കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ തുടർച്ചയായി ആറുപന്തുകൾ സിക്‌സിന് പറത്തിയ നായകൻ റിയാൻ പരാഗിനും രാജസ്ഥാൻ റോയൽസിനെ തോൽവിയിൽ നിന്ന് രക്ഷിക്കാനായില്ല. ഇന്നലത്തെ ആദ്യ മത്സരത്തിൽ ഒരൊറ്റ റണ്ണിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാനെ തോൽപ്പിച്ചത്. നേരത്തേതന്നെ പ്‌ളേഓഫിൽ നിന്ന് പുറത്തായ രാജസ്ഥാന്റെ സീസണിലെ ഒൻപതാം തോൽവിയാണിത്.
അഞ്ചാം വിജയവുമായി 11 പോയിന്റുള്ള കൊൽക്കത്ത ആറാം സ്ഥാനത്താണ് ഈ വിജത്തോടെ കൊൽക്കത്തയുടെ പ്‌ളേ ഓഫ് പ്രതീക്ഷകൾ വീണ്ടും സജീവമായിട്ടുണ്ട്. ഈഡനിൽ ഇന്നലെ ടോസ് നേടി ആദ്യബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നാലുവിക്കറ്റ് നഷ്ടത്തിൽ 206 റൺസടിച്ചപ്പോൾ രാജസ്ഥാന് മറുപടിയായി 205/8 എന്ന സ്‌കോറിലേ എത്താനായുള്ളൂ. ജയിക്കാൻ മൂന്ന് റൺസ് വേണ്ടിയിരുന്ന രാജസ്ഥാന് ഒരു റണ്ണേ നേടാനായുളളൂ. ടൈ ആക്കി സൂപ്പർ ഓവറിലെത്തിക്കാനായി രണ്ടാം റണ്ണിനോടിയ ജൊഫ്ര ആർച്ചർ റൺഔട്ടാതോടെയാണ് കൊൽക്കത്തക്കാർ വിജയം ആഘോഷിച്ചത്.
റഹ്മാനുള്ള ഗുർബാസ് (35), അജിങ്ക്യ രഹാനെ (30), ആൻഗ്രിഷ് രഘുവംശി (44), ആന്ദ്രേ റസൽ(57 നോട്ടൗട്ട്) എന്നിവരുടെ മികവിലാണ് കൊൽക്കത്ത 206ലെത്തിയത്. സുനിൽ നരെയ്‌നെ (11) രണ്ടാം ഓവറിൽ ടീം സ്‌കോർ 11ൽ നിൽക്കവേ നഷ്ടമായ കൊൽക്കത്തയെ രണ്ടാം വിക്കറ്റിൽ ഒരുമിച്ച ഗുർബാസും രഹാനെയുമാണ് കരകയറ്റിയത്.
56 റൺസ് കൂട്ടിച്ചേർത്തശേഷം ഗുർബാസും മടങ്ങിപ്പോൾ പകരമെത്തിയ ആൻഗ്രിഷും ചേർന്ന് റൺറേറ്റ് താഴാതെ നോക്കി. 14-ാം ഓവറിൽ രഹാനെ മടങ്ങിപ്പോൾ പകരമെത്തിയ റസൽ 25 നാലുഫോറുകളും ആറ് സിക്‌സുകളുമടക്കം 57റൺസടിച്ചു. ആൻഗ്രിഷിന് പകരം 19-ാം ഓവറിൽ ക്രീസിലെത്തിയ റിങ്കുസിംഗ് ആറുപന്തുകളിൽ 19 റൺസ് നേടി.
മറുപടിക്കിറങ്ങിയ രാജസ്ഥാന് വൈഭവ് സൂര്യവംശി (4), കുനാൽ സിംഗ് റാത്തോഡ് (0) എന്നിവരെ തുടക്കത്തിലേ നഷ്ടമായി. എന്നാൽ യശസ്വിയും പരാഗും ചേർന്ന് മൂന്നാം വിക്കറ്റിൽ 58 റൺസ് കൂട്ടിച്ചേർത്തു. ഏഴാം ഓവറിൽ യശസ്വിയെ മൊയീൻ അലിയും അടുത്ത ഓവറിൽ ധ്രുവ് ജുറേലിനെയും (0), ഹസരംഗയേയും (0) വരുൺ അറോറയും പുറത്താക്കിതോടെ രാജസ്ഥാൻ 71/5 എന്ന നിലയിലായി.
എന്നാൽ ഷിമ്രോൺ ഹെറ്റ്‌മേയറെ(29)ക്കൂട്ടി റിയാൻ പരാഗ് വീശിയടിച്ചതോടെ രാജസ്ഥാൻ കളിയിലേക്ക് തിരിച്ചെത്തി. എന്നാൽ 16-ാം ഓവറിൽ ഹെറ്റ്‌മേയറെയും 18-ാം ഓവറിൽ പരാഗിനെയും ഹർഷിത് റാണ പുറത്താക്കിയത് രാജസ്ഥാനെ സമ്മർദ്ദത്തിലാക്കി. ആർച്ചറെ(12)ക്കൂട്ടി ശുഭം ദുബെ (25*) പൊരുതിയെങ്കിലും അവസാനപന്തിൽ ഒരു റണ്ണകലെ രാജസ്ഥാൻ വീണു. റസലാണ് പ്‌ളേയർ ഒഫ് ദ മാച്ചായത്.
പരാഗിന്റെ ആറാട്ട്
മൊയീൻ അലി എറിഞ്ഞ 13ാം ഓവറിന്റെ രണ്ടാം പന്ത് ഡീപ് സ്‌ക്വയർ ലെഗിലേക്ക് പറത്തിയാണ് പരാഗ് തുടർ സിക്‌സടി തുടങ്ങിയത്, അടുത്ത പന്ത് ലോംഗ് ഓണിലൂടെ ഗാലറിയിലേക്ക്, സ്‌ക്വയർ ലെഗിലേക്കായിരുന്നു മൂന്നാം സിക്‌സ്, അടുത്ത സിക്‌സ് പതിച്ചത് ലോംഗ് ഓണിലെ സമ്മാനക്കാറിന്റെ മുകളിൽ, ഒരുവൈഡിന് ശേഷമുള്ള മൊയീൻ അലിയുടെ അടുത്ത പന്ത് ലോംഗ് ഓഫിലേക്ക് പറന്നു.
ഒരോവറിലെ അഞ്ചാമത്തെ സിക്‌സ്, വരുൺ അറോറ എറിഞ്ഞ അടുത്ത ഓവറിലെ രണ്ടാമത്തെ പന്തും ഗാലറിയിലെത്തിച്ച് പരാഗ് താൻ നേരിട്ട തുടർച്ചയായ ആറ് ഔദ്യോഗിക പന്തുകൾ സിക്‌സ് പറത്തുന്ന ബാറ്ററായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്