ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഇന്റർനാഷണൽ) സംഘടിപ്പിച്ച യൂത്ത് കോൺഫറൻസ്, യുവതലമുറ നേരിടുന്ന സാമൂഹിക വെല്ലുവിളികളെക്കുറിച്ചുള്ള ആഴത്തിലുള്ള ചർച്ചകളുമായി വിജയകരമായി സമാപിച്ചു. 2025 ജൂൺ 29 ഞായറാഴ്ച രാവിലെ 10 മണിക്ക് (ന്യൂയോർക്ക് സമയം) ആരംഭിച്ച സമ്മേളനത്തിനു ഉച്ചയ്ക്ക് 12 മണിയോടെയാണ് തിരശ്ശീല വീണത്. സമ്മേളത്തിൽ പങ്കടുത്തവർ ഇരുന്നൂറിനോടടുത്തു ഉണ്ടായിരുന്നു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ഈ കോൺഫറൻസ്, യുവജനങ്ങളിൽ വർദ്ധിച്ചുവരുന്ന ലഹരിയുടെ ആസക്തി, അക്രമം, കൂടാതെ കുടുംബത്തിന്റെ പങ്ക് എന്നിവയെക്കുറിച്ചുള്ള സമഗ്രമായ വിശകലനങ്ങൾക്ക് വേദിയായി. ഇന്ത്യ, ഗൾഫ് രാജ്യങ്ങൾ, ആഫ്രിക്ക, യുകെ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, കാനഡ, യുഎസ്എ എന്നിവിടങ്ങളിൽ നിന്നുള്ള മലയാളി യുവജനങ്ങളും കുടുംബങ്ങളും സൂം പ്ലാറ്റ്‌ഫോമിലൂടെ സമ്മേളനത്തിന്റെ ഭാഗമായി. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ഈ പങ്കാളിത്തം കോൺഫറൻസിന് ആഗോള പ്രാധാന്യം നൽകി.
ആതിര ഷഹി എം.സി.യുടെ ചുമതല നിർവഹിച്ച ചടങ്ങിന് തുടക്കം കുറിച്ചു. തുടർന്ന് അപർണ്ണ പണിക്കരുടെ പ്രാർത്ഥനാ ഗാനത്തോടെ സമ്മേളനത്തിന് ഔദ്യോഗിക തുടക്കമായി. ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഇന്റർനാഷണൽ) യൂത്ത് കോർഡിനേറ്റർ ആകാശ് അജീഷ് സമ്മേളനത്തിന്റെ ആമുഖ പ്രസംഗം നടത്തി. യുവജനങ്ങളെ ഒരുമിച്ച് കൊണ്ടുവരേണ്ടതിന്റെയും അവരുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. തുടർന്ന്, ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഇന്റർനാഷണൽ) പ്രസിഡന്റ് സണ്ണി മറ്റമന സമ്മേളനത്തിന്റെ ലക്ഷ്യങ്ങളെയും പ്രാധാന്യത്തെയും കുറിച്ച് സംസാരിച്ചു.
കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ആശംസകൾ നേർന്നു. അനന്തരം, നിയമസഭാംഗം മോൻസ് ജോസഫ് എം.എൽ.എ. യുവതലമുറ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും, അവരെ പിന്തുണയ്‌ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. കുടുംബബന്ധങ്ങളുടെ കെട്ടുറപ്പ് യുവജനങ്ങളുടെ വളർച്ചയിൽ ചെലുത്തുന്ന സ്വാധീനം അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഇന്റർനാഷണൽ)യൂത്ത് അഡൈ്വസർ തോമസ് ജോർജ്ജ്, യുവജനങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിൽ മുതിർന്നവരുടെ പങ്ക്, മാർഗ്ഗനിർദ്ദേശം എന്നിവയെക്കുറിച്ച് സംസാരിച്ചു. തുടർന്ന്, ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഇന്റർനാഷണൽ) ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ജോസഫ് കുരിയാപ്പുറം, ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഇന്റർനാഷണൽ) ന്റെ യൂത്ത് സംരംഭങ്ങളെക്കുറിച്ചും യുവജനങ്ങൾക്ക് നൽകുന്ന പിന്തുണയെക്കുറിച്ചും വിശദീകരിച്ചു.
മുൻ കേരള ഡിജിപി ഋഷിരാജ് സിംഗ് ഐപിഎസ് ആശംസകൾ അറിയിക്കുകയും, സൈബർ ക്രൈം & സൈബർ സെക്യൂരിറ്റി ലീഗൽ ഡിപ്പാർട്ട്‌മെന്റിലെ ബിജുമോൻ ഇ.എസ്. സൈബർ ക്രൈമുമായി ബന്ധപ്പെട്ട നിയമപരമായ വശങ്ങളെക്കുറിച്ചും, യുവജനങ്ങൾക്ക് ഇതിലുള്ള അവബോധം നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു.
സമ്മേളനത്തിന്റെ തുടർച്ചയായി, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഡോ. ഷിജു കിഴക്കേടം യുവജനങ്ങളുടെ മാനസികാരോഗ്യത്തെയും, ലഹരിയുടെ ആസക്തികൾ എങ്ങനെ മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്നതിനെക്കുറിച്ചും ഒരു സമഗ്രമായ പ്രബന്ധം അവതരിപ്പിച്ചു. ഇത് പങ്കെടുത്തവർക്ക് വലിയ ഉത്തേജനം നൽകി. അലമേഡ ഹെൽത്ത് സിസ്റ്റത്തിലെ മെഡിക്കൽ ഡയറക്ടർ ഡോ. ജേക്കബ് ഈപ്പൻ, വൈദ്യശാസ്ത്രപരമായ കാഴ്ചപ്പാടിൽ നിന്ന് ലഹരിയുടെ ആസക്തികളെക്കുറിച്ചും, അവയുടെ ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചും വിശദീകരിച്ചു.
ഇതിനിടയിൽ, സിമി റോസ്‌ബെൽ യുവജനങ്ങളുമായി ബന്ധപ്പെട്ട സാമൂഹിക വിഷയങ്ങളിൽ തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റിയിലെ റിസർച്ച് സ്‌കോളറായ സിബൽ ജോൺ സാജൻ, ഗവേഷകൻ എന്ന നിലയിൽ ലഹരിക്ക് അടിമയായ യുവജനങ്ങളിൽ കണ്ടുവരുന്ന പ്രവണതകളെക്കുറിച്ചും, അവയുടെ സാമൂഹിക സ്വാധീനത്തെക്കുറിച്ചും സംസാരിച്ചു. കൂടാതെ, സൈക്കോളജി ഗവേഷണ വിദ്യാർത്ഥിയായ മഹിതാ വിജിലി, യുവജനങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ചും കൗൺസിലിംഗിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു. ഹൈസ്‌കൂൾ വിദ്യാർത്ഥിനിയായ അലോന മരിയ, ഒരു ഹൈസ്‌കൂൾ വിദ്യാർത്ഥി എന്ന നിലയിൽ യുവജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചും, അവർക്ക് സ്‌കൂൾ തലത്തിൽ ലഭിക്കേണ്ട പിന്തുണയെക്കുറിച്ചും സംസാരിച്ചു.
സമ്മേളനത്തിൽ നിക്കോളാസ് ബോറോസ്‌കി സ്വന്തം അനുഭവത്തിൽ നിന്ന് എങ്ങനെ ഈ വിപത്തിൽ നിന്ന് മോചനം നേടാം എന്ന് വിവരിച്ചു. തുടർന്ന് ആകാശ് അജീഷ് ആശംസകൾ അറിയിക്കുകയും, ഈ സമ്മേളനത്തിന്റെ തുടർ പ്രവർത്തനങ്ങൾ വീണ്ടും ഉണ്ടാകുമെന്നു ആകാശും, ആതിരയും അറിയിച്ചു.
ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഇന്റർനാഷണൽ) യൂത്ത് വിങും, ഡോക്ടർ കലയും മുൻകൈയെടുത്ത് സംഘടിപ്പിച്ച ഈ സമ്മേളനം വലിയ വിജയമായിരുന്നു. യുവതലമുറ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് തുറന്ന ചർച്ചകൾക്ക് വഴിതുറക്കുകയും, പരിഹാരങ്ങൾ കണ്ടെത്താൻ സഹായിക്കുകയും ചെയ്തുവെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു. യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കുന്നതിൽ കുടുംബങ്ങൾക്കും സമൂഹത്തിനും വലിയ പങ്കുണ്ടെന്ന് ഈ സമ്മേളനം അടിവരയിട്ടു.
എസ്.ജെ. പൂഴിക്കാട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്