ന്യൂഡല്‍ഹി: വരുമാന സമത്വത്തില്‍ ഇന്ത്യ മുന്നില്‍. ഏറ്റവും പുതിയ ലോക ബാങ്ക് റാങ്കിങ്ങില്‍ 25.5 ജിനി സൂചികയോടെ ഇന്ത്യ നാലാം സ്ഥാനം നേടി. വരുമാന സമത്വത്തില്‍ സ്ലോവാക് റിപ്പബ്ലിക്, സ്ലോവേനിയ, ബെലാറസ് എന്നീ രാജ്യങ്ങള്‍ക്ക് പിന്നില്‍ മാത്രമാണ് ഇന്ത്യ.
ലോക ബാങ്കിന്റെ കണക്കുകള്‍ പ്രകാരം, ഇന്ത്യയുടെ ജിനി സ്‌കോര്‍ ഇപ്പോള്‍ ചൈന (35.7), യുഎസ്(41.8), എല്ലാ ജി7, ജി20 രാജ്യങ്ങള്‍ ഉള്‍പ്പെടെ മിക്ക വികസിത രാജ്യങ്ങളേക്കാളും മുന്നിലാണ്.
സാമ്പത്തിക പുരോഗതി ജനസംഖ്യയിലുടനീളം തുല്യമായി പങ്കിടുന്നത് എങ്ങനെയെന്ന് ഇത് പ്രതിഫലിപ്പിക്കുന്നുവന്ന് സാമൂഹ്യക്ഷേമ മന്ത്രാലയം വ്യക്തമാക്കി. ദാരിദ്ര്യം കുറയ്ക്കുന്നതിനും സാമ്പത്തിക പ്രവേശനക്ഷമത വിപുലീകരിക്കുന്നതിനും ഏറ്റവും ആവശ്യമുള്ളവര്‍ക്ക് നേരിട്ട് ക്ഷേമ സഹായം നല്‍കുന്നതിനുമുള്ള ശ്രദ്ധയാണ് വിജയത്തിന് പിന്നിലെന്നും സാമൂഹ്യക്ഷേമ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
വരുമാന സമത്വം കൈവരിക്കുന്നതില്‍ രാജ്യത്തിന്റെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലെ മുന്നേറ്റം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 2011-നും 2023-നും ഇടയില്‍ 17.1 കോടി ഇന്ത്യക്കാര്‍ അതിദാരിദ്ര്യത്തില്‍നിന്ന് കരകയറി. ഈ കാലയളവില്‍ ദാരിദ്ര്യനിരക്ക് കുത്തനെ കുറഞ്ഞു. പ്രതിദിനം 2.15 ഡോളര്‍ എന്ന ആഗോള ദാരിദ്ര്യ പരിധി അടിസ്ഥാനമാക്കി, 16.2 ശതമാനത്തില്‍നിന്ന് വെറും 2.3 ശതമാനമായി കുറഞ്ഞു.
സര്‍ക്കാര്‍ സംരംഭങ്ങള്‍ ഈ പരിവര്‍ത്തനത്തിന് അടിത്തറ പാകിയെന്ന് റിപ്പോര്‍ട്ട് എടുത്തു പറയുന്നു. പ്രധാനമന്ത്രി ജന്‍ ധന്‍ യോജന പോലുള്ള പദ്ധതികള്‍ 55 കോടിയിലധികം ബാങ്ക് അക്കൗണ്ടുകളോടെ പൊതുജനങ്ങളുടെ സാമ്പത്തിക ഉള്‍ക്കൊള്ളല്‍ വിപുലീകരിച്ചു. 142 കോടിയിലധികം ആളുകള്‍ക്ക് ആധാര്‍ ഉണ്ട്. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫറുകളിലൂടെ ക്ഷേമസഹായ വിതരണം കാര്യക്ഷമമാക്കി, ഇതിലൂടെ 2023 മാര്‍ച്ചോടെ 3.48 ലക്ഷം കോടി രൂപ ലാഭം ഉണ്ടാക്കാന്‍ സാധിച്ചു. കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നല്‍കുന്നതും 41 കോടിയിലധികം പേര്‍ ഉള്‍ക്കൊള്ളുന്ന ആയുഷ്മാന്‍ ഭാരത് വഴിയും ആരോഗ്യ സമത്വം മെച്ചപ്പെടുത്തി. ഭക്ഷ്യ സുരക്ഷാ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന 80 കോടിയിലധികം പൗരന്മാര്‍ക്ക് പ്രയോജനം ചെയ്തുവെന്നും ലോകബാങ്ക് റിപ്പോര്‍ട്ട് എടുത്തു പറയുന്നു.
വരുമാന വിതരണത്തിന്റെ തോത് അളക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന സൂചികയാണ് ജിനി. പൂജ്യം എന്ന സ്‌കോര്‍ പൂര്‍ണ്ണ സമത്വത്തെയും 100 എന്ന സ്‌കോര്‍ പരമാവധി അസമത്വത്തെയും സൂചിപ്പിക്കുന്നു. ഇന്ത്യയുടെ നിലവിലെ സ്‌കോര്‍(25.5) ഗണ്യമായ പുരോഗതിയാണ് അടയാളപ്പെടുത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്