ബർമിംഗ്ഹാം : ഇംഗ്‌ളീഷ് മണ്ണിൽ തുടർച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ച്വറി നേടി ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ. ഗില്ലിന്റെയും സെഞ്ച്വറിക്ക് 13 റൺസ് അടുത്തെത്തി പുറത്തായ യശസ്വി ജയ്‌സ്വാളി (87)ന്റേയും 41 റൺസുമായി പുറത്താകാതെ നിൽക്കുന്ന രവീന്ദ്ര ജഡേജയുടേയും മികവിൽ എഡ്ജ്ബാസ്റ്റണിൽ ഇംഗ്‌ളണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം 310/5 എന്ന നിലയിലെത്തി. യശസ്വിക്ക് പുറമേ മലയാളി താരം കരുൺ നായർ (31), റിഷഭ് പന്ത് (25), കെ.എൽ രാഹുൽ (2), നിതീഷ് റെഡ്ഡി (1) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്.
മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്നലെ കളത്തിലിറങ്ങിയത്. നിതീഷ് റെഡ്ഡി, ആകാശ് ദീപ്, വാഷിംഗ്ൺ സുന്ദർ എന്നിവർ പ്‌ളേയിംഗ് ഇലവനിൽ ഇടംപിടിച്ചപ്പോൾ പേസർ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നൽകി. യുവതാരം സായ് സുദർശനെയും ശാർദുൽ താക്കൂറിനെയും ഒഴിവാക്കി.
ടോസ് നേടിയ ഇംഗ്‌ളണ്ട് ക്യാപ്ടൻ ബെൻ സ്റ്റോക്‌സ് ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. യശസ്വിക്കൊപ്പം ഓപ്പണിംഗിനെത്തിയ കെ.എൽ രാഹുൽ (2) ഒൻപതാം ഓവർ വരെ പിടിച്ചുനിന്നെങ്കിലും അധികം റൺസ് എടുക്കാനാവാതെ മടങ്ങി. ക്രിസ് വോക്‌സാണ് രാഹുലിനെ ബൗൾഡാക്കിയത്. തുടർന്ന് ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം കിട്ടി ഫസ്റ്റ് ഡൗണായി ക്രീസിലെത്തിയ മലയാളി താരം കരുൺ നായർ (31) വലിയ തകർച്ചയിൽ നിന്ന് ഇന്ത്യയെ രക്ഷിച്ച് മുന്നോട്ടു നീങ്ങി. യശസ്വിയും കരുണും ചേർന്ന് ഇംഗ്‌ളീഷ് പേസർമാരെ ഫലപ്രദമായി നേരിട്ട് മുന്നേറവേ ലഞ്ചിന് തൊട്ടുമുമ്പ് ടീം സ്‌കോർ 95ൽ വച്ച് കരുണിനെ നഷ്ടമായി. 50 പന്തുകളിൽ അഞ്ചു ബൗണ്ടറികൾ പായിച്ചിരുന്ന കരുണിനെ ബ്രണ്ടൻ കാഴ്‌സിന്റെ പന്തിൽ ബ്രൂക്കാണ് പിടികൂടിയത്.
തുടർന്ന് കളത്തിലറങ്ങിയ നായകൻ ഗിൽ 98/2 എന്ന നിലയിൽ ലഞ്ചിന് പിരിഞ്ഞു. ലഞ്ചിന് ശേഷം സെഞ്ച്വറിയിലേക്ക് നീങ്ങിയ യശസ്വിയെ ടീം സ്‌കോർ 163ൽ വച്ച് ഇംഗ്‌ളീഷ് നായകൻ ബെൻ സ്റ്റോക്‌സാണ് കീപ്പർ സ്മിത്തിന്റെ കയ്യിലെത്തിച്ചത്. 107 പന്തുകൾ നേരിട്ട് 13 ബൗണ്ടറികൾ നേടിയശേഷമാണ് യശസ്വി മടങ്ങിയത്. തുടർന്ന് റിഷഭ് പന്തും (25) ഗില്ലും ചേർന്ന് 208ലെത്തിച്ചു.
പന്തിനെ ഷൊയ്ബ് ബഷീർ പുറത്താക്കി. പകരമിറങ്ങിയ നിതീഷ് റെഡ്ഡി (1) നേരിട്ട ആറാം പന്തിൽ ബൗൾഡായി. വോക്‌സായിരുന്നു ബൗളർ. പിന്നീട് ഗിൽ ജഡേജയെക്കൂട്ടി സെഞ്ച്വറിയിലേക്ക് മുന്നേറി. നേരിട്ട 199-ാമത്തെ പന്തിലാണ് ഗിൽ സെഞ്ച്വറിയിലെത്തിയത്.
ഇംഗ്‌ളണ്ടിനെതിരെ തുടർച്ചയായി മൂന്ന് സെഞ്ച്വറികൾ നേടുന്ന നാലാമത്തെ താരമാണ് ഗിൽ. ഈ പരമ്പരയിലെ രണ്ട് ടെസ്റ്റുകളിലും 2024ലെ ധർമ്മശാല ടെസ്റ്റിലുമാണ് സെഞ്ച്വറി നേടിയത്. മുഹമ്മദ് അസ്ഹറുദ്ദീൻ,ദിലിപ് വെംഗ്‌സാർക്കർ, രാഹുൽ ദ്രാവിഡ് എന്നിവരാണ് ഇതിനുമുമ്പ് ഇംഗ്‌ളണ്ടിനെതിരെ തുടർച്ചയായി മൂന്ന് സെഞ്ച്വറികൾ നേടിയത്.
വിജയ് ഹസാരേയ്ക്കും അസ്ഹറുദ്ദീനും ശേഷം ഇംഗ്‌ളീഷ് മണ്ണിൽ തുടർച്ചയായി സെഞ്ച്വറി നേടുന്ന ഇന്ത്യൻ ക്യാപ്ടനാണ് ശുഭ്മാൻ ഗിൽ.
വിരാടിനും ഗാവസ്‌കറിനും ശേഷം നായകനായി ആദ്യ രണ്ട് ടെസ്റ്റുകളിലും സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരവും ഗില്ലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്