സെന്ററുകൾ തുറന്നു വെയ്ക്കും. ഒമ്പതാം ക്ലാസ് കഴിയുന്ന വേനലവധിയിൽ, ഏപ്രിൽ, മേയ് മാസങ്ങളിൽ ഇംഗ്ലീഷ് ഗ്രാമർ പഠിക്കൽ അന്നത്തെ ആചാരമായിരുന്നു. നല്ല മാർക്ക് പ്രതീക്ഷിച്ചിരുന്ന എന്നെക്കുറിച്ച് എന്റെ അച്ഛനും അമ്മയ്ക്കും ആവലാതി തീരെയില്ലായിരുന്നു. പക്ഷെ എന്നെക്കുറിച്ച് എനിക്ക് നല്ല ആവലാതി ഉണ്ടായിരുന്നു. മാർക്ക് പ്രതീക്ഷകൾ, താര്യതമ്യം, ഇതെല്ലാം ഞാൻ നന്നായി ഭയന്നിരുന്നു.
പിന്നീടും പല ക്ലാസ്സുകൾ കടന്നു. അനവധി പരീക്ഷകൾ എഴുതി. ഇപ്പോൾ എന്റെ റിയാക്ഷൻ, അയ്യേ... എന്തിനാണ് ഞാൻ പത്താം ക്ലാസ്സ് പരീക്ഷയെ ഇത്ര പേടിച്ചത്? ഒരു 'undo' ഓപ്ഷൻ ജീവിതത്തിൽ ഉണ്ടെങ്കിൽ ആദ്യം ഞാൻ ഡിലീറ്റ് ചെയ്യുന്നത് ഈ പരീക്ഷാപ്പേടി ആയിരിക്കും.
സംസ്കൃതം എനിക്ക് തീരെ ഇഷ്ടമില്ലാത്ത വിഷയമായിരുന്നു. എനിക്കിഷ്ടപ്പെട്ട മലയാളം എന്നിൽ നിന്ന് തട്ടിപ്പറിച്ചതിനാൽ എനിക്ക് സംസ്കൃതത്തിനോട് ഒരു തരം ശത്രുതാമനോഭാവം ആയിരുന്നു.
ഒരു 'നിഷ്ക്കു' അഞ്ചാം ക്ലാസ്സുകാരിയോട് അഭിപ്രായം ചോദിക്കാതെ എന്നെ പിടിച്ച് 'സംസ്കൃതയാക്കി '. ഒരു കുട്ടിയോട് ഇത് ചെയ്യാമോ? നിങ്ങൾ പറയൂ. എന്റെ അധ്യാപികമാരിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന അധ്യാപികയായിരുന്നു ശാരദ ടീച്ചർ. അവർ പഠിപ്പിച്ചിരുന്നതുകൊണ്ട് മാത്രം ഞാൻ സംസ്കൃതം ക്ലാസ്സിനോട് അനുരജ്ഞനത്തിലായതാണ്. പക്ഷെ സംസ്കൃതം പരീക്ഷയുടെ തലേന്ന് ഉറക്കത്തിൽ പിറുപിറുക്കുന്ന എന്റെയടുത്ത് വന്ന് അമ്മ എന്നെ ശ്രദ്ധിച്ചു.
'ഒരു കൊട്ട പഠിക്കാനുണ്ട്', എന്നാണ് ഞാൻ ഉറക്കത്തിലും പറഞ്ഞിരുന്നത്രെ. അന്ന് തൂക്കത്തിന് റാത്തലും (നാടൻ), കിലോയും ദൂരത്തിന് മീറ്ററും അടിയും അളവായിരുന്നു. എന്തിനും ഏതിനും അധികമാകുമ്പോൾ 'കൊട്ടക്കണക്ക് ' എന്ന് നാട്ടുഭാഷ. അന്ന് എത്രത്തോളം ഞാൻ പരീക്ഷയെ പേടിച്ചിരുന്നു!
