ന്യൂഡെല്‍ഹി: ഇന്ത്യ 'ആര്‍ക്കും മുന്നില്‍ മുട്ടുകുത്തുകയില്ല' എന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്ക് മേല്‍ 25% അധിക തീരുവയും പിഴയും ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം ഇന്ന് വളരെ ശക്തവും ആത്മവിശ്വാസമുള്ളതുമാണെന്നും പ്രതിവര്‍ഷം ആറര ശതമാനം വളര്‍ച്ച കൈവരിക്കുന്നുണ്ടെന്നും ഗോയല്‍ പറഞ്ഞു.
ഇന്ത്യയെ 'നിര്‍ജ്ജീവ സമ്പദ്വ്യവസ്ഥ' എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത് ഏറ്റുപിടിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നടപടി ലജ്ജാകരമാണെന്നും ഗോയല്‍ വിമര്‍ശിച്ചു. 'തത്ത പറയും പോലെ ഒരു നെഗറ്റീവ് നരേറ്റീവ് ആവര്‍ത്തിക്കുന്ന പ്രതിപക്ഷ നേതാവിന്റെ നടപടി ലജ്ജാകരമാണ്. ഞാന്‍ അതിനെ അപലപിക്കുന്നു. ഭാരതം ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന ഈ മഹത്തായ വളര്‍ച്ചാ കഥയെ വികൃതമാക്കാനുദ്ദേശിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയോട് രാജ്യം ഒരിക്കലും ക്ഷമിക്കില്ല,' ഗോയല്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം ഇന്ത്യ കൂടുതല്‍ കയറ്റുമതി ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും വ്യാപാര തടസ്സങ്ങള്‍ നേരിടുന്നതിനുള്ള നടപടികള്‍ ഇതിനകം തന്നെ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'നമ്മുടേത് 4 ട്രില്യണ്‍ യുഎസ് ഡോളര്‍ സമ്പദ്വ്യവസ്ഥയും ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ്വ്യവസ്ഥയുമാണ്. നമുക്ക് യുവാക്കളുടെ ശക്തിയുണ്ട്, അതേസമയം നിങ്ങള്‍ക്ക് പ്രായമേറുന്ന ജനസംഖ്യയാണുള്ളത്്.' ഗോയല്‍ പറഞ്ഞു.
ഇഫ്ടിഎ രാജ്യങ്ങള്‍ (ഐസ് ലാന്‍്, ലിച്ചന്‍സ്റ്റൈന്‍, നോര്‍വേ സ്വിറ്റ്‌സര്‍ലന്‍ഡ്) ഇന്ത്യയില്‍ 100 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്നും ഇത് 10 ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങളും ആകെ 50 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 1 മുതല്‍ ഇഎഫ്ടിഎ കരാര്‍ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ കറന്‍സി, വിദേശനാണ്യ കരുതല്‍ ശേഖരം, ഓഹരി വിപണികള്‍, അടിസ്ഥാനകാര്യങ്ങള്‍ എന്നിവ ശക്തമായി തുടരുന്നുവെന്നും മറ്റ് വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകളെ അപേക്ഷിച്ച് പണപ്പെരുപ്പം ലോകത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്നും ഗോയല്‍ ചൂണ്ടിക്കാട്ടി. 'ലോകം മുഴുവന്‍ നമ്മളെ അതിവേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥയായി അംഗീകരിക്കുന്നു, ആഗോള വളര്‍ച്ചയ്ക്ക് 16 ശതമാനം സംഭാവന ചെയ്യുന്നു,' അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ 1.4 ബില്യണ്‍ വരുന്ന വൈദഗ്ധ്യമുള്ള, അഭിലാഷമുള്ള യുവ പൗരന്മാര്‍ ആഗോള പങ്കാളികള്‍ക്ക് ശക്തമായ ഒരു ആകര്‍ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎഇ, മൗറീഷ്യസ്, ഓസ്ട്രേലിയ, ഇഎഫ്ടിഎ ബ്ലോക്ക്, യുകെ, യൂറോപ്യന്‍ യൂണിയന്‍, ചിലി, പെറു, ന്യൂസിലാന്‍ഡ്, യുഎസ്, മറ്റ് രാജ്യങ്ങള്‍ എന്നിവയുമായി വരും വര്‍ഷങ്ങളില്‍ ഇന്ത്യ വ്യാപാര കരാറുകള്‍ ഒപ്പിടുമെന്ന് ഗോയല്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്