ഹൂസ്റ്റൺ: ആവേശത്തിമിർപ്പിന്റെ പോർക്കളത്തിൽ കാരിരുമ്പിന്റെ കരുത്തുമായി കാലുറപ്പിച്ച് കമ്പക്കയറിൽ സിംഹഗർജനത്തോടെ ആഞ്ഞുവലിച്ച് ആയിരങ്ങളുടെ ആവേശമായിമാറിയ കോട്ടയം ബ്രദേഴ്സ് കാനഡ ബ്ലൂ, ടെക്സസ് ഇന്റർനാഷണൽ സ്പോർട്സ് ആന്റ് ആർട്സ് ക്ലബ്ബിന്റെ (ടിസാക്ക്) അന്താരാഷ്ട്ര വടംവലി മത്സരത്തിൽ ചാമ്പ്യൻമാരായി. മെയ്ക്കരുത്തും മനക്കരുത്തും സ്വന്തമാക്കിയ ഗ്ലാഡിയേറ്റേഴ്സ് കാനഡ റണ്ണറപ്പായി ട്രോഫി ഉയർത്തി. കായികശേഷി പരീക്ഷിച്ച് ഗാലക്സി ഡബ്ളിൻ അയർലൻഡ് മൂന്നാം സ്ഥാനക്കാരുടെ കപ്പെടുത്തു. ന്യൂയോർക്ക് കിങ്സാണ് നാലാം സ്ഥാനത്തെത്തിയത്.
ഓഗസ്റ്റ് 9 -ാം തിയതി ശനിയാഴ്ച രാവിലെ മുതൽ വൈകുന്നേരം 10 മണി വരെ ഫോർട്ബെൻഡ് കൗണ്ടി എപ്പിസെന്ററിലായിരുന്നു മല്ലൻമാർ ചേരിതിരിഞ്ഞ് ചുവടുറപ്പിച്ച് താളത്തിനൊത്ത് കയറിൽ പിടിമുറുക്കിയ വടംവലിയുടെ പെരുംപോരാട്ടം അരങ്ങേറിയത്. ഏതാണ്ട് ആറായിരത്തിലധികം കാണികൾ സാക്ഷ്യം വഹിച്ച ടിസാക്കിന്റെ ഈ നാലാം സീസൺ മൽസരം അമേരിക്കൻ മലയാളി സമൂഹത്തിൽ കായികാഭിനിവേശത്തിന്റെ വേറിട്ട ചരിത്രമെഴുതി. എരിയുന്ന കനലിൽ കാരിരുമ്പിട്ട് വെട്ടി കൊത്തുപണിയിലൂടെ കടഞ്ഞെടുത്ത ഉരുക്ക് മുഷ്ഠിയും അടിപതറാത്ത പാദച്ചുവടുകളുമായി ശ്വാസമടക്കിപ്പിടിച്ചിരുന്ന കാണികൾക്ക് ആവേശത്തിന്റെ പൂരക്കാഴ്ചയാണ് കായിക കേരളത്തിന്റെ പോരാട്ടങ്ങൾക്ക് അമേരിക്കൻ മണ്ണിൽ ആസ്ഥാനമുറപ്പിച്ച ടിസാക്ക് സമ്മാനിച്ചത്.
