നവമാധ്യമങ്ങളിൽ നിറയെ വോട്ട് കൊള്ളയെക്കെറിച്ചുള്ള വാർത്തകളാണ്. ദേശീയ തലത്തിൽ ഇന്ത്യാ സഖ്യം ഉയർത്തിയിട്ടുള്ള ഈ വിവാദത്തിൽ കേരളത്തിലെ സി.പി.എമ്മിന് ആശയക്കുഴപ്പമുണ്ട്. ദേശീയതലത്തിൽ എം.എ.ബേബിയും ജോൺ ബ്രിട്ടാസുമെല്ലാം രാഹുൽ ഗാന്ധിക്കൊപ്പം കട്ടയ്ക്ക് നിൽപ്പുണ്ടെങ്കിലും തൃശൂരിൽ സി.പി.ഐ. സ്ഥാനാർത്ഥിയായ വി.എസ്.സുനിൽകുമാറിന് പണികൊടുത്തത് ആരായിരിക്കുമെന്നറിയാൻ, എം.വി.ഗോവിന്ദൻ കണ്ണൂരിൽ പോയിക്കണ്ട ജ്യോതിഷരത്‌നത്തെ തന്നെ ആശ്രയിക്കേണ്ടി വരാം. കുട്ടികൾക്കെതിരെ പേപ്പട്ടിയും പെരുമ്പാമ്പും കടുവയുമെല്ലാം രംഗത്തിറങ്ങിയ വാർത്തകൾ ചാനലുകളിലുണ്ട്. കുട്ടികളോടൊപ്പം പഠിക്കാൻ പെരുമ്പാമ്പും, നാലുവയസ്സുകാരന് കൈകൊട്ടിക്കളി പഠിപ്പിക്കാൻ കടുവയുമെല്ലാം നാട്ടിലിറങ്ങിയെന്നേ ബന്ധപ്പെട്ട മന്ത്രിമാർ പറയൂ. അത്രയേറെ ബ്യൂട്ടിഫുളാണ് നമ്മുടെ സർക്കാർ വിദ്യാലയങ്ങൾ.
ആദിവാസി ഗോത്രവർഗക്കാരുടെ ഫണ്ടെടുത്ത് 'തിരുമാലിത്തരം' കാണിക്കേണ്ടെന്ന് പറഞ്ഞ മന്ത്രി കെ.രാധാകൃഷ്ണനെ ഡെൽഹിയിലേക്ക് ലോകസഭാംഗമായി അയച്ചതും, ആദർശശാലിയും ഡീസന്റുമായ മുൻ സ്പീക്കർ എം.ബി.രാജേഷിനെ കള്ളവാറ്റ് പിടിക്കാനും പേപ്പട്ടികളെ ഡീൽ ചെയ്യാനുമുള്ള എക്‌സൈസും തദ്ദേശ ഭരണവകുപ്പും ചേർന്ന അപൂർവ സുന്ദരവകുപ്പിൽ മന്ത്രിയാക്കിയതുമെല്ലാം രണ്ടാം പിണറായിയുടെ കൗശലമാണെന്ന് ആരും പറയരുത്.
മുൻ മന്ത്രി കെ.രാധാകൃഷ്ണൻ ഉന്നതിയെന്നു പേരിട്ട, പ്ലാസ്റ്റിക് ഷീറ്റ് മേൽക്കൂരയാക്കിയും പഴയ സാരിക്കഷണങ്ങൾ വലിച്ചുകെട്ടി മുറിയാക്കിയതുമായ 'ഉന്നതി' യെന്ന രമ്യ മന്ദിരത്തിലേക്കാണ്. കടുവ ഓടിക്കയറിയതും നാല് വയസ്സുകാരനെ കളിപ്പാട്ടം പോലെ തൂക്കിയെടുത്ത് കാട് കയറാനൊരുങ്ങിയതും. അപ്പോൾ 'ഉന്നതി' യുടെ അവസ്ഥ മനസ്സിലായില്ലേ?
