മയാമി: പോർച്ചുഗീസ് ഫുട്‌ബോൾ ക്ലബ് ബെൻഫിക്കയിൽ നിന്ന് പടിയിറങ്ങിയ അർജന്റീനിയൻ മിഡ്ഫീൽഡർ ഏയ്ഞ്ചൽ ഡി മരിയ ഇനി തന്റെ ബാല്യകാല ക്‌ളബായ റൊസാരിയോ സെൻട്രലിലേക്ക് മടങ്ങും. കഴിഞ്ഞ ദിവസം ചെൽസിയോട് തോറ്റ ഫിഫ ക്‌ളബ് ലോകകപ്പ് പ്രീ ക്വാർട്ടറായിരുന്നു ബെൻഫിക്ക കുപ്പായത്തിലെ ഡി മരിയയുടെ അവസാന മത്സരം. ഈ കളിയിൽ നിശ്ചിതസമയത്ത് പെനാൽറ്റിയിൽ നിന്ന് ഗോളടിച്ച് മത്സരം അധികസമയത്തേക്ക് നീട്ടിയത് ഡി മരിയയായിരുന്നു. 4-1 നായിരുന്നു ചെൽസിയുടെ ജയം.
അർജന്റീനയിൽ നിന്ന് യൂറോപ്പിലേക്ക് ഡി മരിയയെ സ്വാഗതം ചെയ്ത ക്‌ളബാണ് ബെൻഫിക്ക. റൊസാരിയോയിൽ നിന്ന് 2007ലാണ് ഡി മരിയ ആദ്യം ബെൻഫിക്കയിലെത്തുന്നത്. 2010ലാണ് സ്പാനിഷ് ക്‌ളബ് റയൽ മാഡ്രിഡിലേക്ക് കൂടുമാറിയത്. തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്, പി.എസ്.ജി, യുവന്റസ് എന്നീ ക്‌ളബുകളിലൂടെ 2023ൽ ബെൻഫിക്കയിൽ മടങ്ങിയെത്തി. രണ്ട് ഘട്ടങ്ങളിലായി അഞ്ചു സീസണുകൾ ബെൻഫിക്കയിൽ ചിലവിട്ട ഡി മരിയ 123 മത്സരങ്ങളിൽ നിന്ന് 24 ഗോളുകൾ നേടിയിട്ടുണ്ട്. 37കാരനായ ഡി മരിയ 18 വർഷത്തിന് ശേഷമാണ് റൊസാരിയോയിൽ മടങ്ങിയെത്തുന്നത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒപ്പം റയൽ മാഡ്രിഡിനായി യുവേഫ ചാമ്പ്യൻസ് ലീഗും ലയണൽ മെസിക്കൊപ്പം അർജന്റീനയ്ക്കായി ലോകകപ്പും നേടിയ താരമാണ് ഡി മരിയ.
2008ൽ അർജന്റീന കുപ്പായത്തിൽ അരങ്ങേറിയ താരം 145 മത്സരങ്ങളിൽ നിന്ന് 31 ഗോളുകൾ നേടി കഴിഞ്ഞ വർഷമാണ് ദേശീയ ടീമിൽ നിന്ന് വിരമിച്ചത്.
2022ൽ ലോകകപ്പും 2021, 2024 വർഷങ്ങളിൽ കോപ്പ അമേരിക്കയും 2022ൽ ഫൈനലിസീമയും 2008ൽ ഒളിമ്പിക് സ്വർണവും നേടിയ അർജന്റീന ടീമുകളിൽ അംഗമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്