സയൻസും സോഷ്യൽ സ്റ്റഡീസും കണക്കും എനിക്കിഷ്ടപ്പെട്ട വിഷയങ്ങളായിരുന്നു. എന്റെ മൂഡ് ഒന്ന് ലാഘവപ്പെടുത്താൻ അച്ഛൻ പുതിയ ഇൻസ്റ്റ്രുമെന്റ് (instrument) ബോക്സ് വാങ്ങി തന്നു. ഞാൻ ബോക്സിന്റെ ഭംഗി കൺകുളിർക്കെ കണ്ടു. ഈ ഭയങ്കരമാന ഉപകരണങ്ങളിൽ set squares കാര്യമായ പണിയൊന്നും ചെയ്യാതെ വെറുതെ സ്ഥലം കൈയ്യേറി കിടന്നു. അതെന്തിനാണ് ഇവറ്റകളെ ഹൈസ്ക്കൂൾ കാലമത്രയും ഞാൻ ചുമന്ന് നടന്നിരുന്നത്? ജീവിതത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ഉന്തിനീക്കി ഒരു സമാന്തരരേഖ വരയാനോ? ഒരു കാര്യമില്ലെങ്കിലും ചിലതെല്ലാം നമ്മുടെ കൂടെ കൂടും, ഈ പരീക്ഷാപ്പേടി പോലെ.
പുതിയ കോമ്പസ്സിന്റെ പിരിമുറുക്കിയും ടെമ്പർ പരിശോധിച്ചും ഞാൻ തൃപ്തയായി. ഉദയസൂര്യന്റെ ആകൃതിയിലുള്ള പ്രോട്ടാക്ടറിൽ അക്കങ്ങൾ തെളിഞ്ഞുനിന്നു. ഒരു ഡിഗ്രി പോലും മാറിപോകരുതല്ലോ. ഇതു എന്റെ ഭാവി നിർണ്ണയിക്കുന്ന പത്തിലെ പരീക്ഷയാണ് !
പുത്തൻ ബോക്സിനെ പൂർണ്ണഗർഭിണിയാക്കുന്ന വിധത്തിൽ പേനകൾ, ചെത്തികൂർപ്പിച്ച പെൻസിലുകൾ, മായ്ച്ചാലും കറുപ്പുനിറം പടരാത്ത മണമുള്ള പിങ്ക് റബർ, മൂർച്ചയുള്ള പുത്തൻ പെൻസിൽ കട്ടർ ഇതെല്ലാം ആവനാഴി നിറയ്ക്കുന്ന അർജുനനെപ്പോലെ എടുത്തു നിറച്ചു. വർഷങ്ങളായി സമാഹരിച്ച ശക്തിയുമായി.
എസ്.എസ്.എൽ.സി പരീക്ഷയെന്ന കുരുക്ഷേത്രയുദ്ധത്തിനൊരുങ്ങി. പരമ്പരാഗതമായി കിട്ടിയ, വലിയ ക്ലിപ്പ് പിടിപ്പിച്ച, കാർഡ് ബോർഡ് ഫയൽ, പടച്ചട്ടയായി കൈയിൽ പിടിച്ചു. അതു പരീക്ഷകൾക്ക് ആത്മവിശ്വാസം തരുന്ന ഒന്നാണ്. പേടിച്ച് ഭക്ഷണം തൊണ്ടയിൽ നിന്നിറങ്ങാതെ മൂകയായി വിളറി നടക്കുന്നയെന്നെ ബ്രേക്ക്ഫാസ്റ്റിന് മുകളിൽ നന്നായി പഞ്ചസാരയിട്ട ഒരു ഗ്ലാസ് പാൽ കൂടി നിർബന്ധിച്ചു കുടിപ്പിച്ച് അമ്മയെന്റെ എനർജി ലെവൽ ബൂസ്റ്റ് ചെയ്തു. എനർജി ഡ്രിങ്കിനെ കുറിച്ച് അമ്മക്കന്ന് ധാരണയില്ലായിരുന്നു. അതിനാൽ 'മാതൃസ്നേഹം' പശുവിൻ പാലിലൊതുങ്ങി.