എൻ.എച്ച്., എൻ.എച്ച് അമ്മച്ചിയേ...
ഒരു പഴയ നാദിർഷ പടത്തിൽ അമ്മ മരിച്ചു കിടക്കുമ്പോഴും വാങ്ങേണ്ട മദ്യത്തിന്റെ പേരിന്റെ ചുരുക്കം, എം.എച്ച് എം.എച്ച്, അമ്മച്ചിയേ' എന്നു വിളിച്ചു പറഞ്ഞ് പാഷാണം ഷാജി നമ്മെ ചിരിപ്പിക്കുന്ന ഒരു രംഗമുണ്ട്. അതിനുള്ള പാരഡിയായാണ് ഈ തലക്കെട്ട് നൽകിയത്. ഇതു കേട്ട് ചിരിച്ച് മണ്ണ് കപ്പാൻ ദൂരെയെങ്ങും പോകേണ്ട, എൻ.എച്ച്. 66ലെ കുരിയാട് എന്ന സ്ഥലത്തുപോയാൽ മതി. ഇഷ്ടം പോലെ 'കപ്പാനോ, തിന്നാനോ, തട്ടിക്കളിക്കാനോ' ഉള്ള മണ്ണ് ഇവിടെയുണ്ട്. പറഞ്ഞുവരുന്നത് എൻ.എച്ച്.66 എന്ന ദേശീയപാതാ നിർമ്മാണത്തിലെ കള്ളക്കളികളെക്കുറിച്ചാണ്.
ജൂൺ ആദ്യവാരം എൻ.എച്ച്. 66ൽ പലേടത്തും മണ്ണിടിച്ചിലും വിള്ളലുമുണ്ടായപ്പോൾ, മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ചേർന്ന് കേന്ദ്രമന്ത്രിയെ കാണാൻ പോയിരുന്നു. കഥകളിയുടെ ഒരു കരകൗശലചിത്രവുമായിട്ടായിരുന്നു യാത്ര. ദേശീയപാതാ നിർമ്മാണത്തിലെ പിഴവുകളെക്കുറിച്ച് വലിയ ചർച്ചയൊന്നും നടന്നില്ലെങ്കിലും, 6700 കോടി ചെലവ് വരുന്ന കേരളത്തിലെ റോഡ് നിർമ്മാണ പദ്ധതികൾക്ക് കേന്ദ്രം അനുമതി നൽകിയെന്നായിരുന്നു അന്നുതന്നെ റോഡ് മന്ത്രി മാധ്യമങ്ങൾക്കു മുമ്പിൽ അവകാശപ്പെട്ടത്. ഇതു സംബന്ധിച്ച വിമർശനങ്ങൾക്ക് മുതിരേണ്ടതില്ല. കാരണം കൂടുതൽ റോഡ് നിർമ്മാണ പദ്ധതികൾക്കുള്ള അനുമതി മന്ത്രി നേടിയെടുത്തില്ലേയെന്ന് സമാധാനപ്പെടാം.
അഞ്ച് കുന്നുകളും പഞ്ചവടിപ്പാതകളും
ഇന്ത്യയിൽ എല്ലായിടത്തും 60 മീറ്റർ വീതിയിൽ ദേശീയപാതകൾ നിർമ്മിക്കുമ്പോൾ, പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 45 മീറ്റർ വീതിയിലാണ് കേരളത്തിലെ റോഡ് നിർമ്മാണം. എന്നാൽ റോഡിന് വീതി കുറഞ്ഞിട്ടും, അഴിമതിയുടെ വീതിയോ ആഴമോ കുറഞ്ഞിട്ടില്ല. കേന്ദ്രം നിയോഗിച്ച വിദദ്ധ സമിതി 96 പേജുകൾ വരുന്ന റിപ്പോർട്ടും, പാർലിമെന്ററി അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി.) 180 പേജുകളുമുള്ള റിപ്പോർട്ടുകളുമാണ് തയ്യാറാക്കിയിട്ടുള്ളത്. പി.എ.സി. റിപ്പോർട്ട് ഇന്നലെ (ചൊവ്വ) പാർലിമെന്റിൽ സമർപ്പിച്ചു കഴിഞ്ഞു. ഈ രണ്ട് റിപ്പോർട്ടുകളിലും റോഡ് നിർമ്മാണത്തിൽ വന്ന ഗുരുതരമായ വീഴ്ചകൾ അക്കമിട്ട് നിരത്തിയിട്ടുണ്ട്.
