വാഷിംഗ്ടണ്‍: ചൈനീസ് സര്‍ക്കാരിലെ ഉന്നതരുമായി നടത്തിയ താരിഫ് ചര്‍ച്ചകളില്‍ 'ഗണ്യമായ പുരോഗതി' ഉണ്ടായതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. എന്നാല്‍ ജനീവയില്‍ രണ്ട് ദിവസത്തെ ചര്‍ച്ചകള്‍ അവസാനിച്ചപ്പോള്‍ ഒരു വ്യാപാര കരാറിലെത്തിയതിന്റെ വിശദാംശങ്ങള്‍ ഇരുപക്ഷവും നല്‍കിയില്ല.
തിങ്കളാഴ്ച വിശദാംശങ്ങള്‍ പ്രഖ്യാപിക്കുമെന്നും 'ഉല്‍പ്പാദനക്ഷമമായ ചര്‍ച്ചകളുടെ' ഫലങ്ങളെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പൂര്‍ണ്ണമായി അറിയാമെന്നും ബെസെന്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബെസെന്റ്, ചൈനീസ് ഉപ പ്രധാനമന്ത്രി ഹെ ലൈഫെംഗ്, രണ്ട് ചൈനീസ് സഹ മന്ത്രിമാര്‍ എന്നിവരാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്. ചൈനീസ് പങ്കാളികളുമായി ഉണ്ടാക്കിയ കരാര്‍ 1.2 ട്രില്യണ്‍ യുഎസ് ഡോളറിന്റെ യുഎസ് ആഗോള ചരക്ക് വ്യാപാര കമ്മി കുറയ്ക്കാന്‍ സഹായിക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത യുഎസ് വ്യാപാര പ്രതിനിധി ജാമിസണ് ഗ്രീര്‍ പറഞ്ഞു.
'സെക്രട്ടറി ചൂണ്ടിക്കാണിച്ചതുപോലെ, ഇത് വളരെ ക്രിയാത്മകമായ രണ്ട് ദിവസമായിരുന്നു. എത്ര വേഗത്തില്‍ നമുക്ക് ധാരണയിലെത്താന്‍ കഴിഞ്ഞു എന്നത് മനസ്സിലാക്കേണ്ടത് പ്രധാനമാണ്, ഇത് വ്യത്യാസങ്ങള്‍ ഒരുപക്ഷേ വിചാരിക്കുന്നത്ര വലുതായിരിക്കില്ല എന്നതിന്റെ പ്രതിഫലനമാണ്,' ഗ്രീര്‍ പറഞ്ഞു.
ഉഭയകക്ഷി താരിഫുകള്‍ വളരെ ഉയര്‍ന്നതാണെന്നും ഒരു ലഘൂകരണ നീക്കത്തില്‍ ഇത് കുറയ്ക്കേണ്ടതുണ്ടെന്നും ബെസെന്റ് പറഞ്ഞെങ്കിലും, അംഗീകരിക്കപ്പെട്ട കുറവുകളുടെ വിശദാംശങ്ങള്‍ അദ്ദേഹം നല്‍കിയില്ല.
ചൈനക്കാര്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനും അമേരിക്കയുമായുള്ള വ്യാപാര ബന്ധം പുനഃസന്തുലിതമാക്കാനും 'വളരെ വളരെ ആകാംക്ഷയോടെ' പ്രവര്‍ത്തിക്കുന്നുവെന്ന് വൈറ്റ് ഹൗസ് സാമ്പത്തിക ഉപദേഷ്ടാവ് കെവിന് ഹാസെറ്റ് നേരത്തെ പറഞ്ഞിരുന്നു.
ഈ ആഴ്ച തന്നെ മറ്റ് രാജ്യങ്ങളുമായി കൂടുതല്‍ വിദേശ വ്യാപാര കരാറുകള്‍ വരാന്‍ സാധ്യതയുണ്ടെന്ന് ഹാസെറ്റ് ഫോക്സ് ന്യൂസിനോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്