ഹാൾ ടിക്കറ്റ് കൈയിലെ ചെളി പുരളാതെ എങ്ങനെ പിടിക്കാം, ഉത്തര പേപ്പറിൽ നമ്പർ കൃത്യമായി എങ്ങനെയെഴുതാം എന്നു ഞങ്ങളെ അധ്യാപികമാർ പരിശീലിപ്പിച്ചിരുന്നു. 'വെട്ടരുത്, തിരുത്തരുത്, മഷി പുരളരുത്, നമ്പർ തെറ്റരുത് നിർദ്ദേശങ്ങൾ മഹാപ്രവാഹമായി. എന്നെക്കോൾ മുൻപ് പത്താം ക്ലാസ് പരീക്ഷയെഴുതിയ എല്ലാവരോടും എനിക്ക് ആദരം തോന്നി. മനസ്സിൽ അവർക്കൊരു സല്യൂട്ടടിച്ചു. എന്നേക്കാൾ മുമ്പ് ഈ ബാലിക്കേറാമല കയറിയവരെ ഞാൻ ബഹുമാനിക്കണമല്ലോ.
മിണ്ടാതെ, ഉയിരാടാതെ ഞങ്ങളൊരു ആഭിചാരം നടക്കുന്നയിടത്തിന്റെ ആമ്പിയൻസുള്ള പരീക്ഷാഹാളിലേക്ക് കയറി. ഹാൾ ടിക്കറ്റ് സൂക്ഷിച്ചു വെയ്ക്കേണ്ട ആവശ്യകത ടീച്ചർ വീണ്ടും ഞങ്ങളെ ഓർമ്മിപ്പിച്ചു. ഈ ഹാൾ ടിക്കറ്റ് മാത്രമാണ് എന്റെ ഭാവി നിർണ്ണയിക്കുന്നത് എന്നതിൽ എനിക്ക് ശങ്ക ലവലേശമില്ല.
പരീക്ഷകൾ എളുപ്പമായി കഴിഞ്ഞുപ്പോയി. മൂന്നോ നാലോ പരീക്ഷകൾ കഴിഞ്ഞു. ഞങ്ങൾ അല്പം മിണ്ടാനും ഉരിയാടാനും തുടങ്ങി. കാർഡ്ബോർഡ് ഫയലും കണക്കുപ്പെട്ടിയും അതിനുള്ളിലെ ഹാൾ ടിക്കറ്റും ഡെസ്ക്കിൽ വെച്ച് പൈപ്പിന് അടുത്ത് വെള്ളം കുടിക്കാൻ പോയി. തിരിച്ചു വന്നപ്പോൾ എന്റെ ബോക്സ് കാണാനില്ല! (ഇവിടെ സങ്കടഇമോജി ഒരു അഞ്ചാറെണ്ണം നിരത്തികുത്തിയാലും എന്റെ അപ്പോഴത്തെ ഫീലിംഗ്സിന് മതിയാവില്ല.)
ബോക്സ് കം ഹാൾടിക്കറ്റ് മോഷ്ടിക്കപ്പെട്ടിരുന്നു. ഞാനും കൂട്ടുകാരും ക്ലാസ് കീഴ്മേൽ മറിച്ച് തിരഞ്ഞു.
ഫലം നാസ്തി !
