ന്യൂഡെല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാനുമായുള്ള സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിംഗ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസങ്ങളില്‍ കരസേനാ മേധാവിയുമായും നാവികസേനാ മേധാവിയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി പാകിസ്ഥാനെതിരെ ഇന്ത്യ സ്വീകരിക്കാന്‍ സാധ്യതയുള്ള സൈനിക നടപടികളെക്കുറിച്ച് വിലയിരുത്താനാണ് നിര്‍ണായകമായ കൂടിക്കാഴ്ചകള്‍. നിലവിലെ സാഹചര്യത്തെക്കുറിച്ച് സേനാ മേധാവികള്‍ പ്രധാനമന്ത്രി മോദിയെ ധരിപ്പിച്ചു.
ഏപ്രില്‍ 26 ന്, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ജനറല്‍ അനില്‍ ചൗഹാന്‍, മറ്റ് സായുധ സേനാ മേധാവികള്‍ എന്നിവരുമായി പ്രധാനമന്ത്രി മോദി ഒരു പ്രധാന കൂടിക്കാഴ്ച നടത്തി. ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന ഈ യോഗത്തില്‍, പാകിസ്ഥാനെതിരെ നടപടിയെടുക്കാന്‍ പ്രധാനമന്ത്രി മോദി സായുധ സേനയ്ക്ക് പൂര്‍ണ സ്വതന്ത്ര്യം നല്‍കിയിരുന്നു.
പാകിസ്ഥാനെതിരെ സൈനിക നടപടിയെടുക്കാനുള്ള സാധ്യതകള്‍ക്കിടയില്‍, ഏപ്രില്‍ 30 ന് പ്രധാനമന്ത്രി മോദി അദ്ദേഹത്തിന്റെ 7, ലോക് കല്യാണ്‍ മാര്‍ഗ് വസതിയില്‍ വച്ച് കരസേനാ മേധാവി ജനറല്‍ ദ്വിവേദിയുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും എന്‍എസ്എ അജിത് ഡോവലും യോഗത്തില്‍ പങ്കെടുത്തു. മെയ് 3 ന് വൈകുന്നേരം 6 മണിക്ക് നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് ത്രിപാഠി പ്രധാനമന്ത്രി മോദിയെ കണ്ടു. കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടുനിന്നു.
പഹല്‍ഗാം കൂട്ടക്കൊലയെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍, ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് എല്ലാ ജീവനക്കാരുടെയും അവധി ഉടനടി റദ്ദാക്കി. രാജ്യത്തുടനീളം പ്രതിരോധ തയ്യാറെടുപ്പ് വര്‍ദ്ധിച്ച സമയത്താണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്