ട്രെൻഡ് ബ്രിഡ്ജ്: ഇംഗ്ലണ്ടിനെതിരായ വനിതാ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ചരിത്ര സെഞ്ച്വറി കുറിച്ച ക്യാപ്ടൻ സ്മൃതി മന്ഥനയുടേയും ബൗളർമാരുടേയും മികവിൽ ഇന്ത്യയ്ക്ക് ഗംഭീര ജയം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 14.5 ഓവറിൽ 113 റൺസിന് ഓൾഔട്ടായി. ട്വന്റി20യിൽ അരങ്ങേറ്റം ഗംഭീരമാക്കിയ സ്പിന്നർ ചരിണി 4 വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിന്റെ തകർച്ചയ്ക്ക് പ്രധാന പങ്കുവഹിച്ചു.
ദീപ്തി ശർമ്മയും രാധാ യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്ടൻ നാറ്റ്സ്‌കൈവർ ബ്രന്റിന് (66) മാത്രമാണ് ഇംഗ്ലണ്ട് ബാറ്റർമാരിൽ പിടിച്ചു നിൽക്കാനായുള്ളൂ. ബ്രന്റിനെക്കൂടാതെ ബ്യൂമൗണ്ട് (10), ആർലോറ്റ് (12) എന്നിവർ മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കടന്നത്.
സ്മൃതി 62 പന്തിൽ 15 ഫോറും 3 സിക്‌സും ഉൾപ്പെടെ 112 റൺസെടുത്തു. 51 പന്തിലാണ് സ്മൃതി സെഞ്ച്വറി തികച്ചത്. വാംഅപ്പ് മത്സരത്തിനിടെ തലയ്ക്ക് പരിക്കേറ്റ ഹർമ്മൻപ്രീത് കൗറിന് വിശ്രമം അനുവദിച്ചതിനാലാണ് സ്മൃതി ഒന്നാം ടി20യിൽ ഇന്ത്യയുടെ ക്യാപ്ടൻ സ്ഥാനം ഏറ്റെടുത്തത്.
ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്ടൻ നാറ്റ്സ്‌കൈവർ ബ്രന്റ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഏറെ നാളുകക്ക് ശേഷം മടങ്ങിയെത്തിയ ഷെഫാലി വെർമ്മയാണ് (20) സ്മൃതിക്കൊപ്പം ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. തുടക്കം മുതൽ സ്മൃതി അടി തുടങ്ങി
ഒന്നാം വിക്കറ്റിൽ ഇരുവരും 52 പന്തിൽ 77 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഷെഫാലി പുറത്തായ ശേഷം ഹർലീൻ ഡിയോളിനൊപ്പം (23 പന്തിൽ 43) 45 പന്തിൽ 95 റൺസിന്റെ കൂട്ടുകെട്ടും സ്മൃതിയുണ്ടാക്കി.
ഇതിനിടെ സ്മൃതി ട്വന്റി20യിലെ കന്നി സെഞ്ച്വറിയും തികച്ചു. ഡെത്ത് ഓവറുകളിൽ നന്നായി പന്തെറിഞ്ഞ ഇംഗ്ലണ്ട് അവസാനം ഇന്ത്യയുടെ റണ്ണൊഴുക്കിന് തടസം സൃഷ്ടിച്ചു. ഇംഗ്ലണ്ടിനായി ലൗറ ബെൽ 3 വിക്കറ്റ് വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്