അഡ്ലെയ്ഡ് ഓവലിൽ നടക്കുന്ന മൂന്നാം ആഷസ് ടെസ്റ്റിന്റെ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയ മത്സരത്തിൽ മികച്ച മുൻതൂക്കം നേടി.
രണ്ടാം ഇന്നിംഗ്സിൽ 4 വിക്കറ്റ് നഷ്ടത്തിൽ 271 റൺസെടുത്ത ഓസ്ട്രേലിയയ്ക്ക് ഇപ്പോൾ മൊത്തം 356 റൺസിന്റെ ലീഡുണ്ട്. 196 പന്തിൽ നിന്ന് 13 ഫോറുകളും രണ്ട് സിക്സറുമടക്കം പുറത്താകാതെ 142 റൺസെടുത്ത ട്രാവിസ് ഹെഡിന്റെ തകർപ്പൻ ബാറ്റിംഗാണ് രണ്ടാം ഇന്നിംഗ്സിൽ ആതിഥേയർക്ക് കരുത്തായത്.
നേരത്തെ, ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 371ന് മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 286 റൺസിന് ഓൾ ഔട്ടായി. ബെൻ സ്റ്റോക്സും (45) ജോഫ്ര ആർച്ചറും (51) ചേർന്ന് ഒൻപതാം വിക്കറ്റിൽ പടുത്തുയർത്തിയ 73 റൺസിന്റെ പോരാട്ടം ഇംഗ്ലണ്ടിന് അല്പം ആശ്വാസം നൽകി. പാറ്റ് കമ്മിൻസും സ്കോട്ട് ബോളണ്ടും ചേർന്നാണ് ഇംഗ്ലണ്ടിന്റെ വാലറ്റത്തെ തകർത്തത്. 85 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായാണ് ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ചത്.
രണ്ടാം ഇന്നിംഗ്സിൽ തുടക്കത്തിൽ തന്നെ ജേക്ക് വെതറാൾഡിനെ (1) നഷ്ടമായെങ്കിലും ട്രാവിസ് ഹെഡും മാർനസ് ലബുഷെയ്നും ചേർന്ന് ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു. ലബുഷെയ്ൻ (13) പുറത്തായ ശേഷം ക്രീസിലെത്തിയ ഉസ്മാൻ ഖവാജയെ കൂട്ടുപിടിച്ച് ഹെഡ് സ്കോറിംഗ് വേഗത വർദ്ധിപ്പിച്ചു. ഹെഡും ഖവാജയും ചേർന്ന് മൂന്നാം വിക്കറ്റിൽ 76 റൺസ് കൂട്ടിച്ചേർത്തു. ഖവാജ 40 റൺസെടുത്ത് പുറത്തായി. തുടർന്ന് വന്ന കാമറൂൺ ഗ്രീന് 7 റൺസെ എടുക്കാനായുള്ളൂ. കളി നിർത്തുമ്പോൾ ട്രാവിസ് ഹെഡ് 142ഉം അലക്സ് ക്യാരി 52 റൺസുമെടുത്ത് പുറത്താകാതെ നിൽക്കുന്നു. ഇംഗ്ലണ്ടിന് വേണ്ടി ജോഷ് ടംഗ് 2ഉം ബ്രൈഡൻ കാർസും വിൽ ജാക്സ് ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
