വേടന്റെ പുലിപ്പല്ലല്ല പ്രധാനം, പേപ്പട്ടികളുടെ വിഷപ്പല്ലാണ്..

MAY 1, 2025, 1:01 AM

ഇപ്പോഴും നെഞ്ചിൽ ഇടതുപക്ഷ ചൂടുള്ള നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. വലതുപക്ഷത്തോട് ചായ്‌വ് കാണിക്കാനാകാത്ത വിധം ജനപക്ഷത്താണ് ഇവരുടെ നിൽപ്പ്. പക്ഷെ, സ്വതന്ത്ര ചിന്താഗതി ഇനിയും കൈമോശം വരാത്ത ഇത്തരമാളുകളുടെ പ്രതീക്ഷയെ തല്ലിക്കെടുത്തുന്ന വിധമാണോ  പിണറായി രണ്ടാമന്റെ സർക്കാർ മുന്നോട്ടു പോകുന്നതെന്ന ചോദ്യമുയർന്നു കഴിഞ്ഞു.

കാരണമുണ്ട്. ഇടതിനോട് ചായ്‌വുള്ള സ്വതന്ത്ര നിലപാടുകാർ ഏറെ പ്രതീക്ഷയോടെ കണ്ട ഒരു മന്ത്രിയാണ് എം.ബി. രാജേഷ്. മികച്ച പാർലിമെന്റേറിയൻ എന്ന സൽപ്പേര് നേടിയ രാജേഷ് പക്ഷെ മന്ത്രിയായതോടെ, അതുവരെ ആ നേതാവിനുണ്ടായിരുന്ന എല്ലാ നല്ല പേരും തുലച്ചു കളഞ്ഞു. 

രാജേഷിനെ ചൊറിയുന്നതെന്തിന്? 

vachakam
vachakam
vachakam

മന്ത്രി രാജേഷിനോട് രണ്ടല്ല, മൂന്നും പറയാൻ ഇപ്പോൾ ഒരു കാരണമുണ്ട്. തദ്ദേശ സ്വയം ഭരണ വകുപ്പാണ് ഈ യുവനേതാവ് കൈയാളുന്നത്. പേപ്പട്ടികളുടെ കാര്യത്തിൽ നടപടിയെടുക്കേണ്ടതും മന്ത്രി രാജേഷിന്റെ വകുപ്പാണ്. പേപ്പട്ടികളുടെ ബാഹുല്യം മൂലം ജനങ്ങൾ നട്ടംതിരിയുകയാണ്.   മുഖ്യധാരാ മാധ്യമങ്ങൾ, ചാനലുകളടക്കം റാപ്പർ വേടന്റെ പുലിപ്പല്ലിന് പിന്നാലെയാണ്. ആകെക്കൂടി ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരത്തെ റിപ്പോർട്ടർ ഏഞ്ചൽ മേരിയാണ് കേരളം ഇന്ന് നേരിടുന്ന അതിഭീകരമായ പ്രശ്‌നമെന്ന നിലയിൽ പേപ്പട്ടി ശല്യത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 

പേപ്പട്ടി ശല്യം ഗുരുതരമായപ്പോൾ മനോരമ കഴിഞ്ഞവർഷം ജനുവരി മാസത്തിൽ ഒരു എഡിറ്റോറിയൽ  എഴുതിയിരുന്നുവെന്ന കാര്യം മറക്കുന്നില്ല. പക്ഷെ, മാധ്യമങ്ങൾ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ 'ബഹുമാനപ്പെട്ട മന്ത്രി' ഒന്ന് പ്രതികരിക്കേണ്ടതല്ലേ? ആശാവർക്കർമാരുടെ സമരത്തെ 'അടിപടലം' പൂട്ടാൻ മന്ത്രി രാജേഷ് എത്ര തവണയാണ് മാധ്യമങ്ങളെ കണ്ടത്? 