കരാറെടുക്കുന്ന അദാനിയെ പോലുള്ള കുത്തകകൾ, ശരാശരി 54 ശതമാനം തുക കുറച്ചാണ് കേരളത്തിലെ റോഡ് നിർമ്മാണം ഉപകരാറുകാർക്ക് നൽകിയതെന്ന് പറയുന്നുണ്ട്. ഉദാഹരണം: തിരുവനന്തപുരം ജില്ലയിലെ കളമ്പാട്ടു കോണത്തുനിന്ന് കഴക്കൂട്ടത്തേയ്ക്ക് റോഡ് നിർമ്മിക്കാനുള്ള കരാർ തുക 3684 കോടി രൂപയ്ക്കാണ് കരാർ നൽകിയത്. റോഡ് നിർമ്മിക്കാൻ ഉപ കരാർ നൽകിയതാകട്ടെ 797 കോടി രൂപയ്ക്കും. സ്ഥലമേറ്റെടുക്കാനുള്ള തുക കൂടി ഉൾപ്പെടുന്നതിലാണ് കരാർ തുക ഇത്രയേറെ വർദ്ധിച്ചതെന്ന് ദേശീയ പാതാ അതോറിറ്റി വിശദീകരിക്കുന്നുണ്ട്. മറ്റൊരു വിചിത്രമായ വാദം കൂടിയുണ്ട്. കേരളത്തിൽ റോഡിന്റെ വീതി 45 മീറ്ററായി കുറച്ചതാണത്രെ ഡിസൈനിൽ തകരാറുണ്ടാകാൻ കാരണമത്രെ.
കേരളത്തിൽ 50,000 കോടി രൂപയാണ് റോഡ് നിർമ്മാണത്തിനായി കേന്ദ്രം ചെലവഴിക്കുന്നത്. എന്നാൽ ശാസ്ത്രീയമായും സാങ്കേതിക തലത്തിലും റോഡ് നിർമ്മാണത്തിൽ അപാകതകളുണ്ടാകുന്നത് കരാറുകാരുടെ അത്യാർത്തിമൂലമാണ്. വീരമലക്കുന്ന് അടക്കമുള്ള 5 കുന്നുകൾ വെട്ടിപ്പൊളിച്ച്, ആ മണ്ണ് നീരൊഴുക്കുള്ള പാടങ്ങളിൽ നിരത്തി റോഡുണ്ടാക്കാൻ തീരുമാനിച്ച കരാറുകാരെ നാം എന്ത് പേരിട്ടാണ് വിളിക്കുക? കടലുണ്ടിപ്പുഴയുടെയും അതിലേക്ക് ചെന്ന് ചേരുന്ന നിരവധി തോടുകളുടെയും നീരൊഴുക്ക് മനസ്സിലാക്കി നിർമ്മിക്കേണ്ട റോഡ് നിർമ്മാണം എന്തേ ഇത്രയേറെ ലാഘവത്തോടെ ഉപകരാറെടുത്ത 'മേഘ' യും 'വാൻഗാഡു' മൊക്കെ പൂർത്തിയാക്കാൻ തിരക്കിട്ടത്?
