യുഎസ്സില്‍ പങ്കാളികള്‍ ഒന്നിച്ച് ജീവിക്കുന്നതിന്റെ കാരണം ഇതോ?  സര്‍വ്വേ പറയുന്നു

MAY 3, 2025, 11:23 AM

പ്രണയിക്കുന്നവര്‍ ഒന്നിച്ചുജീവിക്കുന്നത് ഇന്ന് പുതുമയുള്ള കാര്യമല്ല. അമേരിക്ക പോലെ വികസിതരാജ്യങ്ങളില്‍ അത് പണ്ടുമുതലേ തുടരുന്നതാണ്. യുഎസ്സിലെ ഒരു സര്‍വ്വേയില്‍ പറയുന്നത് പങ്കാളികള്‍ ഒന്നിച്ചുജീവിക്കാന്‍ കാരണം പരസ്പരമുള്ള അഗാധമായ സ്‌നേഹം ഒന്നും അല്ല എന്നാണ്. 'സെല്‍ഫ് ഫിനാന്‍ഷ്യല്‍' എന്ന സ്ഥാപനം ദേശീയതലത്തില്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. യുഎസ്സിലെ നാലിലൊരാള്‍ ബന്ധങ്ങളില്‍ 'കുടുങ്ങിക്കിടക്കുന്നത്' പങ്കാളിയെ ഒഴിവാക്കിയുള്ള ജീവിതം അവര്‍ക്ക് സാമ്പത്തികമായി താങ്ങാന്‍ കഴിയാത്തതിനാലാണ് എന്നാണ്.

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 24 ശതമാനം പേരാണ് ഇത്തരത്തില്‍ ബന്ധങ്ങളില്‍ തുടരുന്നത്. വീടുകളുടെ വില, പണപ്പെരുപ്പം, ദൈനംദിന ജീവിതച്ചെലവുകള്‍ എന്നിവയെല്ലാം കുതിച്ചുയരുമ്പോള്‍ 'ബ്രേക്ക് അപ്പ്' എന്നത് സാമ്പത്തികാവസ്ഥയെ തകിടംമറിക്കുന്ന ഒന്നായി മാറുന്നുവെന്നാണ് സര്‍വ്വേ പറയുന്നത്.

ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള വന്‍ നഗരങ്ങളില്‍ ഈ സാമ്പത്തിക ബുദ്ധിമുട്ട് ഗുരുതരാവസ്ഥയിലെത്തിയിട്ടുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു. ഒന്നിച്ചുജീവിക്കുന്നതിലൂടെ മാന്‍ഹട്ടാനിലെ 'ജീവിതപങ്കാളികള്‍' പ്രതിവര്‍ഷം 50,000 ഡോളറാണ് ലാഭിക്കുന്നതെന്ന് ജെന്‍ സി തലമുറയില്‍ പെട്ടവര്‍ക്കായുള്ള ഫിനാന്‍സ് ആപ്പായ ഫ്രിച്ച് പറയുന്നു. തങ്ങളുടെ പക്കലുള്ള ഡാറ്റ വിശകലനം ചെയ്താണ് ഫ്രിച്ച് ഇക്കാര്യം വിശദീകരിക്കുന്നത്. ഒറ്റയ്ക്ക് ജീവിക്കുന്നവര്‍ അതിനേക്കാള്‍ കൂടിയ തുകയാണ് വീട്ടുവാടകയായി നല്‍കേണ്ടത്. 'സിംഗിള്‍ ടാക്സ്' എന്നാണ് ഇത്തരത്തില്‍ അധികമായി നല്‍കുന്ന തുക അറിയപ്പെടുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ സിംഗിള്‍ ടാക്സ് 40 ശതമാനമാണ് വര്‍ധിച്ചതെന്നും ഫ്രിച്ച് ചൂണ്ടിക്കാട്ടുന്നു.

പങ്കാളികളെ ഒന്നിച്ച് താമസിക്കാന്‍ പ്രേരിപ്പിക്കുന്നതില്‍ മാത്രമല്ല, ബന്ധം വഷളാക്കുന്നതിലും പണത്തിന് പങ്കുണ്ടെന്ന് സെല്‍ഫ് ഫിനാന്‍ഷ്യല്‍ സര്‍വ്വേ പറയുന്നു. പണത്തിന്റെ പേരില്‍ പങ്കാളിയുമായി വഴക്കുണ്ടാക്കിയിട്ടുണ്ടെന്ന് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 86 ശതമാനം പേരും വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam