ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഓസ്‌ട്രേലിയക്ക്. അവസാന ടി20യിൽ രണ്ട് വിക്കറ്റ് വിജയം പിടിച്ചാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് 2-1നു നേടിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണ് എടുത്തത്. മറുപടി ചെയ്‌സിംഗിൽ ഓസ്‌ട്രേലിയ 19.5 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു.
ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ മികച്ച പ്രകടനമാണ് ഓസീസ് ജയവും പരമ്പരയും നേടിക്കൊടുത്തത്. ആറാമനായി ക്രീസിലെത്തിയ മാക്‌സ്‌വെൽ 36 പന്തിൽ 8 ഫോറും 2 സിക്‌സും സഹിതം 62 റൺസ് അടിച്ച് പുറത്താകാതെ നിന്നു ടീമിനു ജയമൊരുക്കുകയായിരുന്നു.
അവസാന ഓവർ ത്രില്ലറിലാണ് ഓസീസ് ജയം. അവസാന രണ്ട് ഓവറിൽ 12 റൺസായിരുന്നു ഓസ്‌ട്രേലിയക്ക് വേണ്ടിയിരുന്നത്. കൈയിൽ 4 വിക്കറ്റുകളും ഉണ്ടായിരുന്നു. എന്നാൽ കോർബിൻ ബോഷ് എറിഞ്ഞ 19-ാം ഓവർ സംഭവ ബഹുലമായി. ഈ ഓവറിൽ താരം 2 ലെഗ് ബൈ റൺസ് മാത്രമാണ് വഴങ്ങിയത്. 2 വിക്കറ്റുകളും വീഴ്ത്തി. ഇതോടെ ഓസീസ് പ്രതിരോധത്തിലായി.
അവസാന ഓവറിൽ 10 റൺസായിരുന്നു ജയത്തിലേക്ക് ഓസീസിന് ആവശ്യമായി വന്നത്.
ക്‌സ്‌വെല്ലായിരുന്നു ക്രീസിൽ. ലുംഗി എൻഗിഡി എറിഞ്ഞ ഈ ഓവറിലെ ആദ്യ പന്തിൽ 2 റൺസും രണ്ടാം പന്തിൽ 4 റൺസും മാക്‌സ്‌വെൽ സ്വന്തമാക്കി. മൂന്നും നാലും പന്തുകളിൽ റണ്ണില്ല. ഇതോടെ ലക്ഷ്യം 2 പന്തിൽ 4 റൺസായി. അഞ്ചാം പന്തിൽ മാക്‌സ്‌വെൽ ബൗണ്ടറിയടിച്ച് ടീമിനു ത്രില്ലർ ജയം സമ്മാനിക്കുകയായിരുന്നു.
173 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിനായി ക്യാപ്ടൻ മിച്ചൽ മാർഷ് അർധ സെഞ്ച്വറി നേടി ടീമിനു മികച്ച തുടക്കം നൽകി. താരം 5 സിക്‌സും 3 ഫോറും സഹിതം 37 പന്തിൽ 54 റൺസെടുത്തു.
എന്നാൽ പിന്നീട് ഓസീസിന് തുടരെ വിക്കറ്റുകൾ നഷ്ടമായി. 1 വിക്കറ്റ് നഷ്ടത്തിൽ 66 റൺസെന്ന നിലയിൽ നിന്നു അവർ ഒരുവേള 4 വിക്കറ്റിന് 88ലേക്ക് കൂപ്പുകുത്തി. പിന്നീടാണ് മാക്‌സ്‌വെൽ കളിയുടെ കടിഞ്ഞാണേന്തിയത്.
പരമ്പരയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ടിം ഡേവിഡ് മികച്ച രീതിയിൽ തുടങ്ങിയെങ്കിലും ഇത്തവണ അധികം ക്രീസിൽ തുടർന്നില്ല. താരം 9 പന്തിൽ ഓരോ സിക്‌സും ഫോറും സഹിതം 17 റൺസെടുത്തു. 19 റൺസെടുത്ത ട്രാവിസ് ഹെഡാണ് രണ്ടക്കം കണ്ട മറ്റൊരാൾ.
ദക്ഷിണാഫ്രിക്കയ്ക്കായി കോർബിൻ ബോഷ് 3 വിക്കറ്റുകൾ വീഴ്ത്തി. കഗിസോ റബാഡ, ക്വെന എംഫക എന്നിവർ രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. എയ്ഡൻ മാർക്രം ഒരു വിക്കറ്റെടുത്തു.
നേരത്തെ ഡെവാൾഡ് ബ്രെവിസിന്റെ വെടിക്കെട്ടാണ് ഇത്തവണയും പ്രോട്ടീസിനു തുണയായത്. താരം വെറും 26 പന്തിൽ 6 സിക്‌സും ഒരു ഫോറും സഹിതം 53 റൺസെടുത്തു. രണ്ടാം ടി20യിൽ കിടിലൻ സെഞ്ച്വറിയുമായി ബ്രെവിസ് പ്രോട്ടീസ് ജയത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു.
26 പന്തുകൾ നേരിട്ട് 38 റൺസുമായി പുറത്താകാതെ നിന്ന റസ്സി വാൻഡെർ ഡസനാണ് തിളങ്ങിയ മറ്റൊരു താരം. 15 പന്തിൽ 24 റൺസെടുത്ത പ്രിട്ടോറിയസ് 25 റൺസെടുത്ത ട്രിസ്റ്റൻ സ്റ്റബ്‌സ് എന്നിവരാണ് പിടിച്ചു നിന്ന മറ്റ് ബാറ്റർമാർ.
ഓസീസിനായി നതാൻ എല്ലിസ് 3 വിക്കറ്റുകൾ വീഴ്ത്തി. ജോഷ് ഹെയ്‌സൽവുഡ്, ആദം സാംപ എന്നിവർ രണ്ട് വീതം വിക്കറ്റെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്