തിരുവനന്തപുരം: നടത്തത്തിലെ (റേസ് വാക്ക്) ദേശീയ റെക്കാഡുകാരനും ലോകവേദികളിൽ ഇന്ത്യയുടെ മലയാളി വിസ്മയവുമായ ഒളിമ്പ്യൻ കെ.ടി. ഇർഫാൻ വിരമിച്ചു. റേസ് വാക്കിൽ ഇന്ത്യയുടെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി വാഴ്ത്തപ്പെടുന്ന ഇർഫാൻ 2012ലെ ലണ്ടൻ ഒളിമ്പിക്‌സിലും 2020ലെ ടോക്യോ ഒളമ്പിക്‌സിലും രാജ്യത്തെ പ്രതിനിധീകരിച്ചു. 20 കി.മി. നടത്തത്തിൽ 2012ലെ ലണ്ടൻ ഒളിമ്പിക്‌സിൽ ഇർഫാൻ സ്ഥാപിച്ച ദേശീയ റെക്കാഡ് ഇതുവരെയാർക്കും തകർക്കാനായിട്ടില്ല. 1 മണിക്കൂർ 20 മിനിട്ട് 21 സെക്കൻഡാണ് ഇർഫാൻ കുറിച്ച റെക്കാഡ്. അന്ന് പത്താമനായാണ് ഇർഫാൻ ഫിനിഷ് ചെയ്തത്. 2020ലെ ടോക്യോ ഒളിമ്പിക്‌സിൽ ട്രാക്ക് ആൻഡ് ഫീൽഡ് ഇനത്തിൽ ആദ്യം യോഗ്യത നേടിയ ഇന്ത്യൻ താരവും ഇർഫാനായിരുന്നു. മലപ്പുറം ജില്ലയിൽ നിന്നുള്ള ആദ്യ ഒളിമ്പ്യനും 35കാരനായ ഇർഫാൻ തന്നെയാണ്.
അപ്രതീക്ഷിത നടത്തം
കാൽപ്പന്തുകളിയുടെ ഈറ്റില്ലമായ മലപ്പുറം ജില്ലയിലെ കിഴുപ്പറമ്പ് കുനിയിൽ സ്വദേശിയായ ഇർഫാൻ സ്വാഭാവികമായും ഫുട്‌ബോൾ തട്ടിയാണ് കായിക രംഗത്തേയ്ക്ക് വരുന്നത്. സ്‌കൂൾ തലത്തിൽ ലോംഗ് ജമ്പിലാണ് ആദ്യം മത്സരിച്ചത്. എന്നാൽ ഒരു മത്സരത്തിനിടെ വീണ് കൈയൊടിഞ്ഞതോടെ ജമ്പിംഗ് പിറ്റ് വിട്ടു. കീഴുപറമ്പ് ഗവൺമെന്റ് വി.എച്ച്.എസ്.എസിൽ പഠിക്കുമ്പോഴാണ് നടത്തം തുടങ്ങിയത്. നാട്ടുകാരനും കൂട്ടുകാരനുമായ റെബാസ് 20 കി.മി നടത്തത്തിൽ സംസ്ഥാന തലത്തിൽ മത്സരിക്കുന്നുണ്ട്. പരിശീലന സമയത്ത് റെബാസിന് കൂട്ടുകൊടുക്കാൻ ഇർഫാനും ഒപ്പം നടന്നു തുടങ്ങി. ആ നടത്തം രണ്ട് ഒളിമ്പിക്‌സുകളും കടന്ന് ഇർഫാൻ ചരിത്രമാക്കി. കോഴിക്കോട് സായി സെന്ററിലെ പരിശീലനത്തിലൂടെ തേച്ചുമിനുക്കപ്പെട്ട ഇർഫാൻ പിന്നീട് കരസേനയിൽ ചേർന്നു. 2011ൽ ഓപ്പൺ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലും അടുത്ത വർഷം ഫെഡറേഷൻ കപ്പ് സീനിയർ ചാമ്പ്യൻഷിപ്പിലും ഇർഫാൻ സ്വർണം നേടി. ഫെഡറേഷൻ കപ്പിൽ മീറ്റ് റെക്കാഡോടെയാണ് പൊന്നണിഞ്ഞത്. ആ വർഷം ലോക റേസിംഗ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം നടത്തിയാണ് ലണ്ടൻ ഒളിമ്പിക്‌സിന് യോഗ്യത നേടിയത്. 2013ൽ ലോക റേസ് വാക്കിംഗ് ചലഞ്ചിൽ അഞ്ചാം സ്ഥാനം നേടിയിരുന്നു. കർഷകനായ കെ.ടി. മുസ്തഫ-ഫാത്തിമ ദമ്പതികളുടെ ആറ് മക്കളിൽ അഞ്ചാമനാണ് ഇർഫാൻ. ഭാര്യ: സഹ്ല, മക്കൾ: ഹമദ് സയർ, ഹമദ് ഇലാൻ.
ഇനി കോച്ചിംഗ്
വിരമിച്ച ശേഷം പരിശീലകനാകാനുള്ള ഒരുക്കത്തിലാണ് ഇർഫാൻ. കരസേനയിൽ സുബേദറായ ഇർഫാന് സർവീസിൽ നിന്ന് വിരമിച്ച ശേഷം കേരളത്തിൽ അക്കാഡമി തുടങ്ങാനും പദ്ധതിയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്