ദേശീയപാതയുടെ 70 ശതമാനവും പൂർത്തിയാക്കിയെങ്കിലും, ആ റോഡിലൂടെ ജീവൻ കൈയിലെടുത്തുവേണം സഞ്ചരിക്കാൻ. കുന്നിടിച്ച് റോഡ് പണിയുമ്പോൾ സോയിൽ നെയിലിംഗ് എന്നൊരു പരിപാടിയുണ്ട്. റോഡിലേക്ക് ചരിഞ്ഞു നിൽക്കുന്ന പ്രതലങ്ങൾ തട്ടുതട്ടായി തിരിച്ച്, രണ്ടുവട്ടം കോൺക്രീറ്റിടണം. ഇതൊന്നും അവിടെ ചെയ്തിട്ടില്ല. കുറെ സിമന്റ് ലായനി കോരിയൊഴിച്ച്, അതിനു പുറത്ത് വില കുറഞ്ഞ പ്ലാസ്റ്റിക് ഷീറ്റിട്ട് മറച്ചിരിക്കുകയാണ് കമ്പനി. ഇതിനെതിരെ നാട്ടുകാർ പൗരസമിതിയുണ്ടാക്കി കളക്ടറിനും, തഹസിൽദാറിനുമടക്കം നൽകിയ പരാതി നൽകിയിരുന്നു. 'മേലാവിൽ' നിന്ന് പരാതികൾക്ക് മറുപടിയൊന്നും ലഭിച്ചില്ലെന്നാണ് കളക്ടറുടെ വിശദീകരണം. അങ്ങനെയെങ്കിൽ, കള്ളക്കളികളുടെ ചുവടുവെപ്പുകൾ എവിടെ നിന്നായിരിക്കും? വായനക്കാർക്ക് ഊഹിക്കാം. പക്ഷെ ക്ലൂ ഒന്നും തരില്ല
തീരത്തിന്റെ നെഞ്ചിൽ തീ തന്നെ
ട്രോളിംഗ് കഴിഞ്ഞ് ബോട്ടുകൾ കടലിൽ പോയിട്ടും തീരഗ്രാമങ്ങളിൽ പട്ടിണി തന്നെ. മത്തി 'റൊമാന്റിക്' ആണെന്ന് വിനീത് ശ്രീനിവാസന്റെ തിരക്കഥയിൽ വായിക്കാമെന്നല്ലാതെ കേരളത്തിലുള്ളവർക്ക് നല്ല മത്തിയൊന്നും കിട്ടുന്നതേയില്ല. തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴിയിൽ മൂന്നു ദിവസം മുമ്പേ രണ്ട് മത്സ്യത്തൊഴിലാളികൾ തിരയിൽ പെട്ട് ബോട്ട് മറിഞ്ഞതു മൂലം മരിച്ചു. തീരത്ത് ചത്തടിഞ്ഞ തിമിംഗലങ്ങളുടെ 'മരണ സർട്ടിഫിക്കറ്റ്' തയ്യാറാക്കിയ വനം വകുപ്പ് തികച്ചും സ്വാഭാവികമെന്നു പറഞ്ഞ് ആരെയോ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കേരളതീരത്ത് തിമിംഗലങ്ങൾ ചത്തടിയുന്നത് പത്തിരട്ടി വർദ്ധിച്ചതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനമായ സി.എം.എഫ്.ആർ.ഐ. റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. 2023ൽ മാത്രം 9 കൂറ്റൻ തിമിംഗലങ്ങളാണ് കടലോരങ്ങളിൽ ചത്തടിഞ്ഞെത്തിയത്.