ഞാൻ വിളറി വെളുത്തു. സഹപാഠികൾ സഹതാപത്തോടെ ഈ ഭാഗ്യദോഷിയെ നോക്കി. 'ഇവൾക്ക് ഈ ഗതി വന്നല്ലോ', അവരുടെ നോട്ടത്തിൽ അങ്ങനെയൊരു ഭാവം പ്രതിഫലിച്ചു. എന്റെ അറുപത് മില്യൺ ഡോളറിന്റെ ജാക്ക്പ്പോട്ട് വിജയിച്ച ടിക്കറ്റ് നഷ്ടപ്പെട്ടാലും ഞാൻ ഇത്ര തളരില്ല കാരണം എന്റെ ഹാൾ ടിക്കറ്റ് ആ ബോക്സിലാണ്. എനിക്ക് അടുത്ത ദിവസം പരീക്ഷയെഴുതാൻ പറ്റില്ലെന്നും ഞാൻ ഒരു വർഷം തീർച്ചയായും തോൽക്കുമെന്നും നാട്ടുകാർ പഠിക്കാത്ത കുട്ടിയാണ് ഞാനെന്ന് കരുതുമെന്നും പേടിച്ച് ഞാൻ കരഞ്ഞു. ആ ഭയാനക സത്യം, എനിക്ക് താങ്ങാവുന്നതിൽ അധികമായിരുന്നു.
വീട്ടിൽ എത്തിയപ്പോൾ കരച്ചിലിന്റെ ടോൺ മാറി. ആശ്വസിപ്പിക്കാൻ എല്ലാവരും ചുറ്റും കൂടി. ആർക്കും ഇങ്ങനെയുള്ള അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല. എങ്കിലും നാളെ രാവിലെ നേരെ ഹെഡ്മിസ്ട്രസിന്റെ മുറിയിൽ ചെല്ലാൻ ഉപദേശിച്ചു. ഞങ്ങളുടെ വീട് അന്ന് ശോകമൂകം! ഉറങ്ങിയും ഉണർന്നും മയക്കത്തിൽ ഞെട്ടിവിറച്ചും ആ രാത്രി കടന്നുപോയി. പിറ്റേന്ന് ഞാൻ ഹെഡ്മിസ്ട്രസിന്റെ മുറിയിലേക്ക് ചെന്നു. എന്തും സംഭവിക്കാം എന്നൊരു അവസ്ഥ. എന്നെ പരീക്ഷയിൽ നിന്നും പുറത്താക്കുമോ, എന്നോർത്ത് നെഞ്ചിടിപ്പ് കൂടി. സിസ്റ്റർ സൗമ്യമായി എന്നോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.'അതിന് എന്തിനാണ് ഇത്രയും പേടിച്ചത്? താൻ ഈ സ്ക്കൂളിലെ സ്റ്റുഡന്റ് ആണെന്ന് ഞാൻ സാക്ഷ്യപ്പെടുത്തിയാൽ മതി, ചെല്ല്, നന്നായി പരീക്ഷയെഴുത്', സിസ്റ്റർ എന്റെ തോളിൽ തട്ടി. അവരുടെ മുഖം ഒരു വിശുദ്ധയുടേതെന്ന് തോന്നിച്ചു.
ഞാൻ ഹാളിലേക്ക് ഓടി, സമാധാനമായി പരീക്ഷയെഴുതി തീർത്തു. മനപ്പാഠമാക്കിയ ലോകചരിത്രം, ഇന്ത്യയുടെ ചരിത്രം. കേരളചരിത്രം ഒക്കെയെന്റെ പേപ്പറുകൾ നിറച്ചു. വൃത്താകൃതിയിലുള്ള തുളയിലൂടെ വെള്ളനൂൽ കോർത്തുക്കെട്ടി, പേപ്പർ കൊടുത്തു പുറത്തിറങ്ങി. നീണ്ട വരാന്തയുടെ അറ്റത്ത് നീളത്തിൽ മടക്കിയ കടലാസ് കിടക്കുന്നത് കണ്ടു. ഉത്തരങ്ങൾ ചർച്ച ചെയ്യുന്ന കൂട്ടുകാരുടെ ശബ്ദകോലാഹലങ്ങൾക്കിടയിലൂടെ ഞാൻ ഓടി.
