ലണ്ടൻ: വിംബിൾഡൺ പുൽക്കോർട്ടിൽ ഇക്കുറി ആദ്യറൗണ്ടിൽതന്നെ അട്ടിമറി. മുൻ ലോക ഒന്നാം നമ്പർ താരമായ റഷ്യക്കാരൻ ഡാനിൽ മെദ്‌വദേവാണ് ആദ്യ റൗണ്ടിൽ പുറത്തായത്. സീഡ് ചെയ്യപ്പെടാത്ത ഫ്രഞ്ചുതാരം ബെഞ്ചമിൻ ബോൺസിയാണ് മെദ്‌വദേവിന് മടക്കടിക്കറ്റ് നൽകിയത്. നാലുസെറ്റ് നീണ്ട പോരാട്ടത്തിൽ 7-6(7-2), 3-6, 7-6(7-3), 6-2 എന്ന സ്‌കോറിനാണ് ബോൺസി വിജയിച്ചത്.
മൂന്ന് മണിക്കൂർ ഏഴ് മിനിട്ട് നീണ്ട പോരാട്ടത്തിൽ രണ്ടാം സെറ്റ് മാത്രമാണ് മെദ്‌വദേവിന് നേടാനായത്. ആദ്യ സെറ്റിൽ ഇഞ്ചോടിഞ്ച് പൊരുതി ടൈബ്രേക്കറിലൂടെ മുന്നിലെത്തിയ ബോൺസിയെ രണ്ടാം സെറ്റിൽ റഷ്യൻ താരം തളച്ചു. മൂന്നാം സെറ്റിൽ വീണ്ടും ടൈബ്രേക്കറിലൂടെ മുന്നിലെത്തിയ ബോൺസി നാലാം സെറ്റിൽ തുടർച്ചയായി മെദ്‌വദേവിന്റെ സർവുകൾ ബ്രേക്ക് ചെയ്ത് 6-2ന് സെറ്റും ഗെയിമും സ്വന്തമാക്കി. കഴിഞ്ഞ രണ്ട് വർഷവും വിംബിൾഡണിന്റെ സെമിഫൈനൽ വരെ എത്തിയിരുന്ന താരമാണ് മെദ്‌വദേവ്.
ഇന്നലെ തുടങ്ങിയ ടൂർണമെന്റിന്റെ ആദ്യ റൗണ്ട് മത്സരങ്ങളിൽ വനിതാ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരം അര്യാന സബലേങ്ക, 14-ാം സീഡ് എലേന സ്വിറ്റോളിന എന്നിവർ വിജയം നേടി. പുരുഷ സിംഗിൾസിൽ 12-ാം സീഡ് ഫ്രാൻസെസ് ടിയാഫോ വിജയം നേടിയപ്പോൾ 24-ാം സീഡ് സിസ്റ്റിപ്പാസ് പരിക്കേറ്റ് പിന്മാറി.
കനേഡിയൻ താരം കാഴ്‌സൺ ബ്രാസ്‌റ്റെയ്‌നെ നേരിട്ടുള്ള സെറ്റുകൾക്കാണ് സബലേങ്ക തോൽപ്പിച്ചത്. സ്‌കോർ 6-1, 7-5. ഒരുമണിക്കൂർ 13 മിനിട്ടുകൊണ്ടാണ് സബലേങ്കയുടെ ജയം. ഇക്കഴിഞ്ഞ ഫ്രഞ്ച് ഓപ്പണിൽ ഫൈനലിൽ കോക്കോ ഗൗഫിനോട് തോറ്റ താരമാണ് സബലേങ്ക. സ്വിറ്റോളിന അന്ന ബോൻദാറിനെ 6-3, 6-1നാണ് തോൽപ്പിച്ചത്. ഫ്രഞ്ച് താരം വലെന്റെയ്ൻ റോയറിനെതിരെ 6-3, 6-2ന് പിന്നിട്ടുനിൽക്കവേയാണ് സിസ്റ്റിപ്പാസ് പിൻമാറിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്