ഐ.പി.എൽ ടീം മാറ്റ ചർച്ചകൾക്കിടെ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണെ ടീമിലെത്തിക്കാനായി പുതിയ ഓഫർ മുന്നോട്ടുവെച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്.
ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് ടീം മാറാനുള്ള സഞ്ജുവിന്റെ ശ്രമങ്ങൾ പ്രതിസന്ധിയിലായിരിക്കെയാണ് രണ്ട് യുവതാരങ്ങളെ വിട്ടുകൊടുത്ത് സഞ്ജുവിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഊർജ്ജിതമാക്കിയതെന്ന് റിപ്പോർട്ട്. ഓൾ റൗണ്ടറായ രമൺദീപ് സിംഗിനെയും യുവതാരം അംഗ്രിഷ് രഘുവംശിയെയുമാണ് സഞ്ജുവിന് പകരം രാജസ്ഥാന് വിട്ടുകൊടുക്കാമെന്ന് കൊൽക്കത്ത ഓഫർ വെച്ചത് എന്നാണ് റിപ്പോർട്ട്.
ഇരുവരും സഞ്ജുവിന് തുല്യരായ കളിക്കാരല്ലെന്നതാണ് രാജസ്ഥാൻ റോയൽസ് നേരിടുന്ന പ്രതിസന്ധി. കഴിഞ്ഞ സീസണിൽ കൊൽക്കത്തക്കായി അരങ്ങേറിയ അംഗ്രിഷ് രഘുവംശി ബാറ്റിംഗിൽ തിളങ്ങിയിരുന്നു. രമൺദീപ് സിംഗാകട്ടെ ഓൾ റൗണ്ടറുമാണ്. സഞ്ജുവിനെ ടീമിലെത്തിച്ചാൽ കൊൽക്കത്തക്ക് ഒരു ഓപ്പണറെയും ഇന്ത്യൻ വിക്കറ്റ് കീപ്പറെയും ക്യാപ്ടനെയും ലഭിക്കുമെന്നതാണ് നേട്ടം. നിലവിൽ ക്വിന്റൺ ഡി കോക്കും റഹ്മാനുള്ള ഗുർബാസുമാണ് കൊൽക്കത്തയുടെ വിക്കറ്റ് കീപ്പർമാരും ഓപ്പണർമാരും.
എന്നാൽ രമൺദീപിനും അംഗ്രിഷ് രഘുവംശിയ്ക്കും ചേർത്ത് ഏഴ് കോടി രൂപ മാത്രമാണ് കൊൽക്കത്ത മുടക്കിയിരിക്കുന്നത് എന്നതിനാൽ പരസ്പര ധാരണപ്രകാരമുള്ള കൈമാറ്റം സാധ്യമാവണമെങ്കിൽ സഞ്ജുവിന് രാജസ്ഥാൻ നൽകുന്ന 18 കോടി രൂപയിലെ ബാക്കി തുക പണമായി കൊൽക്കത്ത നൽകേണ്ടിവരും. നേരത്തെ ചെന്നൈ സൂപ്പർ കിംഗ്സും താൽപര്യം അറിയിച്ചിരുന്നെങ്കിലും സഞ്ജുവിന് പകരം ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ റുതുരാജ് ഗെയ്ക്വാദിനെയോ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെയോ വിട്ടുകിട്ടണമെന്ന രാജസ്ഥാൻ റോയൽസിന്റെ കടുപിടുത്തമാണ് ടീം മാറ്റം പ്രതിസന്ധിയിലാക്കിയത്.
എം.എസ്. ധോണിയുടെ പകരക്കാരനായാണ് ചെന്നൈ സൂപ്പർ കിംഗ്സ് സഞ്ജുവിനെ പരിഗണിച്ചത്. റുതുരാജ് നിലവിൽ ചെന്നൈ സൂപ്പർ കിംഗ്സ് നായകനാണ്. കഴിഞ്ഞ സീസണിൽ പരിക്കുമൂലം പുറത്തിരിക്കേണ്ടിവന്ന റുതുരാജിന് പകരം ധോണിയാണ് ചെന്നൈയെ നയിച്ചത്. എന്നാൽ അടുത്ത സീസണിൽ റുതുരാജ് ക്യാപ്ടൻ സ്ഥാനത്ത് തിരിച്ചെത്തുമെന്ന് ധോണിയും ചെന്നൈയും നേരത്തെ വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്