അതെ... എന്റെ ഹാൾ ടിക്കറ്റ് ! സുമനസ്സുള്ള കള്ളി, (കോൺവെന്റ് സ്ക്കൂൾ ആണ്) ബോക്സും ഉള്ളിലെ സാമഗ്രികളും എടുത്തെങ്കിലും ഹാൾ ടിക്കറ്റ് തിരിച്ചു തന്നു. എന്തു പോയാലും എനിക്ക് പ്രശ്നമില്ല, പ്രത്യേകിച്ചും set squares. എന്തൊക്കെ നഷ്ടപ്പെട്ടാലും എനിക്ക് നീ മാത്രം മതിയെന്ന മട്ടിൽ ഹാൾടിക്കറ്റിനെ നെഞ്ചോട് ചേർത്ത് ഞാനൊരു വാത്സല്യം മമ്മൂട്ടിയായി.
ഉച്ചക്കഴിഞ്ഞുള്ള പരീക്ഷയിൽ ഗോതമ്പും ചോളവും ബജ്റ്യും വിളയുന്ന കണക്കു വരെ ഞാൻ കൃത്യത്തിൽ നിരത്തി. വല്യോന്റെ പാടത്തു വിളയുന്ന, ഇതൊക്കെ ജീവിതത്തിൽ കാണാത്ത ഞാൻ, ഈ കണക്കെല്ലാം എന്തിനാണ് പഠിച്ച്, എന്റെ തലച്ചോറിനെ ചിതലുപിടിപ്പിക്കുന്നത് എന്നൊന്നും ഞാൻ ചിന്തിച്ചില്ല. വായിൽ കൊള്ളാത്ത പേരുള്ള ജിബ്രാൾട്ടർ ജലപ്രവാഹം വരെ കാണാതെ പഠിച്ച് എഴുതി മാർക്ക് പെരുപ്പിക്കുന്നു. പിന്നെയല്ലേയിത്. ഈ ഡാറ്റ മനപാഠം ആക്കുന്നതിന്റെ പ്രയോജനം, എന്തെന്ന് വിദ്യാഭ്യാസവകുപ്പിന് അറിയുമായിരിക്കുമോ ആവോ? പക്ഷെ എനിക്ക് ഒന്നറിയാം, നിറയെ മാർക്ക് വേണം.
ഇന്ത്യയുടെ ഭൂപടം വരച്ച് അഞ്ചു സ്ഥലങ്ങൾ അടയാളപ്പെടുത്തണം. ഇന്ത്യ ഏകദേശം ഞാൻ ചുടുന്ന ദോശപോലെ നീണ്ടും വലിഞ്ഞും എന്റെ പേപ്പറിൽ നിറഞ്ഞു. പക്ഷെ ഭാരതമാതാവിന്റെ തലക്ക് നല്ല മുഴുപ്പുണ്ടായിരുന്നു. പാകിസ്ഥാൻ, കാശ്മീർ തട്ടിയെടുക്കാൻ എത്ര ശ്രമിച്ചാലും ഞാൻ വിട്ടുകൊടുക്കില്ല. ഈ ദേശസ്നേഹിയുടെ പടത്തിൽ എല്ലാം ഇന്ത്യക്ക് സ്വന്തമാണ്. POK (Pakistan Occupied Kashmir) തലയിൽ ഏന്തി ഇന്ത്യ നിൽക്കുന്നു. പക്ഷെ മൊത്തത്തിൽ ഭാരതമാതാവിന് ഒരു ചെറിയ അവശതയുണ്ട്. അത് എന്റെ വരയുടെ കുഴപ്പം മാത്രം. മറ്റു സ്ഥലങ്ങൾ കൃത്യമായി അടയാളപ്പെടുത്തി. ചിറാപുഞ്ചി എവിടെ? കക്ഷി ആസ്സാമിയാണ്, ഏറ്റവും കൂടുതൽ മഴ കിട്ടുന്ന സ്ഥലം, ബൈ ഹാർട്ട് പഠിച്ച അറിവുകൾ തലച്ചോറിൽ തിക്കിത്തിരക്കി. ഏകദേശം ഒരു ഉന്നം വെച്ച് ഭാരതമാതാവിന്റെ കിഴക്കെ ചിറകിൽ ഒരു കുത്തു കൊടുത്തു. കൂർത്ത പെൻസിൽ കൊണ്ട് അമ്പ് പായിച്ച് കുനുകുനെ എഴുതി, 'ചിറാപുഞ്ചി'. റോന്തു ചുറ്റുന്ന കന്യാസ്ത്രി ആദ്യം പാളി നോക്കി. പിന്നെ അടുത്തു വന്നു നോക്കി, എന്നെ നോക്കി ചിരിച്ചു.