ചാമ്പ്യൻമാരായ കോട്ടയം ബ്രദേഴ്സ് കാനഡ ബ്ലൂ ടീം, മെൽവിൻ തോമസ് വാഴപ്പള്ളിൽ എക്സൽ റിയൽറ്റി & സി.ഒ & മാത്യു കല്ലിടുക്കിൽ സ്പോൺസർ ചെയ്ത 8001 ഡോളറും പ്രോംപ്റ്റ് റിയൽറ്റിയുടെ പേരിലുള്ള ട്രോഫിയും, റണ്ണേഴ്സ് അപ്പായ കുളങ്ങര ഫാമിലി നേതൃത്വം നൽകിയ ഗ്ലാഡിയേറ്റേഴ്സ് കാനഡ ടീം ഫോർസൈറ്റ് കൺസ്ട്രക്ഷൻ അനീഷ് സൈമൺ സ്പോൺസർ ചെയ്ത 6001 ഡോളറും എം.എച്ച്.എസ് കൺസ്ട്രക്ഷന്റെ പേരിലുള്ള ട്രോഫിയും, മൂന്നാം സ്ഥാനക്കാരായ ഗാലക്സി ഡബ്ളിൻ അയർലൻഡ് ടീം യു.ജി.എം പ്രിൻസ് പോൾ & ഡോ. ഷിജു സക്കറിയ സ്പോൺസർ ചെയ്ത 4001 ഡോളറും അർകോള ഡന്റൽ ഡോ. നവീൻ നൽകിയ ട്രോഫിയും സ്വന്തമാക്കി. നാലാം സ്ഥാനത്തെത്തിയ ന്യൂയോർക്ക് കിങ്സ്, ഷോൺ ലൂക്ക് വെട്ടിക്കൽ താജംസ് മാർബിൾസ് & ഗ്രാനൈറ്റ് സ്പോൺസർ ചെയ്ത 2001 ഡോളറും സെന്റ് മേരീസ് പെട്രോളിയത്തിന്റെ പേരിലുള്ള ട്രോഫിയും സ്വന്തമാക്കി.
അഞ്ചു മുതൽ എട്ടുവരെ സ്ഥാനങ്ങളിലെത്തിയ ടീമുകളുടെ പേര് വിവരങ്ങൾ ഇപ്രകാരം. ബ്രായ്ക്കറ്റിൽ സ്പോൺസേഴ്സിന്റെ പേരുവിവരങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. * അഞ്ചാം സ്ഥാനം: ഹൂസ്റ്റൺ ബ്രദേഴ്സ് $ 1001 (ബെൽ ഫോർട്ട് ലോയൽ ഇൻവസ്റ്റ്മെന്റ്) * ആറാം സ്ഥാനം: ഗരുഡൻസ് ടൊറന്റോ $ 1001 (സന്ദീപ് തേവർവേലിൽപെറി ഹോംസ്: എ ട്രഡീഷൻ ഓഫ് എക്സലൻസ്) * ഏഴാം സ്ഥാനം: കോട്ടയം ബ്രദേഴ്സ് കാനഡ ബ്ലാക്ക് $ 1001 (ആൻസ് ഗ്രോസറി) * എട്ടാം സ്ഥാനം: ഹോക്സ് കാനഡ $ 1001 (സീബ്രാ പ്രോഡക്ട്സ് എൽ.എൽ.സി).
പുരുഷകേസരികൾക്കൊപ്പം മഹിളാമണികളും വിട്ടുവീഴ്ചയില്ലാതെ പോരടിച്ചപ്പോൾ, ഡാളസ് ഡാർളിങ്സിന്റെ പെൺകരുത്ത് ട്രോഫിയിൽ മുത്തമിടുകയും മസാല ഹട്ട്റിമൽ & സുനിൽ സ്പോൺസർ ചെയ്ത $ 2501 നേടിയെടുക്കുകയും ചെയ്തു. രണ്ടാം സ്ഥാനം ഹൂസ്റ്റൺ കാന്താരീസും $ 1501 (മാസ് മ്യൂച്വൽ ഇൻഷുറൻസ് ജോർജ് ജോസഫ് സി.എച്ച്.എഫ്.സി), മൂന്നാം സ്ഥാനം ഷിപ്പ്മാൻ കോവ് ടഗ് റിബൽസും $ 1001 (ജെനുവിൻ ക്രാഫ്റ്റ് മാത്യു & അലക്സ്) കരസ്ഥമാക്കി.
