ശ്രീനഗര്‍: പഹല്‍ഗാമില്‍ നടന്ന ആക്രമണം പ്രദേശവാസികളുടെ സഹായമില്ലാതെ നടത്താന്‍ പറ്റില്ലെന്ന വെളിപ്പെടുത്തലുമായി ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തോയ്ബയുടെ മുന്‍-സ്ലീപ്പര്‍ സെല്‍ അംഗം. ഭീകരര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തതില്‍ സ്ലീപ്പര്‍ സെല്‍ അംഗങ്ങളായ പ്രദേശവാസികള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടാവുമെന്നും അവരില്‍ അഞ്ചോ ആറോ പേരെങ്കിലും ആക്രമണം നടത്തിയ ലഷ്‌കര്‍ ഭീകരരുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടാവുമെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഇയാള്‍ പറയുന്നു.
നാല് വര്‍ഷത്തോളം സ്ലീപ്പര്‍ സെല്‍ അംഗമായിരിക്കുകയും പിന്നീട് അറസ്റ്റിലാവുകയും ചെയ്ത വ്യക്തിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ആക്രമണം നടത്തുന്നതിന് ഒരു മാസം മുമ്പ് തന്നെ ഭീകരര്‍ അന്തിമ പദ്ധതികള്‍ തയ്യറാക്കിയിട്ടുണ്ടാവുമെന്നും അവര്‍ക്ക് വേണ്ട ഭക്ഷണ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്നത് മുതല്‍ ആക്രമണം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ സുരക്ഷാസേനയേക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഉള്‍പ്പെടെ സ്ലീപ്പര്‍സെല്‍ അംഗങ്ങള്‍ ഭീകരര്‍ക്ക് എത്തിച്ചുകൊടുത്തിട്ടുണ്ടാവുമെന്നും ഇയാള്‍ പറയുന്നു.
താന്‍ ശ്രീനഗറില്‍ ഒരു ആക്രമണം നടത്താന്‍ ഉദ്ദേശിക്കുന്നു എന്ന് കരുതുക, നേരെചെന്ന് ആക്രമണം നടത്തുകയല്ലല്ലോ ചെയ്യുക. പ്രദേശവാസികളായ സ്ലീപ്പര്‍സെല്‍ അംഗങ്ങളുടെ സഹായമില്ലാതെ പഹല്‍ഗാം ആക്രമണം പോലെ ഒന്ന് ഒരിക്കലും സാധ്യമാവുകയില്ല. ബൈസരണ്‍വാലിയില്‍ എത്ര പട്ടാളക്കാരുണ്ടെന്ന് തനിക്ക് എങ്ങനെയാണ് മനസിലാക്കാന്‍ സാധിക്കുക? ആക്രമണം നടത്തുന്നതിന് മുന്നോടിയായി തനിക്കവിടെയൊക്കെ ചുറ്റിക്കറങ്ങേണ്ടിവരും. അതിനുവേണ്ട വിവരങ്ങളും സഹായങ്ങളും നല്‍കുന്നത് സ്ലീപ്പര്‍സെല്‍ അംഗങ്ങളായിരിക്കുമെന്നും ഇയാള്‍ പറയുന്നു.
തന്റെ വിലയിരുത്തലില്‍, പഹല്‍ഗാമില്‍ ഭീകരര്‍ക്ക് സഹായികളായി അഞ്ചോ ആറോ സ്ലീപ്പര്‍സെല്‍ അംഗങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. ആക്രമണം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത് അവരാകും. ഒരുമാസം മുമ്പെങ്കിലും അവര്‍ ആക്രമണത്തിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടാവുമെന്നും നാല് വര്‍ഷത്തോളം സ്ലീപ്പര്‍സെല്‍ അംഗമായി പ്രവര്‍ത്തിച്ചിരുന്ന കശ്മീരി സ്വദേശി പറയുന്നു.
