പാലിയേക്കര ടോള്‍ പ്ലാസയില്‍ നാലാഴ്ചത്തേയ്ക്ക് പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയും സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. ഹൈക്കോടതി നിര്‍ദേശിച്ചത്പ്രകാരം ആദ്യം റോഡുകള്‍ നന്നാക്കി, ഗതാഗത കുരുക്ക് പരിഹരിക്കൂ. എന്നിട്ടാകാം അപ്പീലുമായി എത്തുന്നതെന്ന് ചീഫ് ജസ്റ്റിസ് ബി ആര് ഗവായ്, കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
ടോള്‍ നല്‍കിയിട്ടും ദേശീയപാതാ അതോറിറ്റി സേവനം നല്‍കുന്നില്ലല്ലോയെന്ന് കോടതി ചോദിച്ചു. സര്‍വീസ് റോഡുകളും മെച്ചപ്പെടുത്തിയില്ല. ആംബുലന്‍സിന് പോലും കടന്നു പോകാന്‍ കഴിയാത്ത സാഹചര്യമാണ്. എസ്കോര്‍ട്ട് അകമ്പടി ഉണ്ടായിട്ടും ഒരിക്കല്‍ ടോള്‍ പ്ലാസയിലെ ഗതാഗതക്കുരുക്കില്‍ താനും കുടുങ്ങിയെന്ന് ചീഫ് ജസ്റ്റിസ് ബി ആര് ഗവായ് പറഞ്ഞു.
തൃശൂര്‍ സ്വദേശിയായ ഒരാള്‍ ഭാര്യാപിതാവിന്റെ സംസ്കാര ചടങ്ങിന് ചാലക്കുടിയിലെത്താന്‍ മണിക്കൂറുകള്‍ വൈകിയ വാര്‍ത്ത ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. എന്‍എച്ച്എഐയും കണ്സെഷനറിയും തമ്മില്‍ എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ അത് നിയമപ്രകാരമോ മധ്യസ്ഥതയിലൂടെയോ പരിഹരിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.ദേശീയ പാതയില്‍ ഗതാഗത കുരുക്കില്ലെന്നും കവലകളിലാണ് പ്രശ്നമെന്നുമായിരുന്നു സോളിസിറ്റല്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം. കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്