എജ്ബാസ്റ്റണ്‍: ഇതിഹാസതാരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറെയും വിരാട് കോഹ്‌ലിയെയും മറികടന്ന് ടെസ്റ്റ് ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്‍. ഇംഗ്ലണ്ടിനെതിരെ എജ്ബാസ്റ്റണില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് നേട്ടം.
തന്റെ കന്നി ഡബിള്‍ സെഞ്ച്വറി കണ്ടെത്തുമ്പോള്‍ ഗില്ലിന് 25 വയസും 298 ദിവസവും ആണ് പ്രായം. ടെസ്റ്റ് ഡബിള്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ഇപ്പോഴും ഇതിഹാസ താരം മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെ (23 വര്‍ഷവും 39 ദിവസവും) സ്വന്തമാണ്. സച്ചിനും (26 വര്‍ഷവും 189 ദിവസവും) കോഹ്‌ലിയും (27 വര്‍ഷവും 260 ദിവസവും) പട്ടികയില്‍ മൂന്നും നാലും സ്ഥാനത്താണ്.
മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി, സുനില്‍ ഗവാസ്‌കര്‍, ടെണ്ടുല്‍ക്കര്‍, എംഎസ് ധോണി, വിരാട് കോഹ്‌ലി എന്നിവര്‍ക്ക് ശേഷം ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ആറാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനുമായി ഗില്‍.
2016ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നോര്‍ത്ത് സൗണ്ടില്‍ കോഹ്‌ലി നേടിയ 200ന് ശേഷം ഒമ്പത് വര്‍ഷത്തിനിടെ ഒരു വിദേശ ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടുന്ന ആദ്യ ഇരട്ട സെഞ്ച്വറി കൂടിയാണ് ശുഭ്മാന്‍ ഗില്ലിന്റേത്. ഇംഗ്ലീഷ് മണ്ണില്‍ ഇരട്ട സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് ഗില്‍. രാഹുല്‍ ദ്രാവിഡ് (2002 ല്‍ ഓവലില്‍ ഇംഗ്ലണ്ടിനെതിരെ 202), ഗവാസ്‌കര്‍ (1979 ല്‍ ഇംഗ്ലണ്ടിനെതിരെ ഓവലില്‍ 221) എന്നിവരാണ് ഈ പട്ടികയിലുള്ളത്. ഇംഗ്ലണ്ടില്‍ ഏറ്റവുമധികം വ്യക്തിഗത സ്‌കോര്‍ നേടുന്ന ഇന്ത്യക്കാരനെന്ന റെക്കോഡും ഇനി ഗില്ലിന് സ്വന്തം.
ഇന്ത്യ കരുത്തുറ്റ നിലയില്‍
387 പന്തില്‍ 269 റണ്‍സെടുത്ത ഗില്‍, ജോഷ് ടംഗിന്റെ പന്തില്‍ ഒലി പോപ്പിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. ഗില്ലിന്റെ ഇന്നിംഗ്‌സിന്റെ പിന്‍ബലത്തില്‍ ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 587 റണ്‍സ് നേടി. രവീന്ദ്ര ജഡേജ 89 റണ്‍സും യശസ്വി ജയ്‌സ്വാള്‍ 87 റണ്‍സും നേടി. അഞ്ചാം വിക്കറ്റില്‍ ഗില്ലും ജഡേജയും ചേര്‍ന്ന് നേടിയ 203 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്ക് കരുത്തായത്. ഏഴാം വിക്കറ്റില്‍ ഗില്ലും വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്ന് 114 റണ്‍സും ചേര്‍ത്തു. 5 ന് 211 എന്ന നിലയില്‍ നിന്നാണ് ഇന്ത്യ കരുത്തുറ്റ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിലേക്ക് നീങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്