അലംഘനീയമായ മൗലികാവകാശമായി യുഎസ് ഭരണഘടനയുടെ ഒന്നാം ഭേദഗതിയിൽ ചേർത്തിരിക്കുന്നത് freedom of speech, or of the press എന്നിങ്ങനെ രണ്ടു കാര്യങ്ങളാണ്. പ്രസ് എന്ന പദത്തിന് പരിഭാഷയിലൂടെ പത്രം എന്ന അർത്ഥം കൈവരുത്തിയെങ്കിലും പത്രസ്വാതന്ത്ര്യം എന്ന് ഭരണഘടനാശില്പികൾ തെളിച്ചു പറയാതിരുന്നത് ഉത്പന്നത്തേക്കാൾ പ്രാധാന്യം പ്രക്രിയയ്ക്ക് നൽകിയതുകൊണ്ടാണ്. സംസാരിക്കുന്നതിനും ആശയപ്രകാശനത്തിനുമുള്ള സ്വാതന്ത്ര്യമാണ് നമ്മുടെ ഭരണഘടനയുടെ വാഗ്ദാനം. പത്രത്തെക്കുറിച്ച് പ്രത്യക്ഷമായ പരാമർശമില്ലാത്തതിനാൽ അങ്ങനെയൊരു സ്വാതന്ത്ര്യം ഭരണഘടന വിഭാവന ചെയ്യുന്നില്ലെന്ന വിതണ്ഡാവാദത്തിൽ ഏർപ്പെടുന്നവരുമുണ്ട്.
മാധ്യമപ്രവർത്തകരുമായുള്ള സംഘർഷകാലത്ത് ഹൈക്കോടതിയിലെ ചില പ്രമുഖ അഭിഭാഷകർ ഈ വാദം ഉന്നയിക്കുന്നതു കേട്ടിട്ടുണ്ട്. അച്ചടിശാലകൾക്ക് റദ്ദാക്കാവുന്ന ലൈസൻസും പ്രസിദ്ധീകരണങ്ങൾക്ക് സെൻസർഷിപ്പും ഏർപ്പെടുത്തിയതിനെതിരെ പാർലമെന്റിനു സമർപ്പിക്കാൻ ജോൺ മിൽട്ടൺ തയ്യാറാക്കിയ അരെയോപ്പാഗറ്റിക്ക എന്ന നിവേദനത്തിൽ സ്വതന്ത്രമായി ചിന്തിക്കുന്നതിനും അതിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്രമായി സംവാദത്തിലേർപ്പെടുന്നതിനുമുള്ള അവകാശമാണ് ആവശ്യപ്പെട്ടത്. പത്തൊൻപതാം നൂറ്റാണ്ടിൽ മാത്രമാണ് വമ്പിച്ച പ്രചാരത്തിൽനിന്നുണ്ടായ സ്വാധീനത്തെ അടിസ്ഥാനമാക്കി ബ്രിട്ടീഷ് പത്രങ്ങൾക്ക് ഫോർത്ത് എസ്റ്റേറ്റ് എന്ന റ്റാഗ് തോമസ് കാർലൈൽ ചാർത്തിയത്.
ജനാധിപത്യത്തിന്റെ കളിത്തൊട്ടിലെന്നു വിശേഷിപ്പിക്കപ്പെടുന്ന ആതൻസിൽ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പ്രാണവായു ശ്വസിച്ചുകൊണ്ട് ജനാധിപത്യം പിറവിയെടുത്തപ്പോഴോ പാർലമെന്റുകളുടെ മാതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബ്രിട്ടനിൽ ആ ആശയത്തിന്റെ ബീജവാപവുമായി മാഗ്ന കാർട്ട ഒപ്പുവച്ചപ്പോഴോ മംഗളവാർത്ത ആഘോഷമാക്കുന്നതിന് പത്രങ്ങൾ ഉണ്ടായിരുന്നില്ല. ചിന്തയിൽനിന്നാണ് ജനാധിപത്യം ഉരുവായത്. ചിന്തയുടെ പിൻബലത്തിലാണ് ജനാധിപത്യം നിലനിന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണ് എന്നും മറ്റുമുള്ള പത്രങ്ങളുടെ അവകാശവാദം വെറും മിഥ്യയെന്ന് അടിയന്തരാവസ്ഥയിൽ തെളിഞ്ഞതാണ്. അനുഭവങ്ങളെ ആധാരമാക്കി ചിന്തിച്ച ജനതയുടെ നിശ്വാസത്തിലാണ് അപ്രതിരോധ്യമെന്നു കരുതിയിരുന്ന ഏകാധിപത്യത്തിന്റെ പ്രാകാരങ്ങൾ നിലംപൊത്തിയത്. പത്രം ഉൾപ്പെടെ ഏതു വായനയും ചിന്തയ്ക്കു പ്രേരകമാകുമെങ്കിലും പത്രത്തിൽനിന്ന് വേറിട്ട് പുസ്തകമാണ് ചിന്തയെ ജനകീയവും ജനാധിപത്യപരവുമായ പ്രവർത്തനമാക്കുന്നത്.