'ഇവർക്ക് ഇവരുടെ പണി നോക്കിയാൽ പോരെ? എന്റെ പേപ്പർ നോക്കേണ്ടവർ നോക്കും, ഞാൻ പിറുപിറുത്തു.
എന്താ ആ ചിരിയുടെ അർത്ഥം? ഈ ആസാം സംസ്ഥാനത്തിന്റെ അതിർത്തിയൊക്കെ എനിക്ക് എങ്ങനെയറിയാം. അതിന്റെ ചുറ്റും ചറപറാ കുഞ്ഞുസംസ്ഥാനങ്ങൾ പെറ്റുപെരുകി കിടക്കുന്നു. തൊട്ടടുത്ത് മേഘാലയ, അരുണാചൽപ്രദേശ്, മണിപ്പൂർ, മിസോറം. പിന്നെ ആ മലയൊന്ന് കയറി മറിഞ്ഞാൽ നാഗലാന്റ്. എന്റെ 'ചിറാപുഞ്ചി' ആസാമിൽ തന്നെ കിന്നോ? അതോ കനത്ത മഴയിൽ വല്ല അന്യസംസ്ഥാനത്തിലേക്കും ഒലിച്ചുപോയോ?
എന്തരോ എന്തോ?
അധികം ആലോചിക്കാൻ സമയം കിട്ടിയില്ല. അടുത്ത വർഷത്തെ പരീക്ഷാപ്പേടികളിലേക്ക് ഞാൻ എടുത്തെറിയപ്പെട്ടു!
വാൽകഷണം:
പരീക്ഷപ്പേടി നന്നായി അനുഭവിച്ചവരായിരിക്കും മലയാളികൾ. കാണം വിറ്റും ഓണം ഉണ്ണണം എന്നതൊരു അംഗീകൃത പഴഞ്ചൊല്ലുണ്ട്. എന്നാൽ കുട്ടി ചത്താലും മാർക്ക് കിട്ടണം എന്തൊരു അലിഖിത ചൊല്ലുമുണ്ട്. മക്കളുടെ പരീക്ഷാവിജയങ്ങൾ, സ്റ്റാറ്റസ് സിംബൽ ആക്കുന്ന മതാപിതാക്കളും അതൊരു കച്ചവടവും പ്രിസ്റ്റീജും ആക്കുന്ന സ്ക്കൂൾ മാനേജ്മെന്റും കൊന്നുകൊലവിളിക്കുന്നത് ആരെയാണ് ? അവരുടെ ബാല്യവും കൗമാരവും നൽകുന്ന സന്തോഷം കവർന്നെടുക്കുന്ന പരീക്ഷാപ്പേടി നിങ്ങളവരുടെ കണ്ണിൽ കാണുന്നില്ലെ? എങ്കിൽ സമൂഹം മനസ്സിലാക്കണം, ഈ വിഷയം ചർച്ച ചെയ്യപ്പെടണം. അതാദ്യം സ്വന്തം കുടുംബങ്ങളിൽ നിന്നാകട്ടെ !
പരീക്ഷാപ്പേടി
ജോയ്സ് വർഗീസ് (കാനഡ)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്