മത്സ്യലഭ്യതയുടെ കാര്യത്തിലും കേരളം പിന്നാക്കം പോയിക്കഴിഞ്ഞു. ഗുജറാത്തിനാണ് ഇപ്പോൾ ഇക്കാര്യത്തിൽ ഒന്നാം സ്ഥാനം (7.54ലക്ഷം ടൺ) രണ്ടാം സ്ഥാനം തമിഴ്‌നാടിന്. 6.79 ലക്ഷം ടൺ. മൂന്നാമതുള്ള കേരളത്തിന്റെ ക്യാച്ച് 6.10 ലക്ഷം ടൺ മാത്രം. ആകെ ഒരാശ്വാസമുള്ളത് മത്തി (ചാള)യുടെ കാര്യത്തിലാണ്. ദേശീയതലത്തിൽ മത്തിയുടെ ലഭ്യത കുറഞ്ഞപ്പോൾ കേരളത്തിൽ 7.9 ശതമാനം കൂടുതലുണ്ട്. പക്ഷെ, പഴയപോലെ 'പൊള്ളിച്ച്' തിന്നാനുള്ള വലുപ്പം ഇപ്പോഴത്തെ മത്തിക്കില്ല. ചെറിയ മത്തിയേ ഇപ്പോൾ കിട്ടുന്നുള്ളൂ. കേരളത്തിൽ പിടിക്കുന്ന മത്തി കഴിക്കുന്നത് വിദേശത്തുള്ളവരാണ്. കാരണം വലയിലാകുന്ന മത്തിയത്രയും ഫ്രീസ് ചെയ്തു വിദേശത്തേയ്ക്ക് കയറ്റിയയക്കാൻ മൽസരമാണിവിടെ.
അമ്മ, അമ്മ, ഹമ്മാ, ഹമ്മാ...
നല്ലൊരു ഉദ്ദേശ്യത്തോടു കൂടിയ തുടങ്ങിയ താരസംഘടനയായ അമ്മയിൽ എന്തെല്ലാമോ ചീഞ്ഞു നാറുന്നുണ്ടോ? താരങ്ങൾ ഗ്രൂപ്പു തിരിഞ്ഞും ആൺ പെൺ വാശിയോടെയുമെല്ലാം 15 ന് വോട്ട് ചെയ്യാൻ കൊച്ചിയിലെത്തുന്നുണ്ട്. ശ്വേത മേനോൻ, ദേവൻ തുടങ്ങിയവർ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മൽസരിക്കുന്നു. ശ്വേതയ്‌ക്കെതിരെ കേസ് കൊടുത്തതിനെ ചൊല്ലിയും തർക്കമുണ്ട്. മമ്മൂട്ടിയും മോഹൻലാലും ഇത്തവണ മൽസരത്തിന്റെ ഏഴയലത്തുപോലുമില്ല. എങ്കിലും അണിയറയിലുള്ള അവരുടെ നിർദ്ദേശങ്ങൾ ചിലർ സ്വീകരിച്ചേക്കാം.
രാഷ്ട്രീയ, സ്ഥാപിത, സ്വാർത്ഥ താൽപ്പര്യങ്ങൾ പരിഗണിക്കാതെ 'അമ്മ'യുടെ മക്കൾ ഈ പ്രതിസന്ധി മറികടക്കണം. മലയാള സിനിമയിൽ നിന്ന് 'കളകൾ' പറിച്ചു മാറ്റപ്പെടുകയും വേണം. 12 വർഷം തർക്കങ്ങൾക്കൊന്നും ഇടനൽകാതെ എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോയ ഇരിങ്ങാലക്കുടക്കാരൻ ഇന്നസെന്റിന്റെ വില ഇപ്പോഴെങ്കിലും ചിലർക്ക് മനസ്സിലാകുമായിരിക്കാം. അതല്ലേ, ഇന്നസെന്റിനെ അനുകരിക്കുന്ന എല്ലാ മിമിക്രിക്കാരും സ്ഥിരമായി ഡയലോഗ് പറഞ്ഞുതുടങ്ങുന്നത് 'ഹെന്റമ്മേ' എന്നാണല്ലോ?
ആന്റണിചടയംമുറി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്