സ്ലീപ്പര്‍സെല്‍ അംഗമായിരുന്ന സമയത്ത് താനവരെ ഒരുപാട് സഹായിച്ചിട്ടുണ്ട്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്നു. നേരിട്ടല്ലെങ്കിലും പല ആക്രമണങ്ങളിലും താനും ഭാഗമായിട്ടുണ്ട്. ആക്രമണം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ പട്ടാളക്കാരെക്കുറിച്ചും അവരുടെ നീക്കങ്ങളെക്കുറിച്ചുമാണ് പ്രധാനമായും വിവരങ്ങള്‍ നല്‍കുക. എത്ര പട്ടാളക്കാര്‍, എവിടെയൊക്കെ, ഏതൊക്കെ സമയത്ത് തുടങ്ങിയ വിവരങ്ങളാണ് അവര്‍ക്ക് വേണ്ടതെന്നും ഇയാള്‍ വ്യക്തമാക്കുന്നു.
ഭീകരര്‍ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചുനല്‍കുക എന്നതാണ് മറ്റൊരു പ്രധാന ദൗത്യം. 2015-ലാണ് തന്നെ ഫേസ്ബുക്ക് വഴി ഒരു തീവ്രവാദി ബന്ധപ്പെട്ടത്. അന്നൊന്നും വാട്സ്ആപ്പും ഫേസ്ബുക്കുമൊന്നും ഇത്രയധികം നിരീക്ഷണത്തിന് വിധേയമായിരുന്നില്ല. അയാള്‍ തനിക്ക് മെസേജ് അയച്ചു, ബിബിഎം ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ പറഞ്ഞു. അതിലൂടെയാവുമ്പോള്‍ ട്രാക്ക് ചെയ്യപ്പെടാതെ വീഡിയോ, ഓഡിയോ കോളുകള്‍ ചെയ്യാന്‍ സാധിക്കുമായിരുന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തുന്നു.
കാട്ടില്‍ ഭീകരര്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കലായിരുന്നു തന്റെ ആദ്യകാലങ്ങളിലെ ദൗത്യം. പിന്നീട് ചിലയിടങ്ങളില്‍ നിന്നും ചില സാധനങ്ങള്‍ എടുത്തുകൊണ്ടുവരാനും, അവര്‍ തന്നുവിടുന്ന സാധനങ്ങള്‍ ചിലയിടങ്ങളില്‍ ഉപേക്ഷിക്കാനും ആവശ്യപ്പെട്ടുതുടങ്ങി. അത് ഏറെനാള്‍ തുടര്‍ന്നു. പിന്നീട് തന്നെ ബന്ധപ്പെട്ടുകൊണ്ടിരുന്നയാള്‍ മരിച്ചപ്പോള്‍ മറ്റൊരാള്‍ തന്നെ ബന്ധപ്പെടാന്‍ തുടങ്ങി. മരിക്കുംമുമ്പ് അയാള്‍ പറഞ്ഞിരുന്നുവത്രേ തന്നെ വിശ്വസിക്കാന്‍ കൊള്ളാമെന്ന്.അങ്ങനെ ഈ പ്രവര്‍ത്തി വീണ്ടും തുടര്‍ന്നുവെന്നും ഇയാള്‍ പറയുന്നു.
പിടിക്കപ്പെട്ട ശേഷം രണ്ടരവര്‍ഷത്തോളമാണ് താന്‍ ജയിലില്‍ കഴിഞ്ഞത്. പിടിക്കപ്പെടുമ്പോള്‍ എനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല, അതുകൊണ്ടുമാത്രമാണ് പുറത്തിറങ്ങാനായത്. അല്ലെങ്കില്‍ എന്തുസംഭവിച്ചേനെ എന്ന് ചിന്തിക്കാന്‍ കൂടി വയ്യ. 100 അല്ല, 110% തെറ്റായ പ്രവൃത്തിയായിരുന്നു താന്‍ ചെയ്തിരുന്നത്. സ്വയം മനസിലാക്കാനും തിരുത്താനുമായി എന്നതാണ് ആകെയുള്ള ആശ്വാസമെന്നും ഇയാള്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്