ഭോപ്പാല്‍: എനിമി പ്രോപ്പര്‍ട്ടി കേസില്‍ ബോളിവുഡ് നടനും പട്ടൗഡി രാജകുടുംബത്തിലെ പിന്‍മുറക്കാരനുമായ സെയ്ഫ് അലിഖാന് തിരിച്ചടി. 15,000 കോടി രൂപ മൂല്യമുള്ള പൂര്‍വ്വിക സ്വത്തുക്കള്‍ 'എനിമി പ്രോപ്പര്‍ട്ടി' ആയി പരിഗണിക്കാനുള്ള മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് നടന്‍ സമര്‍പ്പിച്ച ഹര്‍ജി മധ്യപ്രദേശ് ഹൈക്കോടതി തള്ളി. സെയ്ഫ് അലി ഖാന്‍, സഹോദരിമാരായ സോഹ, സബ, അമ്മ ഷര്‍മിള ടാഗോര്‍ എന്നിവരെ പൂര്‍വിക സ്വത്തുക്കളുടെ പിന്‍ഗാമികളായി കണക്കാക്കിയ 2000ലെ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
സ്വത്ത് പിന്തുടര്‍ച്ചാവകാശ തര്‍ക്കത്തില്‍ വീണ്ടും വാദം കേള്‍ക്കാനും ഒരു വര്‍ഷത്തേക്ക് സമയപരിധി നിശ്ചയിക്കാനും വിചാരണക്കോടതിയോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 1947ലെ വിഭജനത്തിനുശേഷം പാക്കിസ്ഥാനിലേക്ക് കുടിയേറിയ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ക്ക് 1968ലെ എനിമി പ്രോപ്പര്‍ട്ടി ആക്ട് പ്രകാരം സര്‍ക്കാരിന് അവകാശവാദം ഉന്നയിക്കാം.
പട്ടൗഡി കുടുംബം ഭോപ്പാലിലെയും റെയ്‌സണിലെയും തങ്ങളുടെ ഭൂമിയിലാണ് അവകാശവാദമുന്നയിച്ചത്. അതില്‍ കൊഹിഫിസയുടെ ഫഌഗ് ഹൗസ്, അഹമ്മദാബാദ് കൊട്ടാരം, കോതി, റെയ്‌സണിലെ ചിക്‌ലോഡില്‍ സ്ഥിതി ചെയ്യുന്ന വനം എന്നിവ ഉള്‍പ്പെടുന്നു. നൂര്‍ഇസബ, ഫഌഗ് ഹൗസ്, ദാര്‍ഉസ്‌സലാം, ഫോര്‍ ക്വാര്‍ട്ടേഴ്‌സ്, ന്യൂ ക്വാര്‍ട്ടേഴ്‌സ്, ഫര്‍സ് ഖാന, കൊഹിഫിസ, അഹമ്മദാബാദ് പാലസ് തുടങ്ങിയ സ്വത്തുക്കള്‍ തങ്ങളുടേതാണെന്ന് അവര്‍ പറഞ്ഞു.
1947ല്‍ നാട്ടുരാജ്യമായിരുന്ന ഭോപ്പാല്‍ ഭരിച്ചിരുന്നത് പട്ടൗഡി കുടുംബമായിരുന്നു. അവസാന നവാബ് ഹമീദുള്ള ഖാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെ മാതൃപിതാമഹനായിരുന്നു. നവാബ് ഹമീദുള്ള ഖാന് മൂന്ന് പെണ്‍മക്കളുണ്ടായിരുന്നു. മൂത്തവളായ ആബിദ സുല്‍ത്താന്‍ 1950ല്‍ പാകിസ്ഥാനിലേക്ക് കുടിയേറി. അദ്ദേഹത്തിന്റെ രണ്ടാമത്തെ മകള്‍ സാജിദ സുല്‍ത്താന്‍ ഇന്ത്യയില്‍ തന്നെ തുടരുകയും സെയ്ഫ് അലി ഖാന്റെ മുത്തച്ഛനായ നവാബ് ഇഫ്തിഖര്‍ അലി ഖാന്‍ പട്ടൗഡിയെ വിവാഹം കഴിക്കുകയും സ്വത്തുക്കളുടെ നിയമപരമായ അവകാശിയായി മാറുകയും ചെയ്തു.
2015ല്‍, മുംബൈ ആസ്ഥാനമായുള്ള എനിമി പ്രോപ്പര്‍ട്ടി കസ്‌റ്റോഡിയന്‍ ഓഫീസ് ഭോപ്പാലിലെ നവാബിന്റെ സ്വത്തിനെ സര്‍ക്കാര്‍ സ്വത്തായി പ്രഖ്യാപിച്ചു. ഇതിനെ ചോദ്യം ചെയ്ത് പട്ടൗഡി കുടുംബം കോടതിയിലെത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്