ഗുട്ടൻബർഗിന്റെ മുദ്രണവിദ്യ പുസ്തകങ്ങളെ ജനസാമാന്യത്തിനു പ്രാപ്യമാക്കുന്നതിനും മുമ്പ് പുസ്തകങ്ങളുണ്ടായിരുന്നു. ഏറ്റവുമധികം വായിക്കപ്പെട്ടതും വായിക്കപ്പെടുന്നതുമായ ഗ്രന്ഥമാണ് ബൈബിൾ. യൊഹാനസ് ഗുട്ടൻബെർഗ് ബൈബിൾ അച്ചടിക്കുന്നതിന് 2,640 വർഷങ്ങൾക്കുമുമ്പ് എഴുതിത്തുടങ്ങിയതാണ് ആ ഗ്രന്ഥം. ജൂലിയസ് സീസറുടെ ഈജിപ്ഷ്യൻ അധിനിവേശകാലത്ത് അഗ്നിക്കിരയായ അലക്സാണ്ട്രിയയിലെ വമ്പിച്ച പുസ്തകശേഖരത്തിന്റെ നഷ്ടം ചരിത്രത്തിലെ മഹാദുരന്തമായി കണക്കാക്കപ്പെടുന്നു. മനുഷ്യന്റെ വൈജ്ഞാനികയാത്രയുടെ സഹസ്രാബ്ദങ്ങൾ നീണ്ട ചരിത്രത്തിൽ അഞ്ഞൂറു വർഷം മാത്രമാണ് അച്ചടിയുടെ വെളിച്ചം ഉണ്ടായിരുന്നിട്ടുള്ളത്. ഗുട്ടൻബർഗിന്റെ സാങ്കേതികവിദ്യ അവിശ്വസനീയമായ തലങ്ങളിൽ വികാസം പ്രാപിച്ച് ഇന്ന് ലുപ്താവസ്ഥയിലേക്ക് നീങ്ങുമ്പോഴും മനുഷ്യൻ വായനയോട് വിട പറയുകയല്ല, വായനയ്ക്ക് പുതിയ മാധ്യമങ്ങൾ കണ്ടെത്തുകയാണ്. കടലാസിന്റെ കാലം ഡിജിറ്റൽ സ്ക്രീനിന്റെ കാലത്തിനു വഴി മാറുന്നു. ഭാഷയുടെയും കാഴ്ചയുടെയും പരിമിതിയുള്ളവർക്ക് ഡിജിറ്റൽ വായനയും സാധ്യമാണ്.
പത്രങ്ങൾ കലാപത്തിനല്ലാതെ വിപ്ളവത്തിന് കാരണമാകുന്നില്ല. ചിന്തയ്ക്ക് തീ കൊളുത്തി വിപ്ളവത്തിന്റെ ദീപശിഖ തെളിക്കുന്നത് പുസ്തകങ്ങളാണ്. ഫ്രാൻസിനെ നശിപ്പിച്ചത് അവർ രണ്ടു പേരാണെന്ന് തടവറയിൽ കിടക്കുമ്പോൾ ലൂയി പതിനാറാമൻ പറഞ്ഞു. വൗൽതെറും റൂസോയുമായിരുന്നു ഗളഹസ്തം ചെയ്യപ്പെട്ട ചക്രവർത്തിയുടെ ശാപത്തിനു പാത്രമായ ചിന്തകർ. എഴുത്തുസാമഗ്രികളുടെമേൽ നിയന്ത്രണമുണ്ടായിരുന്നുവെങ്കിൽ ബൂർബൺ രാജാക്കന്മാർക്ക് അധികാരം നഷ്ടപ്പെടില്ലായിരുന്നുവെന്ന് നെപ്പോളിയൻ പറഞ്ഞു. പുസ്തകങ്ങളാണ് ലോകത്തെ ഭരിക്കുന്നതെന്ന് വൗൽതെർ പറഞ്ഞു. വായിക്കുന്ന ജനത ചിന്തിക്കാൻ പ്രാപ്തരാകുന്നു. ചിന്തിക്കുന്ന ജനതയെ തടുക്കാനാവില്ല. വൗൽതെറിനൊപ്പം ചിന്തിക്കാൻ തുടങ്ങിയ ജനതയാണ് ബാസ്റ്റിൽ തകർത്ത് വിപ്ളവത്തിന്റെ കാഹളവുമായി മുന്നേറിയത്. അവർ ലോകത്തിനു നൽകിയ അനശ്വരമായ മുദ്രാവാക്യമാണ് സ്വാതന്ത്ര്യം സമത്വം സാഹോദര്യം. ഫ്രാൻസിൽ പത്രങ്ങളുടെ വളർച്ച വിപ്ളവാനന്തരമുണ്ടായ പ്രതിഭാസമാണ്. അപ്പോഴാണ് ആയിരം ബയണറ്റിനേക്കാൾ പാരീസിലെ മൂന്നു പത്രങ്ങളെ താൻ ഭയപ്പെടുന്നുവെന്ന് നെപ്പോളിയൻ പറഞ്ഞത്.
