പാകിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് 5 വിക്കറ്റ് ജയം. മഴയെ തുടർന്ന് 37 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഡിഎൽഎസ് നിയമപ്രകാരം അഞ്ച് വിക്കറ്റിനായിരുന്നു വിൻഡീസിന്റെ ജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാൻ 37 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് നേടിയത്. 36 റൺസുമായി പുറത്താവാതെ നിന്ന ഹസൻ നവാസാണ് ടോപ് സ്‌കോറർ. ജെയ്ഡൻ സീൽസ് വിൻഡീസിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ വിൻഡീസ് 33.2 ഓവറിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇരുവരും 1-1 ഒപ്പമെത്തി.
ബ്രയാൻ ലാറ സ്‌റ്റേഡിയത്തിൽ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിൻഡീസിന് മോശം തുടക്കമായിരുന്നു. സ്‌കോർബോർഡിൽ 12 റൺസുള്ളപ്പോൾ ബ്രൻഡൻ കിംഗ് (1), എവിൻ ലൂയിസ് (7) എന്നിവരുടെ വിക്കറ്റുകൾ വിൻഡീസിന് നഷ്ടമായി. രണ്ട് പേരേയും ഹസൻ അലി വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാന്റെ കൈകളിലേക്കയച്ചു. തുടർന്നെത്തിയ കീസി (16) കാർട്ടിയെ അബ്രാർ അഹമ്മദ് മടക്കിയതോടെ വിൻഡീസ് മൂന്നിന് 48 എന്ന നിലയിലായി. പിന്നീട് ഷായ് ഹോപ്പ് (32) - ഷെഫാനെ റുതർഫോർഡ് (45) സഖ്യം 54 റൺസ് കൂട്ടിചേർത്തു.
എന്നാൽ ഇരുവരും അടുത്തടുത്ത ഓവറുകളിൽ മടങ്ങി. മുഹമ്മദ് നവാസിനായിരുന്നു രണ്ട് വിക്കറ്റുകളും. ഇതോടെ അഞ്ചിന് 107 എന്ന നിലയിലായി വിൻഡീസ്. എന്നാൽ റോസ്റ്റൺ ചേസ് (49) - ജസ്റ്റിൻ ഗ്രീവ്‌സ് (26) വേർപ്പെടാത്ത കൂട്ടുകെട്ട് വിൻഡീസിനെ വിജയത്തിലേക്ക് നയിച്ചു. നേരത്തെ, അത്ര നല്ലതായിരുന്നില്ല പാകിസ്ഥാന്റെ തുടക്കം. 37 റൺസിനിടെ ഓപ്പണർ സെയിം അയൂബിന്റെ (23) വിക്കറ്റ് പാകിസ്ഥാന് നഷ്ടമായി. തുടർന്നെത്തിയ ബാബർ അസം (0) നേരിട്ട മൂന്നാം പന്തിൽ തന്നെ ബൗൾഡായി. രണ്ട് വിക്കറ്റുകളും ജെയ്ഡൻ സീൽസിനായിരുന്നു.
അബ്ദുള്ള ഷെഫീഖ് (26) കൂടി മടങ്ങിയതോടെ പാകിസ്ഥാൻ മൂന്നിന് 64 എന്ന നിലയിലായി. റിസ്വാൻ (16) അൽപനേരം പിടിച്ചുനിന്നെങ്കിലും ഗുഡകേശ് മോട്ടി വിക്കറ്റിന് മുന്നിൽ കുടുക്കി. തൊട്ടുപിന്നാലെ ഹുസൈൻ താലാത് (31) കൂടി മടങ്ങി. സൽമാൻ അഗ (9), മുഹമ്മദ് നവാസ് (5) എന്നിവർക്ക് തിളങ്ങാനായില്ല. ഹസൻ അലി ഷഹീൻ അഫ്രീദി (11) എന്നിവരാണ് വിൻഡീസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും പുറത്താവാതെ നിന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്