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ കയറി 19ൽ ഏറെ യാത്രക്കാരെ പേപ്പട്ടി കടിച്ചത് ഏഷ്യാനെറ്റ് ന്യൂസിൽ സ്‌ക്രോൾ ചെയ്തു പോയത് ഒരിക്കൽ കണ്ടെങ്കിലും, ആ വാർത്തയെപ്പറ്റി പിന്നീട് ഒന്നും കേട്ടതേയില്ല. തിരുവനന്തപുരം കോർപ്പറേഷൻ മേയറെയും വകുപ്പ് മന്ത്രിയെയും രക്ഷിക്കാൻ ചിലപ്പോൾ ഏതെങ്കിലും മാധ്യമ സിൻഡിക്കേറ്റ് അന്ന് പ്രവർത്തിച്ചുവോയെന്ന് നമുക്കറിയില്ല.

vachakam
vachakam
vachakam

കാര്യം നിസ്സാരമല്ല, ഗുരുതരമാണ്

പല കുടുംബങ്ങളും ആശുപത്രികളെ ഭയപ്പെടുന്ന കാലമാണിത്. പഴയ കാലങ്ങളിൽ ചില തറവാടുകൾ മുടിയാൻ കാരണം കോടതികളായിരുന്നു. ഇപ്പോൾ കോടതി കയറിയാലും ആശുപത്രി കയറിയാലും എത്ര ധനികരായ കുടുംബങ്ങളാണെങ്കിലും കുത്തുപാളയെടുക്കുമെന്നതാണ് അവസ്ഥ. അത്രയേറെ പണം ചെലവാക്കിയാലേ ആശുപത്രികളിൽ നിന്ന് പുറത്തിറങ്ങാൻ പറ്റൂ. കോടിക്കണക്കിന് രൂപ ചെലവഴിച്ച് സ്ഥാപിച്ചിട്ടുള്ള യന്ത്ര സംവിധാനങ്ങളെല്ലാം ബാങ്ക് വായ്പയിലാണ് സ്വകാര്യ  ആശുപത്രികൾ സ്വന്തമാക്കിയിട്ടുള്ളത്.

ഈ മെഷീനറികളുടെ തിരിച്ചടവ് ബന്ധപ്പെട്ട ഡോക്ടർമാർക്ക് 'ടാർജറ്റ്'നൽകിക്കൊണ്ടാണ് സാധ്യമാക്കുക. അതായത് വേണ്ടതിനും വേണ്ടാത്തതിനും ടെസ്റ്റിനു   എഴുതുകയാണ് പല ഡോക്ടർമാരും. നമുക്ക് ആ വിഷയം തൽക്കാലം വിടാം. കേരളത്തിലെ തെരുവ് നായ്ക്കളുടെ എണ്ണം പോലും നമ്മെ അമ്പരപ്പിക്കുന്നു. നാല് ലക്ഷം തെരുവ് നായ്ക്കളാണ് ഇപ്പോൾ കേരളത്തിലുള്ളത്. ഈ മാസം മാത്രം 6 പേർ പേപ്പട്ടി കടിയേറ്റ് മരിച്ചു. ഇവരിൽ മൂന്നു പേർ 13 വയസ്സിൽ താഴെയുള്ളവരാണ്. 4 മാസത്തിനിടെ 13 പേരും 5  വർഷത്തിനുള്ളിൽ 102 പേരും പേവിഷബാധയേറ്റ് മരിച്ചതായി കണക്കുകളുണ്ട്. 

vachakam
vachakam
vachakam

നമ്മെ ഭീതിയിലാഴ്‌ത്തേണ്ട മറ്റൊരു കണക്ക് കൂടിയുണ്ട്. മരിച്ചവരിൽ 20 പേർ പേവിഷബാധയ്‌ക്കെതിരെ വാക്‌സിൻ എടുത്തവരാണ്. 2021ൽ 11, 2022ൽ 27, 2023ൽ 25, 2024ൽ 26, 2025ലെ 4 മാസത്തിനുള്ളിൽ 13 പേർ എന്നിങ്ങനെയാണ് മരണക്കണക്ക്. തലയിലും മുഖത്തും കടിയേറ്റവർക്ക് ഇപ്പോൾ നൽകുന്ന വാക്‌സിൻ ഫലപ്രദമല്ലെന്ന് വാർത്തകളുണ്ട്. അതായത് പേവിഷബാധയെ മരുന്നുകൊണ്ട് പൂർണ്ണമായും പ്രതിരോധിക്കാൻ കഴിയുന്നില്ലെന്നതാണ് യാഥാർത്ഥ്യം. അങ്ങനെയെങ്കിൽ പേപ്പട്ടികളെ നിയന്ത്രിക്കാൻ സർക്കാർ മറ്റ് വഴികൾ തേടേണ്ടതല്ലേ? 