പുസ്തകങ്ങളുടെ ആവിർഭാവം മുതൽ അവയെ നിയന്ത്രിക്കുന്നതിനുള്ള ഭരണകൂടത്തിന്റെ ശ്രമവും തുടങ്ങി. നിഹിൽ ഒബ്സ്റ്റാറ്റ് (പ്രസിദ്ധീകരിക്കുന്നതിനു തടസമില്ല), ഇംപ്രിമാത്തുർ (അച്ചടിക്കാൻ യോഗ്യം) തുടങ്ങിയ പരിശോധനാ സമ്പ്രദായങ്ങൾ കത്തോലിക്കാ സഭയ്ക്കുണ്ടായിരുന്നു. ഇന്ത്യയിലെ അടിയന്തരാവസ്ഥയിൽ പത്രങ്ങൾക്കുമേൽ സെൻസർഷിപ് ഉണ്ടായിരുന്നു എന്നല്ലാതെ ഏതെങ്കിലും പത്രം വായിച്ചതിന്റെ പേരിൽ ആരെയും പോലീസ് പിടിച്ചിട്ടില്ല. പക്ഷേ പുസ്തകം വായിച്ചതിന് അറസ്റ്റുണ്ടായി. മാവോയുടെ വിപ്ളവവിജയത്തിന് ഒരു വ്യാഴവട്ടം മുമ്പ് എഡ്ഗർ സ്നോ എന്ന അമേരിക്കൻ പത്രപ്രവർത്തകൻ എഴുതിയ റെഡ് സ്റ്റാർ ഓവർ ചൈന എന്ന പുസ്തകം വായിച്ചുകൊണ്ടിരുന്ന ബസ് യാത്രക്കാരനെയാണ് കൊച്ചിയിൽ പോലീസ് പിടികൂടിയത്. പത്രമല്ല, പുസ്തകമാണ് അപകടകാരി എന്ന തിരിച്ചറിവ് കരുണാകരന്റെ പോലീസിനുപോലുമുണ്ടായിരുന്നു.
ആ ചിന്തയ്ക്ക് പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രു തന്നെയായിരുന്നു തുടക്കമിട്ടത്. അനുഛേദം 19(1)(എ) നൽകുന്ന സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്നതിന് ഒന്നാം ഭേദഗതി കൊണ്ടുവന്നതു നെഹ്രുവായിരുന്നു. വ്ളാഡിമിർ നബക്കോവിന്റെ ലോലിത നെഹ്രുവിന്റെ കാലത്ത് ഇന്ത്യയിൽ നിരോധിക്കപ്പെട്ടത് വലിയ വിവാദത്തിനു കാരണമായി. ഫ്രാങ്ക് മൊറെയ്സ് (ഇന്ത്യൻ എക്സ്പ്രസ്), എൻ.ജെ. നാൻപോറിയ (ടൈംസ് ഓഫ് ഇന്ത്യ), ആർ.കെ. കരഞ്ചിയ (ബ്ളിറ്റ്സ്), ഡി.എഫ്. കരക (കറന്റ്) എന്നീ നാല് പ്രമുഖ പത്രാധിപന്മാർ സംയുക്മായി ആവശ്യപ്പെട്ടിട്ടും നിരോധനം പിൻവലിക്കാൻ നെഹ്രു തയ്യാറായില്ല. ഗ്രന്ഥകർത്താവ് കൂടിയായിരുന്ന രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണൻ നിർബന്ധിച്ചപ്പോഴാണ് പ്രധാനമന്ത്രി വഴങ്ങിയത്. ഡി.എച്ച്. ലോറൻസിന്റെ ലേഡി ചാറ്റർലിയുടെ കാമുകൻ ഇന്ത്യൻ വായനക്കാർക്ക് ലഭ്യമായത് സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടർന്നാണ്. സൽമാൻ റുഷ്ദിയുടെ ദ് സാറ്റാനിക് വേഴ്സസ്, ഗോപാൽ ഗോഡ്സെയുടെ ഗാന്ധീസ് മർഡർ ആൻഡ് ഐ, തസ്ലിമ നസ്രിന്റെ ദ്വിഖണ്ഡിത, ജസ്വന്ത് സിങ്ങിന്റെ ജിന്ന എന്നിങ്ങനെ ഇന്ത്യയിൽ നിരോധനം നേരിട്ട പുസ്തകങ്ങൾ നിരവധിയാണ്. പല പുസ്തകങ്ങൾക്കും തുണയായത് കോടതിയാണ്.