ഹെവി വെയ്റ്റ് വിഭാഗത്തിൽ ഹൂസ്റ്റൺ കിങ്സ് ക്ലബ് ഒന്നാം സ്ഥാനത്തെത്തി സൈക്കിൾ അഗർബത്തീസ് സ്പോൺസർ ചെയ്ത $ 1501 സ്വന്തമാക്കി. രണ്ടാം സ്ഥാനം ഹൂസ്റ്റൺ സ്റ്റാലിയൻസും $ 1001 (നെക്സിനോവ്, സൊലൂഷൻസ് ഫോർ ബിസിനസ്), മൂന്നാം സ്ഥാനം ഹൂസ്റ്റൺ റോയൽസും $ 501 (ലിജോ ലൂക്കോസ്) നേടി.
കൊടുങ്കാറ്റിലും ആടിയുലയാത്ത മെയ്ക്കരുത്തും മനക്കരുത്തും കാട്ടി 1 മുതൽ 7 വരെയുള്ള ബെസ്റ്റ് പൊസിഷനുകളിലെത്തിയ ശ്രീരാഗ് ഗ്ലാഡിയേറ്റർ, ഗീരു കെ.ബി.സി, ജെയ്സ് ന്യൂയോർക്ക് കിങ്സ്, ജിനേഷ് ഗാലക്സി അയർലൻഡ്, റോബിൻസൺ ഗ്ലാഡിയേറ്റർ, സുമൽ കെ.ബി.സി, ഷിന്റോ ഗാലക്സി അയർലൻഡ് ട്രോഫിയും ആകർഷകമായ പ്രൈസ് മണിയും കരസ്ഥമാക്കി. ഗ്ലാഡിയേറ്ററിന്റെ അജീഷ് ആണ് മോസ്റ്റ് വാല്യുബിൾ പ്ലെയർ. ഗ്ലാഡിയേറ്ററിന്റെ അനന്തു ബെസ്റ്റ് കോച്ചായി.
പോരാട്ടച്ചൂട് ശമിപ്പിക്കാൻ എയർ കണ്ടീഷൻ ചെയ്ത ഇൻഡോർ സ്റ്റേഡിയത്തിലാണ് ടിസാക്കിന്റെ സീസൺ4 വടംവലി പോരാട്ടങ്ങൾ നടന്നത്. അമേരിക്കയിലെ പ്രഥമ ഇൻഡോർ വടംവലി മൽസരമായിരിരുന്നു ഇത്. കൈയ്യും മെയ്യും മറന്ന് ശക്തിയും ബുദ്ധിയും ഓരേ ബിന്ദുവിൽ കേന്ദ്രീകരിച്ച ഗോദയിലേയ്ക്ക് കച്ചമുറുക്കി എത്തിയത് യു.എസ്.എയ്ക്ക് പുറമെ കാനഡ, യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ടീമുകളാണ്.
മേയർ റോബിൻ ഇലക്കാട്ട് അഡൈ്വസറി ചെയർമാനായുള്ള കമ്മറ്റിയാണ് വടംവലി മത്സരത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചത്. ടിസാക്ക് ചെയർമാൻ ഡോ. സക്കറിയ തോമസ്, പ്രസിഡന്റ് ഡാനി വി രാജു, സെക്രട്ടറി ജിജോ കരോട്ട്മുണ്ടയ്ക്കൽ, ട്രഷറർ റിമൽ തോമസ്, പി.ആർ.ഒ ജിജു കുളങ്ങര, വൈസ് പ്രസിഡന്റ് ജോയി തൈയിൽ, ജോയിന്റ് സെക്രട്ടറി മാത്യൂസ് കറുകക്കളം, ജോയിന്റ് ട്രഷറർ ഫിലിപ്പ് ചോരത്ത്, ടൂർണമെന്റ് കോ -ഓർഡിനേറ്റർമാരായ ചാക്കോച്ചൻ മേടയിൽ, ലൂക്ക് കിഴക്കേപ്പുറത്ത് തുടങ്ങിയവർ മത്സരങ്ങളുടെ ചുക്കാൻ പിടിച്ചു.
ജീമോൻ റാന്നി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്