ഏ.ബി.സി. കേന്ദ്രങ്ങളും അനാസ്ഥയും 

തെരുവ് നായ്ക്കളെ വന്ധ്യംകരിച്ച് പേവിഷബാധയ്‌ക്കെതിരെ കുത്തിവെപ്പ് നടത്താൻ എല്ലാ ജില്ലകളിലും ഏ.ബി.സി കേന്ദ്രങ്ങൾ (അനിമൽ ബർത്ത് കൺട്രോൾ) സ്ഥാപിക്കുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. സംസ്ഥാനത്ത് പല പ്രദേശങ്ങളിലും ഏ.ബി.സി കേന്ദ്രങ്ങൾ തുടങ്ങാൻ സ്ഥലം കണ്ടെത്തിയിട്ടുണ്ട്, ചില സ്ഥലങ്ങളിൽ കെട്ടിടം നിർമ്മിച്ചിട്ടുണ്ട്. അവയിൽ പലതും ഇന്ന് സാമൂഹ്യവിരുദ്ധരുടെയും മയക്കു മരുന്ന് കച്ചവടക്കാരുടെയും താവളങ്ങളാണ്. സർക്കാരിനെ കുറ്റം പറയരുതല്ലോ, 2022ൽ സമഗ്ര പേ വിഷ നിയന്ത്രണ പദ്ധതിയെല്ലാം പ്രഖ്യാപിച്ചിരുന്നതാണ്. പക്ഷെ ഇന്നും ആ പദ്ധതി കടലാസിലാണ്. 

ഒരർത്ഥത്തിൽ തെരുവിൽ നിറയുന്ന മാംസ മാലിന്യങ്ങളാണ് തെരുവ് പട്ടികളുടെ എണ്ണം കൂടാൻ കാരണം. പ്രാകൃതരീതിയിലുള്ള അറവുശാലകളിൽ നിന്നുള്ള മാലിന്യം വേണ്ടവിധം സംസ്‌ക്കരിക്കാതെ പോകുന്നതും മറ്റൊരു കാരണമാണ്. ഈ വിഷയം സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരികയും ജസ്റ്റിസ് സിരിജഗന്റെ നേതൃത്വത്തിൽ 2017ൽ ഒരു കമ്മീഷനെ വയ്ക്കുകയും ചെയ്തതായി രേഖകളിലുണ്ട്. 

അന്ന് കമ്മീഷന് ലഭിച്ചത് എണ്ണായിരത്തോളം പരാതികളായിരുന്നു. നഷ്ടപരിഹാരം ലഭിക്കാനുള്ള പരാതികളായിരുന്നു ഇവയിൽ ഏറെയും. മൂന്നോ നാലോ വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് നഷ്ടപരിാരത്തുക സർക്കാർ നൽകുന്നതെന്ന പരാതി വേറെയുമുണ്ട്.  

ജോമോനും എബ്രഹാമും അഴിമതിയും 

മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. എബ്രഹാമിനെതിരെ പഴയ അഭയ കേസ് ഫെയിം ജോമോൻ പുത്തൻപുരയ്ക്കൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത് വാർത്തകളിൽ നിറയുകയുണ്ടായി. ചൊവ്വാഴ്ചത്തെ വാർത്തകളിലാകട്ടെ എബ്രഹാം സുപ്രീം കോടതിയിൽ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടതായി വാർത്ത കണ്ടു. 

തന്റെ ഭാഗം കേൾക്കാതെ സ്റ്റേ അനുവദിക്കരുതെന്ന 'കവിയറ്റ് ഹർജി' ജോമോനും ഫയൽ ചെയ്തു കഴിഞ്ഞു. അഴിമതിക്കാരെയെല്ലാം വളർത്തി പരിപാലിക്കുന്ന ഒരു നഴ്‌സറിയായി ഇപ്പോഴത്തെ സർക്കാരിനെ കാണുന്നവരുണ്ട്. ഏതായാലും എബ്രഹാമിന്റെ അഴിമതിക്കേസിന്റെ തുടർനടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. സാങ്കേതികമായ കാരണങ്ങളാലാണ് സ്റ്റേ എന്ന് ജോമോൻ പുത്തൻപുരയ്ക്കൽ വിശദീകരിച്ചതായും ചാനലിൽ കണ്ടു.

തരുൺമൂർത്തിയെ കണ്ട് പഠിക്കട്ടെ...