അനുഛേദം 19(1)(എ) നൽകുന്ന സ്വാതന്ത്ര്യത്തിന്റെ പരിധി യു.എസ് സുപ്രീം കോടതി വിധികളെ അടിസ്ഥാനമാക്കി വ്യാഖ്യാനിച്ച് വിപുലീകരിക്കുന്ന കാര്യത്തിൽ സർഗാത്മകമായ വൈഭവം നമ്മുടെ സുപ്രീം കോടതി പ്രകടിപ്പിച്ചിട്ടുണ്ട്. എന്നിട്ടും ഭരണകൂടത്തിന്റെ സന്ദേഹം ബാക്കിനിൽക്കുന്നു. അതുകൊണ്ടാണ് അരുന്ധതി റോയിയുടെ ആസാദി, എ.ജി. നൂറാനിയുടെ ദ കശ്മീർ ഡിസ്പ്യൂട്ട്, അനുരാധ ഭാസിന്റെ ദ അൺടോൾഡ് സ്റ്റോറി ഓഫ് കശ്മീർ ആഫ്ടർ 370 എന്നിവ ഉൾപ്പെടെ 25 പുസ്തകങ്ങൾ ജമ്മുകശ്മീർ ലഫ്റ്റനന്റ് ഗവർണർ സന്ദേഹമേതുമില്ലാതെ നിരോധിച്ചത്. ഇന്ത്യയിലെ ഭരണഘടനാവിദഗ്ധരിൽ പ്രമുഖനായിരുന്നു അടുത്തിടെ അന്തരിച്ച നൂറാനി.
ഞാൻ വിദ്യാർത്ഥിയായിരിക്കേ ഇന്ത്യൻ എക്സ്പ്രസിൽ അദ്ദേഹം പതിവായി എഴുതിയിരുന്ന ലേഖനങ്ങൾ വായിച്ചാണ് നിയമത്തിന്റെ ഗഹനതയും ഭരണഘടനയുടെ സങ്കീർണതയും ഞാൻ മനസ്സിലാക്കിയത്. ഫ്രണ്ട് ലൈനിൽ അദ്ദേഹം എഴുതിയിരുന്ന സുദീർഘമായ ലേഖനങ്ങൾ പഠനാർഹമായ ഗവേഷണപ്രബന്ധങ്ങളായിരുന്നു. ഉത്തരവുകൾ മാത്രം വായിച്ചും അനുസരിച്ചും കഴിയുന്ന ബ്യൂറോക്രാറ്റുകൾക്ക് പ്രൊമെത്യുസിന്റെ കാലം മുതൽ മനുഷ്യൻ അനുഭവിക്കുന്നതും അനുഭവിക്കുന്നതിനുവേണ്ടി പൊരുതുന്നതുമായ അവകാശത്തിന്റെ പൊരുൾ മനസിലാവില്ല. ഉദ്യാനപാലകനില്ലാത്ത ഉദ്യാനത്തിലെ പൂപോലെ ഏകാധിപത്യത്തിന്റെ കിങ്കരന്മാർക്ക് നുള്ളിക്കളയാനുള്ളതല്ല. ഭരണഘടനയുടെ ആരാമത്തിലെ സൗഗന്ധികം.
ഡോ. സെബാസ്റ്റ്യൻ പോൾ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്