മലയാള സിനിമയിൽ ഹിറ്റുകൾ സമ്മാനിച്ച ചില സംവിധായകരും സാങ്കേതിക വിദഗ്ദ്ധരും        'സ്വസ്ഥമായി' കുറച്ച് 'സ്റ്റഫ്' ഉപയോഗിക്കാനാകാത്ത ഗതികേടിലാണിപ്പോൾ. പിന്നാലെ മയക്കുമരുന്ന് വേട്ട നടത്തുന്ന 'ഡാൻസാഫ്' സംഘമുണ്ടെന്നത് അവരെ വിറളിപിടിപ്പിക്കുന്നു. കേരളത്തിലെ  രാസലഹരിയുടെയും സിനിമയുടെയും ഗുണ്ടായിസത്തിന്റെയും ഗ്ലാമർ ചാനലുകൾ ആഘോഷിക്കുകയാണ്. 

ഇതിനിടയിലാണ് റാപ്പർ വേടൻ പിടിയിലായിട്ടുള്ളത്. ന്യൂജനറേഷന്റെ ഹരമായ വേടൻ പൊതുപരിപാടികളിലെല്ലാം ലഹരിക്കെതിരെ കല്ലുവച്ച ഡയലോഗുകൾ കാച്ചുന്ന കക്ഷിയാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിന് കീഴാളരുടെയിടയിൽ കിട്ടിയ കറുത്ത മുത്താണ് വേടൻ. സ്വന്തമായ താളപ്പൊലിമ കൊണ്ടും, അഴകാട്ടങ്ങളുടെ ചടുലത കൊണ്ടും വേടൻ സൃഷ്ടിച്ച മാസ്മരിക ലോകം ഒരിക്കലും ലഹരിക്കൊണ്ട് വികൃതമാക്കരുതേ എന്നേ നമുക്ക് പറയാനാവൂ. ഒറ്റയ്ക്ക് വഴി വെട്ടുന്നവന്റെ  ധീരത, വേടനെ സംബന്ധിച്ച് അഭിനന്ദനീയമാണെങ്കിലും, ലഹരിയാണ് ആ കൂത്തിനു പിന്നിലെങ്കിൽ പിന്നെ നമുക്ക് എന്തുപറയാൻ കഴിയും?

ഇത്തരം വികല വ്യക്തിത്വങ്ങളുടെ കടുംവെട്ട്, സമൂഹത്തിന്റെ നന്മയ്ക്ക് അനിവാര്യമാണ്.
തരുൺമൂർത്തിയെക്കുറിച്ചാണ് പറഞ്ഞു തുടങ്ങിയത് അത് തുടരാം. ഓപ്പറേഷൻ ജാവയും, സൗദി വെള്ളയ്ക്കയും സംവിധാനം ചെയ്ത തരുൺ മൂർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സൂപ്പർ സ്റ്റാർ. തുടരും എന്ന സിനിമയിലൂടെ മോഹൻലാൽ -ശോഭന ജോഡികളുടെ ഒരു പുനരവതരണം അവരുടെ ഇപ്പോഴത്തെ പ്രായത്തിന്റെ പശ്ചാത്തലത്തിൽ രൂപപ്പെടുത്തിയ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞ തരുൺ മൂർത്തിയുടെ ഫിലിംമേക്കിംഗിനു മുമ്പിൽ ഒരു ബിഗ് സല്യൂട്ട്. 6 വർഷമായി ഒരു കഥാപ്രമേയം ഉള്ളിൽ കൊണ്ടു നടന്ന കെ.ആർ. സുനിൽ എന്ന തിരക്കഥാകൃത്തും നിർമ്മാതാവ് എം. രഞ്ജിത്തും (നടി ചിപ്പിയുടെ ഭർത്താവ്) തീർച്ചയായും ഏറെ അഭിനന്ദനമർഹിക്കുന്നു. 

തനിക്കു കിട്ടിയ തിരക്കഥ സിനിമയാക്കാൻ പറ്റിയ ഒരു സംവിധായകനെ തേടിയലഞ്ഞ രഞ്ജിത്ത് ഏറ്റവും ഒടുവിലാണ് തരുൺ മൂർത്തിയെ കണ്ടെത്തിയത്. ലഹരി കഴിച്ചാലേ സിനിമ ചെയ്യാൻ പറ്റൂ എന്ന് ചിന്തിക്കുന്നവരുടെ മുമ്പിൽ തരുൺ മൂർത്തി നമുക്ക് ചൂണ്ടിക്കാണിക്കാവുന്ന ഒരു റോൾ മോഡലാണ്. ഇനിയും തരുൺ മൂർത്തിമാരുടെ രംഗപ്രവേശം സിനിമയിൽ  'തുടരും,'  തുടരണം !

ആന്റണി ചടയംമുറി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam